കാസര്‍ഗോഡ്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അസഭ്യ വര്‍ഷവുമയി സിപിഎം നേതാവ് എം.വി ജയരാജന്‍. ഉമ്മന്‍ ചാണ്ടി പരനാറിയും ജനവിരുദ്ധനും കൊള്ളരുതാത്തവനുമാണെന്ന് ജയരാജന്‍ പറഞ്ഞു. ഐക്യകേരളം രൂപംകൊണ്ട് അഞ്ജു ദശകം പിന്നിടുമ്പോള്‍ ഇടതു വലതു മുന്നണികളിലായി നിരവധി മുഖ്യമന്ത്രിമാര്‍ സംസ്ഥാനം ഭരിച്ചു. അതില്‍ ഏറ്റവും നാറിയായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ദേഷ്യപ്പെടും. അദ്ദേഹം പരനാറിയാണ്. ഈ പറഞ്ഞതിന്റെ പേരില്‍ കോടതിയലക്ഷ്യക്കേസ് കൊടുത്താന്‍ എത്രകാലം വരെ ജയിലില്‍ കിടക്കാനും തയ്യാറാണ്. ഉമ്മന്‍ ചാണ്ടിയെ പോലെ ജനവിരുദ്ധനും കൊള്ളരുതാത്തവനുമായ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഒരുകാലത്ത് ഏറ്റവുമധികം വിമര്‍ശിക്കപ്പെടുകയും പരിഹസിക്കുകയും ചെയ്ത കരിങ്കാലി കരുണാകരനുപോലും മാന്യതയുണ്ടായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു. ഉദുമയില്‍ എം.വി ബാലകൃഷ്ണന്‍ അനുസ്മരണ വേദിയിലാണ് ജയരാജന്‍ മുഖ്യമന്ത്രിയെ ആക്ഷേപിച്ചത്.
മുന്‍പ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെ പരനാറിയെന്ന വിളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
അധികാരകേന്ദ്രങ്ങളെ അധിക്ഷേപിച്ച് ജയരാജന്‍ മുന്‍പും പ്രസംഗം നടത്തിയിട്ടുണ്ട്. പൊതുനിരത്തിലെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ജഡ്ജിമാരെ ശുംഭന്മാര്‍ എന്നു വിളിച്ച നടപടി കോടതിയലക്ഷ്യ നടപടിയിലേക്ക് നീണ്ടിരുന്നു. കേസില്‍ 2011 നവംബറില്‍ ആറുമാസം തടവുശിക്ഷയും 2000 രൂപ പിഴയും ശിക്ഷിക്കപ്പെട്ട ജയരാജന്‍ ഒരാഴ്ചയോളം ജയില്‍വാസവും അനുഭവിച്ചിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ശിക്ഷ റദ്ദാക്കുകയായിരുന്നു.








