Home » » മനോഹര്‍ലാല്‍ ഖട്ടാറുടെ നേതൃത്വത്തില്‍ ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു.

മനോഹര്‍ലാല്‍ ഖട്ടാറുടെ നേതൃത്വത്തില്‍ ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു.

Written By Unknown on Sunday, 26 October 2014 | 01:39

ചണ്ഡിഗഡ്: മനോഹര്‍ലാല്‍ ഖട്ടാറുടെ നേതൃത്വത്തില്‍ ഹരിയാനയില്‍ പ്രഥമ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ള വിശിഷ്ട നേതാക്കളുടെയും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറാണ് ആദ്യം സത്യവാചകം ചൊല്ലിയത്. ദൈവനാമത്തിലായിരുന്നു പ്രതിജ്ഞ. തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാംവിലാസ് ശര്‍മ്മ, ക്യാപ്റ്റന്‍ അഭിമന്യൂ, ഒ.പി ധന്‍കര്‍ തുടങ്ങിയ നേതാക്കളും സത്യവാചകം ചൊല്ലി അധികാരമേറ്റു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, എല്‍.കെ അദ്വാനി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

തൗ ദേവി ലാല്‍ സ്‌റ്റേഡിയമാണ് ആദ്യം വേദിയായി നിശ്ചയിച്ചിരുന്നത്. പിന്നീട് പഞ്ചകുളയിലെ എച്ച്‌യുഡിഎ ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു. കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയത്. ചീഫ് സെക്രട്ടറി, ഡിജിപി, പഞ്ചകുല ഡിസിപി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങിന് സുരക്ഷ ഒരുക്കിയത്. മൂവായിരത്തോളം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നു.

ഹരിയാനയിലെ 90 അംഗ നിയമസഭയില്‍ 47 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 19 സീറ്റുകള്‍ നേടി മുഖ്യപ്രതിപക്ഷമായി. പത്തുവര്‍ഷമായി അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് 15 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ശിരോമണി അകാലിദളിന് ഒന്നും ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസിന് രണ്ടും ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് ഒന്നും സ്വതന്ത്രര്‍ക്ക് അഞ്ചു സീറ്റുകളും ലഭിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.