Home » » കേരളത്തിലെ സര്‍വകലാശാലകള്‍ക്കുമേല്‍ ഗവര്‍ണര്‍ പിടിമുറുക്കുന്നു.

കേരളത്തിലെ സര്‍വകലാശാലകള്‍ക്കുമേല്‍ ഗവര്‍ണര്‍ പിടിമുറുക്കുന്നു.

Written By Unknown on Monday, 27 October 2014 | 19:04

കളമശേരി: ചാന്‍സലറുടെ ആലങ്കാരികപദവിക്കപ്പുറം, കേരളത്തിലെ സര്‍വകലാശാലകള്‍ക്കുമേല്‍ ഗവര്‍ണര്‍ പിടിമുറുക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്താന്‍ ചാന്‍സലേഴ്‌സ്‌ കൗണ്‍സില്‍ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചാണു സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ കൂടിയായ ഗവര്‍ണര്‍ പി. സദാശിവം സര്‍വകലാശാലകളെ നിലയ്‌ക്കുനിര്‍ത്താന്‍ ഒരുങ്ങുന്നത്‌.

കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിലനില്‍ക്കുന്ന അസ്വാസ്‌ഥ്യജനകമായ അന്തരീക്ഷം കണക്കിലെടുത്താണ്‌ ഇന്നലെ വൈസ്‌ ചാന്‍സലര്‍മാരുടെ യോഗം കൊച്ചി ശാസ്‌ത്ര-സാങ്കേതിക സര്‍വകലാശാല(കുസാറ്റ്‌)യില്‍ ഗവര്‍ണര്‍ വിളിച്ചുചേര്‍ത്തത്‌. ഉന്നതവിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതുകൂടാതെ, സര്‍വകലാശാലകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍കൂടിയാണു കൗണ്‍സില്‍ രൂപീകരിക്കുന്നതെന്നു ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. വൈസ്‌ ചാന്‍സലര്‍മാര്‍ക്കു പുറമേ വിദ്യാഭ്യാസമന്ത്രി, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്‌ ചെയര്‍മാന്‍, ഉന്നതവിദ്യാഭ്യാസവകുപ്പ്‌ സെക്രട്ടറി, ഗവര്‍ണറുടെ സെക്രട്ടറി എന്നിവരടങ്ങുന്നതാണു ചാന്‍സലേഴ്‌സ്‌ കൗണ്‍സില്‍.

വിദ്യാര്‍ഥിപ്രവേശം, പരീക്ഷാഫലപ്രഖ്യാപനം എന്നിവയ്‌ക്കായി 2015-16 അധ്യയനവര്‍ഷം മുതല്‍ സംസ്‌ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും കൃത്യമായ അക്കാദമിക്‌ കലണ്ടര്‍ പ്രഖ്യാപിക്കും. വിദ്യാഭ്യാസമേഖലയിലെ മുന്‍നിരസ്‌ഥാപനങ്ങളുടെ പാഠ്യക്രമങ്ങളുമായി താരതമ്യപ്പെടുത്തി, സിലബസിലെ പോരായ്‌മകള്‍ വിലയിരുത്തും. അക്കാദമിക്‌ കൗണ്‍സില്‍, ബോര്‍ഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വി.സിമാര്‍ പരിശോധിക്കണം.

പാഠ്യക്രമം ഉന്നതനിലവാരമുള്ള മറ്റു സര്‍വകലാശാലകളുമായി കിടപിടിക്കുന്നതാണെന്ന്‌ ഉറപ്പുവരുത്തണം. സര്‍വകലാശാലകള്‍ക്കു കീഴിലുള്ള സ്വാശ്രയ കോളജുകളില്‍ ഗുണപരമായ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ വി.സിമാര്‍ നിയമപരമായ ഇടപെടലുകള്‍ നടത്തണം. യു.ജി.സി. ഉള്‍പ്പെടെയുള്ള ഏജന്‍സികളില്‍നിന്നു ഫണ്ട്‌ സമാഹരിക്കാന്‍ പരമാവധി ശ്രമിക്കണം. ഫണ്ട്‌ വിനിയോഗം സര്‍വകലാശാലയുടെ പ്രവര്‍ത്തനപുരോഗതിയുടെ അളവുകോലായി മാറണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.

ഇന്നലെ രാവിലെ 9.50-നു കുസാറ്റിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കി സ്വീകരിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്‌ദുറബ്ബ്‌, കുസാറ്റ്‌ വൈസ്‌ ചാന്‍സലര്‍ ഡോ. ജെ. ലത എന്നിവര്‍ ചേര്‍ന്നു ഗവര്‍ണറെ കൗണ്‍സില്‍ ഹാളിലേക്ക്‌ ആനയിച്ചു. തുടര്‍ന്നു വി.സിമാരുടെ യോഗത്തില്‍ ഗവര്‍ണര്‍ അധ്യക്ഷത വഹിച്ചു. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം പങ്കെടുത്തു. മലയാളം സര്‍വകലാശാല വി.സി. ഡോ. ജയകുമാര്‍ ഒഴികെ സംസ്‌ഥാനത്തെ 12 വൈസ്‌ ചാന്‍സലര്‍മാരും യോഗത്തില്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌.എഫ്‌.ഐ, എ.ഐ.എസ്‌.എഫ്‌, എം.എസ്‌.എഫ്‌, എ.ബി.വി.പി. എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധപ്രകടനം സര്‍വകലാശാല കവാടത്തില്‍ പോലീസ്‌ തടഞ്ഞു.

അതേസമയം, ഗവര്‍ണര്‍ നേരിട്ടു വൈസ്‌ ചാന്‍സലര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തത്‌ അസാധാരണനടപടിയാണെന്നു വിലയിരുത്തപ്പെടുന്നു. ഇതിനുമുമ്പ്‌ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല. സര്‍വകലാശാലകളില്‍ സിന്‍ഡിക്കേറ്റ്‌ അംഗങ്ങളെ നിയമിക്കുന്നതിനപ്പുറം സര്‍ക്കാരും രാഷ്‌ട്രീയനേതൃത്വങ്ങളും സ്വാധീനം ചെലുത്തിയാല്‍ അംഗീകരിക്കില്ലെന്ന മുന്നറിയിപ്പാണു ഗവര്‍ണറുടേത്‌.

സര്‍വകലാശാലകളുടെ തലപ്പത്ത്‌ അടുത്തിടെയുണ്ടായ രാഷ്‌ട്രീയ ഇടപെടലുകളും അസ്വസ്‌ഥതകളും നിയന്ത്രിക്കാന്‍ പ്രോ-ചാന്‍സലറായ വിദ്യാഭ്യാസമന്ത്രിക്കു കഴിയാതിരുന്നതാണു ഗവര്‍ണറുടെ ഇടപെടലിലേക്കു കാര്യങ്ങളെത്തിച്ചതെന്നും ആക്ഷേപമുയര്‍ന്നു. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ ചട്ടവിരുദ്ധമാണെന്നു പരാതി കിട്ടിയാല്‍ ചാന്‍സലറായ ഗവര്‍ണറെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്‌. സര്‍വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പറയുന്നതുമാത്രം കേള്‍ക്കേണ്ടയാളല്ല ചാന്‍സലറെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. ചാന്‍സലറുടെ അധികാരങ്ങള്‍ വ്യക്‌തമാക്കി ഗവര്‍ണര്‍ പത്രസമ്മേളനം നടത്തിയതും അസാധാരണമാണ്‌. സിന്‍ഡിക്കേറ്റ്‌ അംഗങ്ങളും സെനറ്റ്‌ അംഗങ്ങളും ജോലി തടസപ്പെടുത്തുന്നതായി വി.സിമാര്‍ കഴിഞ്ഞദിവസം ഗവര്‍ണറോടു പരാതിപ്പെട്ടിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.