Home » » എട്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ച പിതാവിനെതിരെ അഞ്ചുമാസത്തിനുശേഷം പോലീസ് കേസെടുത്തു.

എട്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ച പിതാവിനെതിരെ അഞ്ചുമാസത്തിനുശേഷം പോലീസ് കേസെടുത്തു.

Written By Unknown on Tuesday, 16 September 2014 | 18:11

മലപ്പുറം: എട്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെ തിളച്ച എണ്ണയൊഴിച്ച് ദേഹമാസകലം പൊള്ളലേല്‍പ്പിച്ച പിതാവിനെതിരെ അഞ്ചുമാസത്തിനുശേഷം പോലീസ് കേസെടുത്തു. കരിപ്പൂരിനടുത്ത് കുമ്മിണിപ്പറമ്പില്‍ വാടകവീട്ടില്‍ താമസിക്കുന്ന ഹക്കീമിനെതിരെയാണ് കേസെടുത്തത്. മകള്‍ റോഷ്‌നയ്ക്കാണ് പൊള്ളലേറ്റത്. 

അഞ്ചുമാസം മുന്പുണ്ടായ സംഭവത്തില്‍ മാരകമായി പൊള്ളലേറ്റ കുട്ടിയെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിലാണ് പ്രവേശിപ്പിച്ചത്. ദിവസങ്ങള്‍ക്കകം വിടുതല്‍വാങ്ങി വീട്ടിലേക്ക് കൊണ്ടുപോയി. ചികിത്സനല്‍കാതെ രണ്ടു മാസത്തോളം ഇവിടെ കഴിഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി. അബദ്ധത്തില്‍ പൊള്ളിയതാണെന്നായിരുന്നു ഹക്കീം ഇവരോട് പറഞ്ഞത്. പിതാവാണ് പൊള്ളിച്ചതെന്ന് കുട്ടി മൊഴിനല്‍കാത്തതിനാല്‍ കേസെടുക്കാന്‍ ചൈല്‍ഡ് ലൈന്‍ ശുപാര്‍ശചെയ്തില്ല. കുട്ടിയുടെ ഉമ്മയുടെ ബന്ധുക്കളാണ് പിന്നീട് ചികിത്സ നടത്തിയത്. 

കോഴിക്കോട് സഹകരണ ആസ്പത്രിയില്‍ ഒരുമാസത്തെ ചികിത്സയ്ക്കുശേഷം കഴിഞ്ഞദിവസം പൊന്നാനി പുറങ്ങിലെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇടതു കവിളിലും നെഞ്ചിലും വയറിലുമാണ് പൊള്ളലേറ്റത്. തുടയിലെ മാംസമെടുത്താണ് കുട്ടിയുടെ നെഞ്ചില്‍ തുന്നിച്ചേര്‍ത്തത്. രണ്ടരലക്ഷം രൂപയോളം ഇതുവരെ ആസ്പത്രിയില്‍ ചെലവായി. കുട്ടിയുടെ ചികിത്സാകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. 
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുമ്പടപ്പ് പൊലീസ് പ്രാഥമികാന്വേഷണം നടത്തി കേസെടുത്തിട്ടുണ്ട്.  പിതാവ് ഹക്കീമിനെതിരെ കൊലപാതകശ്രമത്തിനും ജുവനൈല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഭാര്യ സീനത്തും പ്രതിയാണ്. വിവരം കൈമാറാത്തതിനാണ് ഇവര്‍ക്കെതിരെ കേസ്.സംഭവം നടന്നത് കരിപ്പൂര്‍ പോലീസ്സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേക്ക് മാറ്റി. എന്നാല്‍ രണ്ടുപേരെയും കണ്ടെത്താനായില്ല. ഇവര്‍ താമസിച്ചിരുന്ന വാടകവീട് പൂട്ടിയനിലയിലാണ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.