Home » » പി.സി. ജോര്‍ജിന്റെ ചീഫ്‌ വിപ്പ്‌ സ്‌ഥാനം തുലാസിലായി.

പി.സി. ജോര്‍ജിന്റെ ചീഫ്‌ വിപ്പ്‌ സ്‌ഥാനം തുലാസിലായി.

Written By Unknown on Thursday, 13 November 2014 | 16:49

കോട്ടയം: കെ.ആര്‍. ഗൗരിയമ്മയ്‌ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിനെ ശാസിക്കാന്‍ കെ. മുരളീധരന്‍ അധ്യക്ഷനായുള്ള നിയമസഭാ പ്രിവിലേജ്‌ കമ്മിറ്റി തീരുമാനമെടുത്തു. ഇതോടെ പി.സി. ജോര്‍ജിന്റെ ചീഫ്‌ വിപ്പ്‌ സ്‌ഥാനം തുലാസിലായി.

2013 മാര്‍ച്ച്‌ 14-നു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ പരാമര്‍ശത്തിന്റെ പേരില്‍ സി.പി.എം. നിയമസഭാ കക്ഷി ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

അന്തരിച്ച ടി.വി. തോമസ്‌, കെ.ആര്‍. ഗൗരിയമ്മ, ആര്‍. ബാലകൃഷ്‌ണപിള്ള എന്നിവരെ ബന്ധപ്പെടുത്തി ചാനല്‍ അഭിമുഖത്തില്‍ സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചെന്നു പ്രിവിലേജ്‌ കമ്മറ്റിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു നടത്തിയ തെളിവെടുപ്പിന്റെ അടിസ്‌ഥാനത്തിലാണു ശാസിക്കാനുള്ള തീരുമാനം. നിയമസഭാ ചട്ടം അനുസരിച്ചു സര്‍ക്കാരിന്റെ ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്‌തി പരസ്യശാസനയ്‌ക്കു വിധേയമായാല്‍ വഹിക്കുന്ന പദവി ഒഴിയേണ്ടി വരും.

ചീഫ്‌ വിപ്പ്‌ പദവി വഹിക്കുന്ന ഒരു വ്യക്‌തിയെ ശാസിക്കുന്നതിനുളള നടപടി ക്രമങ്ങള്‍ ചട്ടത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനുമുമ്പു ശാസിക്കേണ്ട വ്യക്‌തിയെ പുറത്തുനിന്നും വാച്ച്‌ ആന്‍ഡ്‌ വാര്‍ഡ്‌ കൂട്ടിക്കൊണ്ടു വന്നു സ്‌പീക്കറുടെ മുന്നിലെത്തിച്ചു ശാസിക്കുകയാണു കീഴ്‌വഴക്കം.

കെ. മുരളീധരനെ കൂടാതെ കേരളാ കോണ്‍ഗ്രസ്‌ അംഗങ്ങളായ മോന്‍സ്‌ ജോസഫ്‌, തോമസ്‌ ഉണ്ണിയാടന്‍, മുന്‍ സ്‌പീക്കര്‍ തേറമ്പില്‍ രാമകൃഷ്‌ണന്‍, സി.പി.എം. അംഗങ്ങളായ ജി. സുധാകരന്‍, ആയിഷാ പോറ്റി എന്നിവരാണു കമ്മറ്റിയിലെ മറ്റ്‌ അംഗങ്ങള്‍. ജോര്‍ജിനെ ശാസിക്കാനുള്ള തീരുമാനം കമ്മറ്റി എടുത്തത്‌ ഏകകണ്‌ഠമായാണ്‌. കമ്മറ്റിയിലുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ്‌ അംഗങ്ങളും ശാാസനയെ അനുകൂലിച്ചു. റിപ്പോര്‍ട്ട്‌ മുക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണ്‌. റിപ്പോര്‍ട്ടിന്റെ കോപ്പി മുഖ്യമന്ത്രിക്കും നിയമസഭാ സ്‌പീക്കര്‍ക്കും കൈമാറുകയും ചെയ്‌തു.

പുതിയ രാഷ്‌ട്രീയ സാചര്യത്തില്‍ ജോര്‍ജിനെതിരായ നടപടി രാഷ്‌ട്രീയ കോളിളക്കം ഉണ്ടാക്കുമെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതിനാല്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം രഹസ്യമാക്കി വയ്‌ക്കുന്നതിനുളള നിര്‍ദേശം കമ്മറ്റി അംഗങ്ങള്‍ക്കു ലഭിച്ചിരുന്നു. റിപ്പോര്‍ട്ട്‌ കൈമാറിയ സാഹചര്യത്തില്‍ നിയസമസഭയിലെ ഏത്‌ അംഗം ആവശ്യപ്പെട്ടാലും പകര്‍പ്പ്‌ കൈമാറേണ്ടി വരും. നിയമസഭയിലെ പഴയ പെറ്റീഷന്‍ കമ്മിറ്റിയാണ്‌ ഇപ്പോള്‍ പ്രവിലേജ്‌ കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്നത്‌. ഈ കമ്മിറ്റിക്ക്‌ അപ്പീല്‍ നല്‍കാനും കഴിയില്ല. അതിനാല്‍ ജോര്‍ജ്‌ ശാസനയ്‌ക്ക്‌ വിധേയമാകേണ്ടിവരുമെന്നാണു വിലയിരുത്തല്‍.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.