Home » » 173 പന്തില്‍ 264 കുറിച്ച രോഹിതിന്റെ ബാറ്റിംഗ്‌ വെടിക്കെട്ടില്‍ തകര്‍ന്നുവീണത്‌ നിരവധി റെക്കോഡുകള്‍.

173 പന്തില്‍ 264 കുറിച്ച രോഹിതിന്റെ ബാറ്റിംഗ്‌ വെടിക്കെട്ടില്‍ തകര്‍ന്നുവീണത്‌ നിരവധി റെക്കോഡുകള്‍.

Written By Unknown on Thursday, 13 November 2014 | 16:28


കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ്‌ സ്‌റ്റേഡിയത്തിന്റെ 150-ാം വാര്‍ഷികാഘോഷത്തിന്‌ അകമ്പടിയായി ഇന്ത്യയുടെ രോഹിത്‌ ശര്‍മയുടെ ബാറ്റിംഗ്‌ വെടിക്കെട്ട്‌. സിക്‌സറുകളും ബൗണ്ടറികളും പെരുമഴയായി പെയ്‌തിറങ്ങിയതോടെ ഈഡന്‍ ഗാര്‍ഡന്‍സിലെത്തിയ കാണികള്‍ക്ക്‌ പൂരംകണ്ട പ്രതീതി.
173 പന്തില്‍ 264 കുറിച്ച രോഹിതിന്റെ ബാറ്റിംഗ്‌ വെടിക്കെട്ടില്‍ തകര്‍ന്നുവീണത്‌ എതിരാളികളായ ശ്രീലങ്കയ്‌ക്കൊപ്പം നിരവധി റെക്കോഡുകളുമാണ്‌.
രോഹിത്‌ ഒറ്റയ്‌ക്കു കുറിച്ച സ്‌കോര്‍ പോലും മറികടക്കാനാവാതെയാണ്‌ ശ്രീലങ്കയുടെ പേരുകേട്ട ബാറ്റിംഗ്‌ നിര തകര്‍ന്നുവീണത്‌. ഇന്ത്യയുടെ അഞ്ചിന്‌ 404 എന്ന സ്‌കോറിനു മറുപടി പറഞ്ഞ ലങ്ക 43.1 ഓവിറില്‍ 251 റണ്‍സിന്‌ ഓള്‍ ഔട്ടാവുകയായിരുന്നു.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോര്‍, ഏകദിനത്തില്‍ രണ്ട്‌ ഇരട്ട സെഞ്ചുറികള്‍ കുറിച്ച ആദ്യ ബാറ്റ്‌സ്മാന്‍ എന്നീ റെക്കോഡുകളാണ്‌ രോഹിത്‌ ബാറ്റിംഗ്‌ വെടിക്കെട്ടിനിടെ മറികടന്നത്‌. ഇന്ത്യയുടെ വീരേന്ദ്ര സെവാഗ്‌ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കുറിച്ച 319 റണ്‍സ്‌ എന്ന റെക്കോഡാണ്‌ രോഹിത്‌ തകര്‍ത്തത്‌. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരേ 209 റണ്‍സെടുത്ത്‌ രോഹിത്‌ ആദ്യ ഇരട്ടസെഞ്ചുറി കുറിച്ചിരുന്നു.
പതിനാറു പന്തില്‍ നാലു റണ്‍സ്‌ മാത്രമെടുത്തു നില്‍ക്കെ ഇരംഗയുടെ പന്തില്‍ തിസാര പെരേര വിട്ടു കളഞ്ഞതിന്‌ ലങ്ക കനത്ത വിലയാണു നല്‍കേണ്ടി വന്നത്‌. പതിഞ്ഞതാളത്തില്‍ തുടങ്ങി കത്തിക്കയറിയ രോഹിതിന്റെ ബാറ്റിംഗിന്‌ പഞ്ചാരിമേളത്തിന്റെ ചേരുവകളെല്ലാമുണ്ടായിരുന്നു. മുപ്പത്തിമൂന്നു തവണയാണു പന്ത്‌ ബൗണ്ടറികളും ഒമ്പത്‌ സിക്‌സറുകളും ഇന്നിംഗ്‌സിനു മിഴിവേകി. ഒരു ഏകദിനത്തില്‍ ഒരു ടീം നേടുന്ന മാന്യമായ സ്‌കോര്‍ ഒറ്റയ്‌ക്കു നേടിയ രോഹിത്‌ ശര്‍മ ഇന്നിംഗ്‌സിന്റെ അവസാന പന്തിലാണു പുറത്തായത്‌. എല്ലാ ലങ്കന്‍ ബൗളര്‍മാരും രോഹിതിന്റെ ബാറ്റിന്റെ ചുടറിഞ്ഞു.
ആദ്യ അര്‍ധസെഞ്ചുറിക്ക്‌ 72 പന്ത്‌ എടുത്ത രോഹിത്‌ ശര്‍മ പിന്നത്തെ 101 പന്തില്‍ നേടിയത്‌ 214 റണ്‍സായിരുന്നു. 33 ഓവറില്‍ 200 റണ്‍സ്‌ മാത്രം നേടിയിരുന്ന ഇന്ത്യ അടുത്ത 17 ഓവറില്‍ 204 റണ്‍സാണ്‌ അടിച്ചു കൂട്ടിയത്‌. ഏറ്റവും കൂടുതല്‍ തവണ ഏകദിനക്രിക്കറ്റില്‍ നാനുറിനു മുകളില്‍ സ്‌കോര്‍ നേടിയ ടീം എന്ന റെക്കോഡ്‌ ഇന്ത്യന്‍ ടീമിന്റെ പേരിലായി. അഞ്ചു തവണയാണ്‌ ഇന്ത്യ നാനൂറിലേറെ റണ്‍സ്‌ സ്‌കോര്‍ ചെയ്‌തത്‌. മുന്നാം വിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ എട്ടുതവണ ഇരൂനൂറിലേറെ റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഇതില്‍ അഞ്ചിലും വിരാട്‌ കോഹ്ലി പങ്കാളിയായി. ഓപ്പണര്‍ അജിന്‍ക്യ രഹാശന(28), വിരാട്‌ കോഹ്ലി (64 പന്തില്‍ 66) എന്നിവരും മികച്ച പ്രകടനം കാഴ്‌ചവച്ചു.
ശ്രീലങ്കയുടെ പ്രധാനബൗളറായ നുവാന്‍ കുലശേഖര ഒന്‍പതോവറില്‍ 89 റണ്‍സാണു വഴിങ്ങിയത്‌. കുലശേഖരയുടെ പന്തില്‍ ജയവര്‍ധനെ പിടിച്ചാണ്‌ രോഹിത്‌ ശര്‍മയുടെ ഇന്നിംഗ്‌സ് അവസാനിച്ചത്‌.
മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്‌ക്ക് സ്‌കോര്‍ ബോര്‍ഡ്‌ തുറക്കുന്നതിനു മുമ്പേ വിക്കറ്റു നഷ്‌ടപ്പെട്ടു. തുടക്കത്തിലേ തിരിച്ചടിയില്‍ നിന്ന്‌ പിന്നീട്‌ അവര്‍ക്കു തിരിച്ചു കയറാനും കഴിഞ്ഞില്ല. 68 പന്തില്‍ 75 റണ്‍സെടുത്ത ക്യാപ്‌റ്റന്‍ ഏയ്‌ഞ്ചലോ മാത്യുസാണ്‌ ടോപ്‌ സ്‌കോറര്‍. തിരമണ്ണെ(59), ദില്‍ഷന്‍(34) പെരേര(29) എന്നിവരാണു ശ്രീലങ്കയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യയുടെ ധവാല്‍ കുല്‍ക്കര്‍ണി നാലുവിക്കറ്റും, സ്‌റ്റുവര്‍ട്ട്‌ ബിന്നി, ഉമേഷ്‌ യാദവ്‌, അഷ്‌കര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ്‌് വീതം വീഴ്‌ത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.