കോഴിക്കോട് : സംസ്‌ഥാനത്തെ പാറമടകളെ നിയന്ത്രിക്കാന്‍ മൈനര്‍ മിനറല്‍ കണ്‍സഷന്‍ നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം വന്‍കിട ക്വാറി ലോബികളെ സഹായിക്കാനെന്ന് ആരോപണം. പാറമടകളില്‍നിന്നു കോടികള്‍ കൊയ്യാനുള്ള വെടിമരുന്നാണ് സര്‍ക്കാര്‍ ഇതിലൂടെ ഇവര്‍ക്കു നല്‍കുന്നത്. മൂവായിരത്തിനുടത്തു പാറമടകളാണു കണക്കുപ്രകാരം സംസ്‌ഥാനത്തു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും താല്‍ക്കാലിക ലൈസന്‍സുള്ള ചെറുകിട പാറമടക്കാരാണ്. ഒരേക്കറില്‍ താഴെ ഭൂമിയില്‍ മട നടത്തുന്നവരെയാണ് ചെറുകിട പാറമടക്കാരുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ളത് വന്‍ ക്വാറി ലോബികളാണ്.
നിലവിലെ നിയമപ്രകാരം സംസ്‌ഥാനത്ത് ഒരു പാറമട പ്രവര്‍ത്തിക്കണമെങ്കില്‍ മൈനിംഗ് ആന്‍ഡ് ജിയോളജി, എക്‌സ്‌പ്ലോസീവ് ലൈസന്‍സ്, സ്‌ഫോടന വസ്‌തു കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സ്, പഞ്ചായത്തിന്റെ അനുമതി എന്നിവ മതി. മൂന്നുവര്‍ഷത്തിനുള്ളില്‍ ഇതിന്റെ മറവില്‍ നിരവധി പാറമടകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇവരില്‍ പലരും രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ ലൈസന്‍സ് നേടിയതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെയാണ് പാറമടകളെ നിയന്ത്രിക്കുന്നതിനായി 1967-ല്‍ നിലവില്‍ വന്ന കേരളാ മിനറല്‍ കണ്‍സഷന്‍സ് നിയമം പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ചെറുകിട ക്വാറികള്‍ പൂട്ടിക്കൊണ്ട് വന്‍കിടക്കാര്‍ക്ക് ലാഭം കൊയ്യാന്‍ ഉതകുന്ന വിധത്തിലുള്ള ഭേദഗതികളാണ് നിയമത്തില്‍ വരുത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം.
പുതിയ ഭേദഗതി പ്രകാരം പാറമടകളുടെ ദൂരപരിധി 100 മീറ്ററാക്കും. ഒപ്പം എല്ലാ പാറമടകള്‍ക്കും പാരിസ്‌ഥിതിക അനുമതി നിര്‍ബന്ധമാക്കും. മുമ്പ് 12 സെന്റ് മുതല്‍ ഒരേക്കര്‍ വരെയുള്ള ചെറുകിട പെര്‍മിറ്റുള്ള പാറമടകള്‍ക്ക് ദൂരപരിധി 50 മീറ്ററായിരുന്നു. ഒപ്പം പാരിസ്‌ഥിതിക അനുമതി നിര്‍ബന്ധമായിരുന്നില്ല. നിയമ ഭേദഗതി നടപ്പാകുന്നതോടെ ഇവയില്ലാത്ത 2000 ചെറുകിട പാറമടകള്‍ പൂട്ടേണ്ടിവരും. ഇതു വന്‍കിട ക്വാറി ലോബിക്ക് സഹായകമാകുകയും ചെയ്യും. വന്‍കിട ഖനനങ്ങള്‍ മൂലം പരിസ്‌ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങള്‍ തടയുന്നതിനാണ് പരിസ്‌ഥിതി അനുമതി വേണമെന്ന് നിര്‍ദേശിച്ചത്. അഞ്ച് ഹെക്‌ടറില്‍ താഴെയുള്ള ഖനനങ്ങള്‍ പരിസ്‌ഥിതി ആഘാതത്തിന് കാരണമാകില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, വലിയ ഏരിയകള്‍ ചെറിയ ഏരികളാക്കി തട്ടിപ്പ് നടത്തുന്നത് തടയുന്നതിനാണ് എല്ലാവര്‍ക്കും പരിസ്‌ഥിതി അനുമതി നിര്‍ബന്ധമാക്കിയത്. വന്‍ക്വാറികള്‍ നടത്തുന്ന എല്ലാവര്‍ക്കും തന്നെ ഇതുണ്ട്. ഭേദഗതി നടപ്പാക്കുന്നതോടെ ക്വാറി മേഖലയില്‍ വന്‍കിടക്കാര്‍ മാത്രമായി തീരും. കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം ഉള്‍പ്പടെയുള്ളവ വര്‍ധിക്കുന്നതിനുള്ള സാഹചര്യം ഇതിലൂടെയുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒപ്പം ആവശ്യക്കാര്‍ കൂടുന്നതിനുസരിച്ച് അമിതമായ തോതില്‍ കരിമരുന്ന് ഉപയോഗിച്ച് സ്‌ഫോടനങ്ങള്‍ നടത്തി കരിങ്കല്ലുകള്‍ ഉല്‍പാദിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കും. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പരിസ്‌ഥിതി സ്‌നേഹികള്‍ പറയുന്നു. നേരത്തെ തന്നെ അനുമതിയുള്ളതിലധികം സ്‌ഫോടക വസ്‌തുക്കള്‍ മടകളില്‍ ഉപയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.








