Home » » മുഹമ്മദ്‌ നബി ജനിച്ച സ്‌ഥലമെന്ന്‌ വിശ്വസിക്കുന്ന കെട്ടിടo പൊളിക്കാന്‍ നീക്കo.

മുഹമ്മദ്‌ നബി ജനിച്ച സ്‌ഥലമെന്ന്‌ വിശ്വസിക്കുന്ന കെട്ടിടo പൊളിക്കാന്‍ നീക്കo.

Written By Unknown on Thursday, 13 November 2014 | 16:41

മക്ക: മുസ്ലിംകളുടെ വിശുദ്ധ സ്‌ഥലമായ മക്കയില്‍ ചരിത്രപ്രാധാന്യമുള്ള അനേകം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
ഹജ്‌ കര്‍മം നടക്കുന്ന മസ്‌ജിദുല്‍ ഹറമിന്റെ വികസനത്തിനായാണ്‌ ചരിത്രമന്ദിരങ്ങള്‍ പൊളിക്കുന്നതെങ്കിലും പ്രവാചകനായ മുഹമ്മദ്‌ നബി ജനിച്ച സ്‌ഥലമെന്ന്‌ അനേകര്‍ വിശ്വസിക്കുന്ന കെട്ടിടമടക്കം പൊളിക്കാനാണ്‌ നീക്കമെന്ന്‌ ലണ്ടനിലെ ഇന്‍ഡിപെന്‍ഡന്റ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. മൗലീദിന്റെ ഭവനം എന്നറിയപ്പെടുന്ന ഈ കെട്ടിടം പൊളിച്ച്‌ അവിടെ അബ്‌ദുള്ള രാജാവിന്റെ കൊട്ടാരം പണിയാനാണ്‌ ആലോചന.
മക്കയിലെ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങളില്‍ 95 ശതമാനവും പൊളിച്ചു നീക്കിയതായി വാഷിംഗ്‌ടണിലെ ഗള്‍ഫ്‌ ഇന്‍സ്‌റ്റിട്യൂട്ടും ചൂണ്ടിക്കാട്ടുന്നു.
ഇവിടങ്ങളില്‍ ഹോട്ടലുകളും അപ്പാര്‍ട്ട്‌മെന്റുകളും ഷോപ്പിംഗ്‌ മാളുകളുമാണ്‌ ഉയരുന്നത്‌. ഏതാനും വര്‍ഷങ്ങളായി നടക്കുന്ന വികസന പ്രവര്‍ത്തനം ഹജ്‌ തീര്‍ഥാടനകാലത്ത്‌ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
അതു പുനരാരംഭിച്ചിട്ടുണ്ട്‌. അഞ്ഞൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ഓട്ടോമന്‍ കാലത്തെ കൂറ്റന്‍തൂണുകള്‍ കഴിഞ്ഞയാഴ്‌ച പൊളിച്ചു നീക്കിയതായി ബ്രിട്ടനിലെ ഇസ്ലാമിക്‌ ഹെരിറ്റേജ്‌ റിസര്‍ച്ച്‌ ഫൗണ്ടേഷനിലെ ഡോ. ഇര്‍ഫാന്‍ അലവി പറഞ്ഞു.
മൗലീദിന്റെ ഭവനം ഈ വര്‍ഷമവസാനത്തിനു മുന്‍പ്‌ പൊളിക്കപ്പെടുമെന്നാണു കരുതുന്നത്‌. രാജാവിന്റെ പടുകൂറ്റന്‍ കൊട്ടാരത്തിന്റെ ഒരു ഭാഗം ഈ കെട്ടിടം നില്‍കുന്ന സ്‌ഥലത്തായിരിക്കും. ഹറം പള്ളിക്ക്‌ ദര്‍ശനമായി ഒരു കുന്നിന്‍ ചെരുവിലാണ്‌ കൊട്ടാരം പണിയുന്നത്‌. നിലവിലെ രാജകൊട്ടാരത്തിനേക്കാള്‍ അഞ്ചിരട്ടി വലിയ കൊട്ടാരം പണിയാനാണു നീക്കം.
മൗലീദിന്റെ ഭവനം നബിയുടെ ജന്മസ്‌ഥലമാണെന്ന്‌ അനേകായിരങ്ങള്‍ വിശ്വസിക്കുന്നെങ്കിലും അതിനു തെളിവൊന്നുമില്ലെന്നാണ്‌ സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ നിലപാട്‌. അതിനാല്‍ ഇവിടെ ആരാധന നടത്തുന്നതും പ്രാര്‍ഥിക്കുന്നതും നിരോധിച്ചിട്ടുണ്ട്‌. മൗലീദിന്റെ ഭവനം ഭുമിക്ക്‌ അടിയിലാണ്‌. ഈ മുറികളെ സംരക്ഷിക്കാനായി 1951-ല്‍ ഇതിനു മുകളില്‍ ഒരു ഗ്രന്ഥശാല പണിതു. ഗ്രന്ഥശാലയടക്കം കെട്ടിടം മുഴുവന്‍ പൊളിക്കാനുള്ള നീക്കം ഉപേക്ഷിച്ച്‌ അതിനെ സംരക്ഷിക്കണമെന്ന്‌ ഡോ അലവി ആവശ്യപ്പെട്ടു.
എന്നാല്‍, ഹറം പള്ളിയുടെ വികസനം അത്യാവശ്യമായതിനാല്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ കുഴപ്പമില്ലെന്ന്‌ സൗദി അറേബ്യയിലെ മുതിര്‍ന്നമുഫ്‌തി ഷേഖ്‌ അബ്‌ദുള്‍ അസീസ്‌ ബിന്‍ അബ്‌ദുള്ള അല്‍-ഷേഖ്‌ അഭിപ്രായപ്പെട്ടതായി ഇറാനിലെ പ്രസ്‌ ടിവിയും റിപ്പോര്‍ട്ട്‌ ചെയ്‌തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.