Home » » വിദേശബാങ്കുകളിലെ കള്ളപ്പണത്തിന്റെ പേരിലുള്ള വിവാദം സുപ്രീം കോടതി പൊളിച്ചടുക്കി.

വിദേശബാങ്കുകളിലെ കള്ളപ്പണത്തിന്റെ പേരിലുള്ള വിവാദം സുപ്രീം കോടതി പൊളിച്ചടുക്കി.

Written By Unknown on Tuesday, 28 October 2014 | 19:33

ന്യുഡല്‍ഹി: വിദേശബാങ്കുകളിലെ കള്ളപ്പണത്തിന്റെ പേരിലുള്ള കേന്ദ്രസര്‍ക്കാരിന്റെ രാഷ്‌ട്രീയ കള്ളക്കളി പൊളിച്ചടുക്കി സുപ്രീം കോടതി. വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള മുഴുവന്‍ ഇന്ത്യക്കാരുടേയും പേരുവിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഇന്നു ഹാജരാക്കാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ എച്ച്‌.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച്‌ സര്‍ക്കാരിനോടു നിര്‍ദേശിച്ചതോടെ പ്രതിപക്ഷത്തിരുന്നപ്പോള്‍ മുതല്‍ കള്ളപ്പണത്തിനെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച ബി.ജെ.പി. വെട്ടിലായി. 

കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന നിര്‍ണായക ഉത്തരവും കോടതി പുറപ്പെടുവിച്ചു. കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണോ എന്നടക്കമുള്ള രൂക്ഷമായ വിമര്‍ശനങ്ങളാണു നരേന്ദ്ര മോഡി സര്‍ക്കാരിനെതിരേ ചീഫ്‌ ജസ്‌റ്റിസും സഹ ജഡ്‌ജിമാരായ രഞ്‌ജനാ പ്രകാശ്‌ ദേശായിയും മദന്‍ ബി. ലോക്കൂറും നടത്തിയത്‌. കള്ളപ്പണനിക്ഷേപം സംബന്ധിച്ചുള്ള മുന്‍ ഉത്തരവില്‍ ഒരു തരത്തിലുള്ള മാറ്റത്തിനും സര്‍ക്കാര്‍ ശ്രമിക്കേണ്ടെന്നു ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു. തുറന്ന കോടതിയില്‍ അറ്റോര്‍ണി ജനറലിന്റെ സാന്നിധ്യത്തില്‍ നടത്തിയ മുന്‍ ഉത്തരവില്‍നിന്ന്‌ ഒരു വാക്കുപോലും മാറ്റില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

വിദേശബാങ്കുകളില്‍ അക്കൗണ്ട്‌ ഉള്ള 500 പേരുടെ പട്ടികയുണ്ടെന്നും എന്നാല്‍ ഇതു കള്ളപ്പണ നിക്ഷേപമാണോ എന്നു പ്രാഥമികാന്വേഷണശേഷമേ പറയാനാവു എന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഗ്‌ത്തകി ബോധിപ്പിച്ചെങ്കിലും കോടതി തള്ളി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യേണ്ടെന്നും കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചാല്‍ മാത്രം മതി, ബാക്കി അന്വേഷണത്തിനു തങ്ങള്‍ ഉത്തരവിട്ടുകൊള്ളാമെന്നും വ്യക്‌തമാക്കി. ശരിയായ രീതിയില്‍ വിദേശ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ഉള്ളവരുടെ പേരുകള്‍ പുറത്തുവിടുന്നത്‌ അവരുടെ സ്വകാര്യതയെ ലംഘിക്കലാണെന്ന റോഗ്‌ത്തകിയുടെ വാദവും കോടതി സ്വീകരിച്ചില്ല. അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടേണ്ടതില്ല, പ്രത്യേകാന്വേഷണ സംഘം(എസ്‌.ഐ.ടി.)നോക്കുമെന്നും കോടതി പറഞ്ഞു. സര്‍ക്കാരിനെ ഏല്‍പ്പിച്ചാല്‍ കള്ളപ്പണ കാര്യത്തില്‍ തങ്ങളുടെ ജീവിതകാലത്തു യാതൊന്നും സംഭവിക്കില്ലെന്നും ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.
എന്നാല്‍ കള്ളപ്പണക്കാരുടെ പട്ടിക പുറത്തുവിടുന്നതില്‍ സര്‍ക്കാരിന്‌ ഒളിക്കാനൊന്നുമില്ലെന്നും നിര്‍ദേശം പാലിച്ചു മുഴുവന്‍ പേരുകളും കോടതിയില്‍ സമര്‍പ്പിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി വ്യക്‌തമാക്കി.

വിദേശത്തു കള്ളപ്പണ നിക്ഷേപമുള്ള ഏതാനും പേരുകള്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ നടന്ന വാദത്തിനിടെയാണ്‌ സര്‍ക്കാരിനെ വെള്ളംകുടിപ്പിക്കുന്ന കോടതി നീക്കം. പേരുകള്‍ പുറത്തുവിട്ടാല്‍ കോണ്‍ഗ്രസിനായിരിക്കും നാണക്കേട്‌ എന്ന്‌ അരുണ്‍ ജെയ്‌റ്റ്‌ലി പ്രസ്‌താവിച്ചിരുന്നു. ഇതിനുപിന്നാലെ ഏതാനും പേരുകള്‍ മാത്രം പുറത്തുവിട്ടതു രാഷ്‌ട്രീയ ലാഭത്തിനാണെന്ന ആരോപണവുമുയര്‍ന്നു. മുഴുവന്‍ പട്ടികയും പുറത്തുവിടണമെന്നു കോണ്‍ഗ്രസും നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. കള്ളപ്പണ വിഷയത്തിലെ ഹര്‍ജിക്കാരനായ മുതിര്‍ന്ന അഭിഭാഷകന്‍ റാം ജഠ്‌മലാനിതന്നെ സര്‍ക്കാര്‍ നടപടിക്കെതിരേ രംഗത്തു വന്നിരുന്നു.

അതിനിടെ, സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയ പട്ടികയിലുള്ള ടിംബ്ലോ മൈനിംഗ്‌ ഗ്രൂപ്പിന്റെ ഡയറക്‌ടര്‍ രാധാ ടിംബ്ലോ തനിക്ക്‌ അനധികൃതമായി യാതൊരു അക്കൗണ്ടും വിദേശ ബാങ്കുകളിലില്ലെന്നു വ്യക്‌തമാക്കി. താന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ സംഭാവന നല്‍കിയിട്ടുള്ളതു നിയമപരമായിട്ടാണെന്നും 2004 മുതല്‍ 2012 വരെ ബി.ജെ.പിക്ക്‌ 1.82 കോടി രൂപയും കോണ്‍ഗ്രസിന്‌ 65 ലക്ഷവും ടിംബ്ലോ ഗ്രൂപ്പ്‌ തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ സംഭാവന ചെയ്‌തുവെന്നും അവര്‍ വ്യക്‌തമാക്കി.

ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാളും ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്‌. കള്ളപ്പണ നിക്ഷേപമുണ്ടായിട്ടും സര്‍ക്കാര്‍ സംരക്ഷിക്കുന്ന 10 പേരുകള്‍ ഉള്‍പ്പെടുത്തി താന്‍ ഇന്നു സത്യവാങ്‌മൂലം നല്‍കുമെന്നാണ്‌ കെജ്‌രിവാള്‍ വ്യക്‌തമാക്കിയിരിക്കുന്നത്‌.
നിയമവിരുദ്ധ പ്രവൃത്തികളില്‍ രഹസ്യമില്ല: സ്വിറ്റ്‌സര്‍ലന്‍ഡ്‌ വാഷിംഗ്‌ടണ്‍: നിയമവിരുദ്ധ പ്രവൃത്തികളില്‍ ബാങ്കിംഗ്‌രഹസ്യമില്ലെന്നു സ്വിസ്‌ വിദേശകാര്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍. ഉപയോക്‌താക്കളെ അറിയാന്‍ വളരെ ശക്‌തമായ നിയമമാണു സ്വിറ്റ്‌സര്‍ലന്‍ഡിലുള്ളതെന്നു സ്വിസ്‌ വിദേശകാര്യവകുപ്പിന്റെ ഡയറക്‌ടറും നിയമോപദേഷ്‌ടാവുമായ വാലന്റയിന്‍ സെല്‍വെഗര്‍ വ്യക്‌തമാക്കി.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.