കൊച്ചി: എക്‌സൈസ് മന്ത്രിയുടെ മണ്ഡലത്തിലെ പഞ്ചനക്ഷത്രഹോട്ടലായ ക്രൗണ്‍ പ്ലാസയ്‌ക്ക് മരട് നഗരസഭ ബാര്‍ അനുമതി നിഷേധിച്ചതോടെയാണ് അണിയറനീക്കം പുറത്തു വന്നത്. നിലവില്‍ മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ അപേക്ഷ മാത്രമാണ് ബാര്‍ ലൈസന്‍സിനായി ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലുളളത്. ഫൈവ് സ്‌റ്റാര്‍ മുതലുളള ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് നിജപ്പെടുത്തിയതോടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ബാര്‍ തുറക്കണമെങ്കില്‍ തദ്ദേശസ്‌ഥാപനത്തിന്റെ അനുമതി വേണമെന്നായിരുന്നു നിയമം.
നിയമഭേദഗതിക്കുളള നീക്കത്തിനെതിരേ കോണ്‍ഗ്രസ് ഭരിക്കുന്ന മരട് നഗരസഭയും രംഗത്തെത്തി. ഫൈവ് സ്‌റ്റാര്‍ ഡീലക്‌സ് വിഭാഗത്തില്‍പ്പെട്ട ഹോട്ടലിന് കോണ്‍ഗ്രസ് ഭരിക്കുന്ന മരട് നഗരസഭ നാളിതുവരെ ബാര്‍ തുറക്കാന്‍ അനുമതി നല്‍കിയില്ല. ജനസാന്ദ്രതയേറിയ പ്രദേശമായതുകൊണ്ടും മദ്യവിഷയത്തില്‍ പാര്‍ട്ടി നയം വ്യക്‌തമായതുകൊണ്ടുമാണ് അനുമതി നല്‍കാതിരുന്നതെന്നാണ് മരട് നഗരസഭയുടെ വിശദീകരണം. ഒടുവില്‍ ഈ നീക്കത്തിന് തടയിടാനാണ് നിയമഭേദഗതിയിലൂടെ തദ്ദേശ സ്‌ഥാപനത്തിന്റെ അവകാശം എടുത്തുകളയുന്നതെന്നാണ് സൂചന. കുമ്പളത്തെ മറ്റൊരു ത്രീസ്‌റ്റാര്‍ ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് അടുത്തിടെ ഫൈവ് സ്‌റ്റാറാക്കായിരുന്നു. ഇതടക്കം 21 പഞ്ചനക്ഷത്ര ബാറുകളാണ് ഇപ്പോള്‍ സംസ്‌ഥാനത്തുള്ളത്. എക്‌സൈസ് വകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് മന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട് അതേ പാര്‍ട്ടിയിലെ തന്നെ നഗരസഭാസാരഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.








