തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനകാര്യത്തില്‍ ഗവര്‍ണര്‍ പി. സദാശിവം വീണ്ടും സംസ്‌ഥാനസര്‍ക്കാരിനെ വെട്ടിത്തിരുത്തി. സര്‍ക്കാര്‍ നിര്‍ദേശിച്ചയാളെ അവഗണിച്ച്, ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലറായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ശിശുവികസനകേന്ദ്രം ഡയറക്‌ടര്‍ ഡോ. എം.കെ.സി. നായരെ നിയമിച്ചു. നേരത്തേ, കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) വി.സിയെ നിയമിച്ചപ്പോഴും സര്‍ക്കാര്‍ നിര്‍ദേശിച്ചയാളെ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നില്ല. നികുതിവര്‍ധന സംബന്ധിച്ച ഓര്‍ഡിനന്‍സ് ഒപ്പവയ്‌ക്കുന്നതിനു മുമ്പ് സര്‍ക്കാരിനോടു വിശദീകരണമാവശ്യപ്പെട്ടും ഗവര്‍ണര്‍ സദാശിവം ഭരണനിര്‍വഹണത്തില്‍ ശക്‌തമായ ഇടപെടല്‍ നടത്തിയിരുന്നു.
സെര്‍ച്ച് കമ്മിറ്റിയുടെ പട്ടികയിലെ സര്‍ക്കാര്‍ നോമിനിയെ അവഗണിച്ചാണ് എം.കെ.സി. നായരെ ആരോഗ്യസര്‍വകലാശാല വി.സിയായി നിയമിച്ചത്. വി.സി. സ്‌ഥാനത്തേക്ക് അഞ്ചുപേരുടെ പട്ടികയാണു സെര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചത്. ഇതില്‍ സര്‍ക്കാരിന്റെ നോമിനി പി.എസ്.സി. മുന്‍ അംഗവും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഉപാധ്യക്ഷനും ആക്‌ടിംഗ് ചെയര്‍മാനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലുമായഡോ. കേശവന്‍കുട്ടിനായരായിരുന്നു. കൊച്ചി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പ്രവീണ്‍ലാല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗത്തിലെ ഡോ. ഡാലസ്, ഡല്‍ഹി എയിംസിലെ ഒരു ഡോക്‌ടര്‍ എന്നിവരും പട്ടികയിലുണ്ടായിരുന്നു.
ഡോ. കേശവന്‍കുട്ടിനായര്‍ പി.എസ്.സി. അംഗമായിരുന്നതിനാല്‍, ഭരണഘടനപ്രകാരം, തുടര്‍ന്നു ശമ്പളം വാങ്ങുന്ന പദവികള്‍ വഹിക്കാനാവില്ല. സര്‍വകലാശാല പി.എസ്.സിക്കു താഴെയുള്ള സ്‌ഥാപനമാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടതായി സൂചനയുണ്ട്. വിജിലന്‍സ് അന്വേഷണം നേരിടുന്നവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലുള്ള അതൃപ്‌തി ആരോഗ്യവകുപ്പ് സെക്രട്ടറിയെ അദ്ദേഹം അറിയിച്ചിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രം നിയമനം നടത്തിയാല്‍ മതിയെന്ന നിലപാടില്‍ ഉറച്ചുനിന്നാണു ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലയ്‌ക്കു പുതിയ മേധാവിയെ നിയമിച്ചത്.








