Home » » വി.സിമാരുടെ യോഗം വിളിച്ചുകൂട്ടിയ ഗവര്‍ണര്‍ വൈകാതെ തന്നെ മന്ത്രിസഭായോഗവും വിളിച്ചുചേര്‍ക്കുമെന്നു,എം.എം ഹസ്സന്‍.

വി.സിമാരുടെ യോഗം വിളിച്ചുകൂട്ടിയ ഗവര്‍ണര്‍ വൈകാതെ തന്നെ മന്ത്രിസഭായോഗവും വിളിച്ചുചേര്‍ക്കുമെന്നു,എം.എം ഹസ്സന്‍.

Written By Unknown on Wednesday, 29 October 2014 | 07:40

തിരുവനന്തപുരം : വി.സിമാരുടെ യോഗം വിളിച്ചുകൂട്ടിയ ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ കെപിസിസി വൈസ്‌ പ്രസിഡന്റ്‌ എം.എം ഹസ്സന്‍ രംഗത്തെത്തി. ഗവര്‍ണര്‍ രൂപീകരിച്ച ചാന്‍സലേഴ്‌സ് കൗണ്‍സിലിന്‌ നിയമസാധുതയില്ലെന്നും സര്‍ക്കാരിന്റെ അധികാരത്തില്‍ ഗവര്‍ണര്‍ കടന്നുകയറുകയാണെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി. വൈസ്‌ ചാന്‍സലര്‍മാരുടെ യോഗം വിളിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നത്‌ സര്‍ക്കാരിന്റെ അധികാരമാണ്‌. ഇങ്ങനെപോയാല്‍ ഗവര്‍ണര്‍ വൈകാതെ തന്നെ മന്ത്രിസഭായോഗവും വിളിച്ചുചേര്‍ക്കുമെന്നും തിരുവനന്തപുരത്ത്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹസ്സന്‍ കുറ്റപ്പെടുത്തി.

ജനാധിപത്യ സര്‍ക്കാരിന്റെ അധികാരങ്ങളുടെയും അവകാശങ്ങളുടെയും മേല്‍ ആധിപത്യം സ്‌ഥാപിക്കുന്ന നടപടികളാണ്‌ ഗവര്‍ണറുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. ഗവര്‍ണ്ണറുടെ നയങ്ങള്‍ക്ക്‌ പലതിനും നിയമസാധുതയില്ലെന്നും ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്ക്‌ അധികാരമില്ലെന്നും ഹസ്സന്‍ പറഞ്ഞു. സര്‍ക്കാരിന്റെയും ഗവര്‍ണ്ണറുടെയും അധികാരം ഭരണഘടനയില്‍ വ്യക്‌തമാക്കിയിട്ടുള്ളതാണ്‌. ഇത്‌ ലംഘിക്കപ്പെട്ടാല്‍ കോണ്‍ഗ്രസ്‌ ശക്‌തമായി ഇടപെടുമെന്നും തുടക്കത്തില്‍ തന്നെ തെറ്റ്‌ ചൂണ്ടിക്കാട്ടേണ്ടത്‌ പാര്‍ട്ടിയുടെ അധികാരമാണെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയുടെ കീഴില്‍ നിന്നുകൊണ്ട്‌ ക്യാബിനറ്റിന്റെ ഉപദേശങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന നടപടികളെ നീതീകരിക്കാനാവില്ല. രാഷ്‌ട്രീയ പ്രേരിതമായ നടപടിയാണോ സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിന്മേലുള്ള ഗവര്‍ണറുടെ കടന്നാക്രമണത്തിന്‌ പിന്നിലെന്ന്‌ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്ക്‌ വൈസ്‌ചാന്‍സലറെ വിളിച്ചു വരുത്തുകയോ, പിരിച്ചു വിടുകയോ, സര്‍വകലാശാല ഉദ്യോഗസ്‌ഥന്മാരെ വിളിച്ചുവരുത്തുകയോ ചെയ്യാവുന്നതാണ്‌. എന്നാല്‍, സംസ്‌ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും വിസിമാരെ വിളിച്ചുവരുത്തി യോഗം നടത്തി തീരുമാനങ്ങളെടുക്കാനും നിര്‍ദേശം നല്‍കാനുമുള്ള അധികാരം അദ്ദേഹത്തിനില്ല. സംഭവം സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഹസ്സന്‍ വ്യക്‌തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.