Home » » ജയലളിതയുടെ വിശ്വസ്‌തനും അടുത്ത അനുയായിയുമായ ഒ. പനീര്‍ശെല്‍വം പുതിയ തമിഴ്‌നാട്‌ മുഖ്യമന്ത്രി.

ജയലളിതയുടെ വിശ്വസ്‌തനും അടുത്ത അനുയായിയുമായ ഒ. പനീര്‍ശെല്‍വം പുതിയ തമിഴ്‌നാട്‌ മുഖ്യമന്ത്രി.

Written By Unknown on Sunday, 28 September 2014 | 17:33

ചെൈന്ന: ജയലളിതയുടെ വിശ്വസ്‌തനും അടുത്ത അനുയായിയുമായ ഒ. പനീര്‍ശെല്‍വം പുതിയ തമിഴ്‌നാട്‌ മുഖ്യമന്ത്രിയാകും. ഇന്നലെ ഉച്ചകഴിഞ്ഞു ചെന്നൈയില്‍ ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ. നിയമസഭാ കക്ഷിയോഗത്തില്‍ പനീര്‍ശെല്‍വത്തെ പുതിയ നേതാവായി ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലിലായ ജയലളിതയുടെ താല്‍പര്യവും തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു.

യോഗശേഷം വൈകിട്ടോടെ പനീര്‍ശെല്‍വം ഗവര്‍ണര്‍ കെ. റോസയ്യയെ സന്ദര്‍ശിച്ചു പാര്‍ട്ടി തീരുമാനം അറിയിച്ചു. ഭവനമന്ത്രി ആര്‍. വൈത്തിലിംഗം, വൈദ്യുതിമന്ത്രി നാഥം വിശ്വനാഥന്‍, ഹൈവേമന്ത്രി ഇടപ്പാടി പളനിസ്വാമി എന്നിവരും പനീര്‍ശെല്‍വത്തിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന്‌ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ പനീര്‍ശെല്‍വത്തെ ക്ഷണിച്ചു. പുതിയ മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം ഇന്നു സത്യപ്രതിജ്‌ഞ ചെയ്യുമെന്നാണു സൂചന.

തേനി ജില്ലയിലെ ബോഡിനായ്‌ക്കന്നൂര്‍ മണ്ഡലത്തില്‍നിന്നാണ്‌ അറുപത്തിമൂന്നുകാരനായ പനീര്‍ശെല്‍വം ഇത്തവണ നിയമസഭയിലെത്തിയത്‌. നിലവില്‍ ധനമന്ത്രിയായ പനീര്‍ശെല്‍വം ഇതു രണ്ടാം തവണയാണ്‌ ജയലളിതയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രിപദത്തിലെത്തുന്നത്‌. 2001ല്‍ താന്‍സി ഭൂമി ഇടപാടുകേസില്‍ ജയലളിത രാജിവച്ച ഒഴിവില്‍ അതേവര്‍ഷം സെപ്‌റ്റംബറിലാണ്‌ പനീര്‍ശെല്‍വം ആദ്യമായി മുഖ്യമന്ത്രി സ്‌ഥാനത്ത്‌ എത്തിയത്‌. ആറുമാസത്തെ ഇടവേളയ്‌ക്കുശേഷം ജയലളിത മടങ്ങിയെത്തിയപ്പോള്‍ സ്‌ഥാനമൊഴിഞ്ഞു വിധേയത്വം ഊട്ടിയുറപ്പിക്കുകയും ചെയ്‌തു. 2001 ലെ ജയലളിത മന്ത്രിസഭയില്‍ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന പനീര്‍ശെല്‍വം 2006-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതിപക്ഷത്തായപ്പോള്‍ രണ്ടാഴ്‌ചയോളം പ്രതിപക്ഷനേതൃസ്‌ഥാനവും വഹിച്ചിട്ടുണ്ട്‌.

ഇന്നലെ നടന്ന നിയമസഭാകക്ഷി യോഗത്തില്‍ പനീര്‍ശെല്‍വത്തിന്റേതുള്‍പ്പെടെ എട്ടുപേരുകള്‍ മുഖ്യമന്ത്രി സ്‌ഥാനത്തേക്കു പരിഗണിച്ചിരുന്നു. മലയാളിയും തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ഉപദേശകയുമായ ഷീലാ ബാലകൃഷ്‌ണന്റെ പേരും സജീവമായിരുന്നു. ഒടുവില്‍ പനീര്‍ ശെല്‍വത്തിനു നറുക്കു വീണു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബംഗളൂരുവിലെ പ്രത്യേക കോടതി വിധി പ്രസ്‌താവിച്ചതിനു പിന്നാലെ കോടതിവളപ്പിലുണ്ടായിരുന്ന പനീര്‍ശെല്‍വവുമായി ജയലളിത മുഖ്യമന്ത്രിപദം സംബന്ധിച്ചു തന്റെ മനോഗതം വെളിപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌. ജയിലിലേക്കു യാത്രയാകുംമുമ്പ്‌ ഇരുവരും തമ്മില്‍ ദീര്‍ഘമായ സംഭാഷണവും നടത്തിയിരുന്നു.

അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ നാലു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടതോടെയാണ്‌ മുഖ്യമന്ത്രിസ്‌ഥാനവും എം.എല്‍.എ. സ്‌ഥാനവും ജയലളിതയ്‌ക്കു നഷ്‌ടമായത്‌. ഈ സാഹചര്യത്തിലാണ്‌ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.