Home » » പരീക്ഷക്കുതോറ്റാലും പ്രത്യേകപരീക്ഷ നടത്തി കാലിക്കറ്റ് സര്‍വകലാശാല ജയിപ്പിച്ചുതരും.

പരീക്ഷക്കുതോറ്റാലും പ്രത്യേകപരീക്ഷ നടത്തി കാലിക്കറ്റ് സര്‍വകലാശാല ജയിപ്പിച്ചുതരും.

Written By Unknown on Wednesday, 29 October 2014 | 00:41

കോഴിക്കോട്: സ്വാധീനമുണ്ടെങ്കില്‍ പരീക്ഷക്കുതോറ്റാലും ഒറ്റക്ക് പ്രത്യേകപരീക്ഷ നടത്തി കാലിക്കറ്റ് സര്‍വകലാശാല ജയിപ്പിച്ചുതരും. എംഎസ്എഫ് നേതാവിനുവേണ്ടിയായിരുന്നു എല്ലാ പരീക്ഷാചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് സര്‍വകലാശാല വീണ്ടും പരീക്ഷ നടത്തിയത്. പ്രത്യേക പരീക്ഷ നടത്തിയതിനും ഒന്നരക്കൊല്ലം മുന്‍പു വിദ്യാര്‍ഥി ജയിച്ചതായി കാണിച്ച് സര്‍വകലാശാല സര്‍ട്ടിഫിക്കറ്റും നല്‍കി.

പരീക്ഷയ്ക്കു തോറ്റ വിദ്യാര്‍ഥിയെ വീണ്ടും പരീക്ഷനടത്തി മുന്‍കാല പ്രാബല്യത്തോടെ ജയിപ്പിക്കുക. ഒരുപക്ഷേ കാലിക്കറ്റ് സര്‍വകലാശാലയില്‍ മാത്രം നടക്കുന്ന കാര്യം.  തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ ബികോം വിദ്യാര്‍ത്ഥിയായിരുന്ന അബ്ദുല്‍ വഹാബിന്റെ അഞ്ചാം സെമസ്റ്ററിലെ ഗ്രേഡ് ഷീറ്റാണിത്. അക്കൗണ്ടിങ് ഫോര്‍ മാനെജ്മെന്റ് പേപ്പറിന് വേണ്ടത്ര ഇന്റേണല്‍ മാര്‍ക്ക് കിട്ടാതെ ഈ വിദ്യാര്‍ഥി തോറ്റു.

ഇദ്ദേഹത്തിന്റെ ആറാം സെമസ്റ്ററിലെ ഹാജര്‍ നില ഇതാണ്: ഹാജരായ ദിവസങ്ങള്‍ 38, ഹാജരാകാത്ത ദിവസങ്ങള്‍ 42, ഹാജര്‍ നില 47.5 %. പരീക്ഷക്കിരിക്കണമെങ്കില്‍ 75 % ഹാജര്‍ വേണമെന്ന് പരീക്ഷാച്ചട്ടം. പക്ഷേ അബ്ദുല്‍ വഹാബിന് എന്നിട്ടും പരീക്ഷ എഴുതാനായി. പരീക്ഷ നടന്നത് 2013 ഏപ്രിലില്‍. അക്കൗണ്ടിങ് ഫോര്‍ മാനെജ്മെന്റ് ജയിക്കാത്തതുകൊണ്ട് ബികോമിന് അബ്ദുല്‍ വഹാബ് തോറ്റു. ഇന്റേണലിന് തോറ്റാല്‍ പരാതിയുണ്ടെങ്കില്‍ രണ്ടാഴ്ചക്കകം അപ്പീല്‍ നല്‍കണമെന്നാണ് ചട്ടം. ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും പരീക്ഷ നടത്തണമെന്ന് കാണിച്ച് അബ്ദുല്‍ വഹാബ് അപ്പീല്‍ നല്‍കി. പരാതി അന്വേഷിക്കാന്‍ വിസി സിന്‍ഡിക്കേറ്റ് മെംബര്‍ സയിദ് അബിദ് ഹുസൈന്‍ തങ്ങളെ നിയോഗിച്ചു. അബ്ദുല്‍ വഹാബിന് വേണ്ടി മാത്രം പ്രത്യേക പരീക്ഷ നടത്താം എന്ന് 2014 ഓഗസ്റ്റില്‍ അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി. പ്രത്യേക പരീക്ഷ നടന്നു.

ഒരാള്‍ക്ക് വേണ്ടി മാത്രം നടന്ന ഈ സര്‍വകലാശാലാപരീക്ഷ എവിടെ വച്ച് നടത്തി? ആര് ചോദ്യക്കടലാസ് തയ്യാറാക്കി? ആര് മൂല്യനിര്‍ണ്ണയം നടത്തി എന്നതൊക്കെ ദുരൂഹം. ഏതായാലും 2014 ഓഗസ്റ്റിന് ശേഷം നടന്ന അഞ്ചാം സെമസ്റ്ററിന്റെ പരീക്ഷയില്‍ അബ്ദുല്‍ വഹാബ് ജയിച്ചു. ഇത് ഈ വിദ്യാര്‍ഥിക്കു സര്‍വകലാശാല കൊടുത്ത പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്. അതില്‍ 2012 നവംബറില്‍ത്തന്നെ ഇയാള്‍ പാസായിട്ടുണ്ട്. 19 മാസം മുന്‍കാലപ്രാബല്യത്തോടെ പരീക്ഷ ജയിച്ചിരിക്കുന്നു. 
കടപ്പാട്; ഏഷ്യാനെറ്റ്‌ ന്യൂസ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.