തിരൂര്‍: ഒമ്പത് വയസ്സുള്ള നാലാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു. തിരൂരിനടുത്ത ആലത്തിയൂര്‍ പൂഴിക്കുന്നിലുള്ള വിദ്യാ വിലാസിനി എല്‍.പി. സ്‌കൂളിലെ അധ്യാപകന്‍ അഷ്‌റഫാണു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനിയെ സമീപിച്ച അധ്യാപകന്‍ ശാസ്‌ത്രോത്സവത്തിനുള്ള സാധനങ്ങള്‍ എടുക്കാന്‍ പോകാനുണ്ടെന്നും കൂടെ വരണമെന്നും ആവശ്യപ്പെട്ടു കുട്ടിയെ ബൈക്കില്‍ കൊണ്ടു പോവുകയായിരുന്നു.
ഗരുഡന്‍ കാവിനു സമീപത്തുള്ള അധ്യാപകന്റെ വീട്ടില്‍ എത്തിച്ച കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച ശേഷം വിവരം മറ്റാരൊടും പറയരുതെന്നും പറഞ്ഞ് സ്‌കൂളില്‍ തിരികെ എത്തിച്ചു. വീട്ടിലെത്തിയ കുട്ടി ശാരീരികാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഒമ്പതാം തരം വിദ്യാര്‍ഥിനിയായ ചേച്ചിയോട് അധ്യാപകന്‍ തന്നെ പീഢിപ്പിച്ച വിവരം പറഞ്ഞു. കുട്ടിയുടെ രക്ഷിതാക്കള്‍ പ്രധാന അധ്യാപകനു പരാതി നല്‍കിയെങ്കിലും സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയും ക്ഷുഭിതരായ നാട്ടുകാര്‍ പ്രധാന അധ്യാപകന്റെ ഓഫീസിലെത്തി ബഹളമുണ്ടാക്കുകയും ചെയ്‌തു.തുടര്‍ന്നു പ്രധാന അധ്യാപകന്‍ പോലീസില്‍ വിവരം അറിയിച്ചു.
പീഢന വിവരം പുറത്തറിയുമെന്നു മനസ്സിലാക്കിയ അധ്യാപകന്‍ സംഭവ ദിവസം രാത്രി തന്നെ അപ്രത്യക്ഷനായിരുന്നു. വനിതാ സി.പി.ഒ. സീമ വിദ്യാര്‍ഥിനിയില്‍ നിന്നും മൊഴി രേഖപ്പെടുത്തി. ബലാത്സംഗം നടന്നിട്ടില്ലെന്നു വ്യക്‌തമായിട്ടുണ്ട്. കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. പ്രതിയായ അധ്യാപകനു ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇയാളുടെ ഭാര്യ അധ്യാപികയാണ്. ഉച്ചക്ക് രണ്ടിനാണു പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.








