മലപ്പുറം; സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം
അനധികൃത പ്രാദേശിക മദ്യ വില്‍പ്പനക്കാര്‍ക്ക് തുണയാകുന്നു. സംസ്ഥാനത്ത്
മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി നാനൂറ്റി പതിനെട്ട് ബാറുകള്‍
പൂട്ടുകയും, ബീവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിത്തുടങ്ങുകയും
ചെയ്‌തതോടെയാണ് അനധികൃത പ്രാദേശിക മദ്യവില്‍പ്പന വ്യാപകമായത്.
മദ്യത്തിന്റെ വില മുപ്പത് ശതമാനം വര്‍ധിപ്പിക്കുകൂടി ചെയ്‌തപ്പോള്‍
അനധികൃത വില്‍പ്പനക്കാര്‍ക്ക് ചാകരയായി. മലയോരമേഖലയിലെ ഓരോ കവലകളിലും
എട്ടും പത്തും മദ്യവില്‍പ്പനക്കാരാണ് ഉദയം കൊണ്ടത്. ബീവറേജ്
ഔട്ട്‌ലെറ്റുകളിലെ വന്‍തിരക്കും, ബാറുകള്‍ കിലോമീറ്ററുകള്‍ അകലെയായതും
ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയായി. ഈ സാഹചര്യം മുതലെടുത്താണ്
അനധികൃത വില്‍പ്പനക്കാര്‍ രംഗത്തെത്തിയത്. വിലകുറഞ്ഞ വിദേശമദ്യം വനതോതില്‍
ഔട്ട്‌ലെറ്റുകളില്‍ നിന്നും വാങ്ങി വന്‍ വിലക്കാണ് ഇവര്‍ വില്‍പ്പന
നടത്തുന്നത്. ഇരുനൂറ് രൂപ വിലയുള്ള റമ്മിന് മുന്നൂറ്റിയന്‍പതും,
ഇരൂനൂറ്റി നാല്‍പ്പത് രൂപ വിലയുള്ള ബ്രാണ്ടിക്ക് നാനൂറും,
ഇരൂനൂറ്റിഎഴുപത് വിലയുള്ള ബ്രാണ്ടിക്ക് നാനൂറ്റിയന്‍പതും, അഞ്ഞൂറുമാണ്
അനധികൃത വില്‍പ്പനക്കാര്‍ ഈടാക്കുന്നത്. ചിലയിടങ്ങളില്‍ രേഖപ്പെടുത്തിയ
വിലയേക്കാള്‍ നൂറ് രൂപ കൂട്ടിയാണ് വില്‍പ്പന. ഡ്രൈ ഡേ ആയ ഞായറാഴ്‌ചകളില്‍
മദ്യം തോന്നിയ വിലക്കാണ് ഇക്കൂട്ടര്‍ വില്‍പ്പന നടത്തുന്നത്.
ആയിരക്കണക്കിന് രൂപ ഈ വിധത്തില്‍ ലാഭമുണ്ടാക്കുന്നവര്‍ മലയോരമേഖലയില്‍
നിരവധിയാണ്. ബീവറേജ് ഔട്ട് ലെറ്റിലെ ജീവനക്കാര്‍ അനധികൃത
വില്‍പ്പനക്കാരില്‍ നിന്നും അധിക തുക ഈടാക്കുന്നതും പതിവാണ്. അഞ്ഞൂറ്
മില്ലി മദ്യത്തിന് പത്ത് രൂപ വീതം അധികമായി ജീവനക്കാര്‍ വാങ്ങുന്നുണ്ട്.
ജീവനക്കാരുടെ മൊബൈല്‍ നമ്പരുകളില്‍ വിളിച്ചുപറഞ്ഞാല്‍ ആവശ്യമായ മദ്യം
ചാക്കുകളിലാക്കി തയ്യാറാക്കി വക്കും. ക്യൂ പോലും നില്‍ക്കേണ്ട സാഹചര്യം
ഇവര്‍ക്കില്ല. ഫോണ്‍ വിളിച്ചാല്‍ വില്‍പ്പന കേന്ദ്രങ്ങളിലേക്ക്
ഓട്ടോകളില്‍ മദ്യം എത്തിച്ചുകൊടുക്കുന്ന ജീവനക്കാര്‍പോലുമുണ്ട്. നിലവാരം
കുറഞ്ഞ മദ്യം മാത്രമാണ് ഇപ്പോള്‍ ബീവറേജ് ഔട്ട്‌ലെറ്റുകളില്‍ കൂടുതലായും
വില്‍പ്പന നടത്തുന്നത്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മദ്യത്തിന് പകരം
വിലകുറഞ്ഞതും കമ്മീഷന്‍ കൂടുതല്‍ കിട്ടുന്നതുമായ മദ്യമാണ് ജീവനക്കാര്‍
നല്‍കുന്നത്. അതിര്‍ത്തി സംസ്ഥാനമായ തമിഴ്‌നാട്ടില്‍ മദ്യത്തിന് വില
കുറവായതിനാല്‍ നാടുകാണിച്ചുരംവഴി മദ്യക്കടത്തും വ്യാപകമായിട്ടുണ്ട്.
പ്രതേ്യകിച്ച് ഞായറാഴ്‌ചകളിലും, അവധി ദിവസങ്ങളിലും നാടുകാണി, ഗൂഡല്ലൂര്‍
എന്നിവിടങ്ങളില്‍ മദ്യപിക്കാനെത്തുന്ന മലയാളികളുടെ തിരക്ക്
വളരെക്കൂടുതലാണ്. മദ്യം കഴിച്ചതിന് ശേഷം ആവശ്യത്തിന്
വാങ്ങിക്കൊണ്ടുവരികയും ചെയ്യും. നിലമ്പൂര്‍, വണ്ടൂര്‍ മേഖലകളില്‍ മൂന്ന്
ബീവറേജ് ഔട്ട്‌ലെറ്റുകളും നാല് ബാറുകളുമാണ് ഉണ്ടായിരുന്നത്. ഇവയില്‍
നിലവാരമില്ലാത്തതിന്റെ പേരില്‍ എടക്കരയിലേയും നിലമ്പൂരിലേയും ഓരോ ബാറുകള്‍
മാസങ്ങള്‍ക്ക് മുന്‍പ് അടച്ചുപൂട്ടി. അടുത്തിടെ വണ്ടൂരിലെ ഔട്ട്‌ലെറ്റും
പൂട്ടി. ഇതോടെ നിലവിലുള്ള സ്ഥാപനങ്ങളില്‍ മദ്യപരുടെ തിരക്ക് രൂക്ഷമായി.
ബീവറേജ് ഔട്ട് ലെറ്റുകളില്‍ അടിപിടിയും വാക്കേറ്റങ്ങളും നിത്യസംഭവങ്ങളായി
മാറിയിട്ടുണ്ട്. മിക്കയിടങ്ങളിലും പോലീസാണ് വില്‍പ്പന
നിയന്ത്രിക്കുന്നത്. ഇവയ്‌ക്കെല്ലാം പുറമെ നാടന്‍ വാറ്റുകേന്ദ്രങ്ങളും
മേഖലയില്‍ സജീവമായിട്ടുണ്ട്. എന്നാല്‍ അനധികൃത മദ്യവില്‍പ്പനക്കെതിരെ
നടപടി സ്വീകരിക്കാന്‍ പോലീസോ, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റോ
തയ്യാറാകുന്നില്ല.
കടപ്പാട് ;എടക്കര ന്യൂസ്







