Home » , » പ്രവാസി വോട്ടവകാശം പോരാട്ട വിജയം. ഹസൈനാര്‍ തളങ്കര

പ്രവാസി വോട്ടവകാശം പോരാട്ട വിജയം. ഹസൈനാര്‍ തളങ്കര

Written By Unknown on Friday, 14 November 2014 | 16:55

പ്രവാസി ഭാരതീയര്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍, പങ്കാളിത്തം നല്‍കണമെന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ശുപാര്‍ശയിലൂടെ പ്രവാസികളുടെ ഏറെക്കാലത്തെ പോരാട്ടമാണ്‌ സാക്ഷാത്‌ക്കരിക്കപ്പെടുന്നത്‌. ജന്മനാടുമായുള്ള പൊക്കിള്‍ക്കൊടിബന്ധം എക്കാലത്തും കാത്ത്‌ പോന്നിരുന്നവരാണ്‌ പ്രവാസികള്‍. രാഷ്‌ട്രത്തിന്റെ സാമൂഹ്യസാംസ്‌കാരിക മേഖലകളെ പുഷ്‌ടിപ്പെടുത്തുകയും, നാടിന്റെ സാമ്പത്തിക മേഖലകളെ സമ്പന്നമാക്കുകയും ചെയ്യുന്നവരാണെങ്കിലും പലപ്പോഴും രണ്ടാംതരം പൗരന്മാരായി മാറ്റി നിര്‍ത്തുന്ന അനുഭവമാണ്‌ പ്രവാസികള്‍ക്കുള്ളത്‌.
നാടിന്റെ ഭരണനിര്‍വ്വഹണവേളകളില്‍, ജനാധിപത്യരാഷ്‌ട്രത്തിലെ പൗരന്‍ എന്ന നിലയില്‍, തെരഞ്ഞെടുപ്പ്‌ രംഗങ്ങളില്‍ ഇടപെടാനുള്ള അവകാശം നിഷേധിക്കപ്പെടുന്നത്‌ ഒരര്‍ത്ഥത്തില്‍ മനുഷ്യാവകാശ ലംഘനം തന്നെയാണ്‌. പ്രവാസികളുടെ പേര്‌ ഇലക്‌ഷന്‍ ലിസ്റ്റില്‍ പോലും ചേര്‍ക്കാന്‍ പാടില്ല എന്ന്‌ ഔദ്യോഗിക സമീപനമുണ്ടായപ്പോഴാണ്‌ ഞാന്‍ നീതിപീഠത്തെ സമീപിച്ചതും, പതിനഞ്ച്‌ വര്‍ഷത്തിലേറെ നിയമപോരാട്ടം നടത്തിയതും. തുടര്‍ന്നാണ്‌ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതികള്‍ ഉണ്ടായതും, വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ പ്രവാസികള്‍ക്ക്‌ അവസരം ലഭിച്ചതും. തെരഞ്ഞെടുപ്പ്‌ വേളകളില്‍ നാട്ടില്‍ എത്താന്‍ കഴിയുന്നവര്‍ക്ക്‌ മാത്രമേ അതുവഴി വോട്ട്‌ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ. അതിന്‌ കഴിയുന്നവരുടെ എണ്ണമാകട്ടെ തുലോംകുറവും. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഭാഗത്ത്‌ നിന്നും ഇപ്പോഴുണ്ടായ സമീപനം പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്ലാദകരമാണ്‌.

യു.എ.ഇ.യിലെ വി.പി.എസ്‌. ഹെല്‍ത്ത്‌കെയര്‍ എം.ഡി. ഡോ. ഷംസീര്‍ വയലില്‍, അഡ്വ. ഹാരിസ്‌ ബീരാന്‍ മുഖേന കോടതിയെ സമീപിക്കുകയും, പ്രവാസികള്‍ക്ക്‌ വോട്ടവകാശം നിഷേധിക്കുന്നത്‌ ഭരണഘടനാലംഘനമാണെന്ന്‌ പരാതിപ്പെടുകയും ചെയ്‌തിരുന്നു. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നടപടികളെ ത്വരിതപ്പെടുത്തുന്നതില്‍ ഈ ഇടപെടല്‍ വഹിച്ച പങ്ക്‌ എടുത്തുപറയേണ്ടതാണ്‌. സമ്മതിദാനാവകാശമെന്നത്‌ ഏതൊരു പൗരന്റെയും ഭരണഘടനാ അവകാശമാണെന്നും, വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക്‌ അവര്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ നിന്നുതന്നെ വോട്ടുരേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്നും, സുപ്രീംകോടതി ഇതിനുമുമ്പ്‌ തന്നെ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്‌. ഇതെല്ലാം അനുകൂലഘടകങ്ങളാണെങ്കിലും സാങ്കേതികത്വത്തിന്റെ നൂലാമാലകള്‍ ചൂണ്ടിക്കാട്ടി അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള നീക്കം ഔദ്യോഗികതലത്തില്‍ നിന്നുണ്ടാകുമോ എന്ന സംശയവും ഞങ്ങള്‍ക്കുണ്ട്‌  കാരണം മുന്‍കാല അനുഭവങ്ങളൊക്കെയും അങ്ങനെയായിരുന്നുവല്ലോ.

പ്രവാസി ശക്തി തെരഞ്ഞെടുപ്പില്‍ തെളിയും
പ്രവാസി സമൂഹത്തിന്‌ ആസന്നമായ നിയമസഭാതെരഞ്ഞെടുപ്പ്‌ വേളയില്‍, സമ്മതിദാനാവകാശം ലഭ്യമായാല്‍, അത്‌ കേരളത്തിന്റെ രാഷ്‌ട്രീയാന്തരീക്ഷത്തില്‍ ക്രിയാത്മക ചലനങ്ങള്‍ക്ക്‌ വഴിയൊരുക്കും. പ്രവാസികാര്യ മന്ത്രാലയത്തിന്റെ 2012 ലെ കണക്കുകള്‍ പ്രകാരം വിദേശനാടുകളില്‍ കഴിയുന്ന ആകെ ഇന്ത്യക്കാരുടെ എണ്ണം 2.19 കോടിവരും. ഇതില്‍ പകുതിയിലേറെയും മലയാളികളുമാണ്‌. ഗള്‍ഫില്‍ മാത്രം അര കോടിയിലേറെ മലയാളികളുണ്ട്‌. കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ശരാശരി ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയാണെന്ന്‌ കാണാം. അതായത്‌ അവഗണിക്കാന്‍ കഴിയാത്ത ഒരു ശക്തിയായി പ്രവാസിസമൂഹം മാറുമെന്ന്‌ വ്യക്തം. കേരളത്തെ ആര്‌ നയിക്കണമെന്ന കാര്യത്തില്‍, വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതില്‍ പ്രവാസികള്‍ക്കും വലിയ പങ്ക്‌ വഹിക്കാന്‍ കഴിയും.
വോട്ടവകാശം ഇല്ലാത്തതുകൊണ്ട്‌ കൂടിയാണ്‌, സംഘടിത രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ പ്രവാസികളെ പലകാര്യങ്ങളിലും ബോധപൂര്‍വ്വം അവഗണിച്ചുകൊണ്ടിരിക്കുന്നത്‌. പ്രവാസി പുനരധിവാസകാര്യത്തില്‍, പ്രവാസി പെന്‍ഷന്‍ വിഷയത്തില്‍, നിതാഖത്ത്‌ ഉയര്‍ത്തുന്നവെല്ലുവിളികളില്‍, വിമനക്കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളയുടെ കാര്യത്തില്‍ തുടങ്ങി എത്രയെത്ര വിഷയങ്ങള്‍, പല പല ഘട്ടങ്ങളിലും പ്രവാസികള്‍ മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌. മധുരംപുരട്ടിയ, വാഗ്‌ദാനങ്ങള്‍ നല്‍കി സമാശ്വസിപ്പിക്കാറുണ്ട്‌ എന്നല്ലാതെ പ്രശ്‌നപരിഹാരത്തിനായി ശാസ്‌ത്രീയ സമീപനങ്ങള്‍ ഉണ്ടാകാറില്ല എന്നത്‌ വേദനാജനകമായ യാഥാര്‍ത്ഥ്യമാണ്‌. ഇനി, വോട്ടവകാശമുള്ള ജനവിഭാഗമായി പ്രവാസികള്‍ മാറുന്നതോടെ പഴയതുപോലെ ഭരണാധികാര കേന്ദ്രങ്ങള്‍ക്ക്‌ ഞങ്ങളെ അവഗണിക്കാന്‍ കഴിയുകയുമില്ല. കാരണം
വോട്ടവകാശം പ്രതിരോമാക്കിറ്റണമെന്ന വികാരം പ്രവാസികള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ ശക്തമായി നിലനില്‍ക്കുന്നുണ്ട്‌. എന്നുകരുതി സംഘടിതശക്തിയായി മാറി വിലപേശല്‍ രാഷ്‌ട്രീയത്തിനായി പ്രവാസികള്‍ ഇറങ്ങിത്തിരിക്കുമെന്നല്ല പറയുന്നത്‌. രാഷ്‌ട്ര ഭരണ നിര്‍വ്വഹണത്തില്‍ പങ്ക്‌ വഹിക്കാനുള്ള അവസരം ലഭിക്കുന്നുവല്ലോ എന്ന ആഹ്ലാദം തന്നെയാണ്‌ ഞങ്ങള്‍ക്ക്‌ മുന്നിലുള്ളത്‌. അത്‌ തന്നെയാണല്ലോ ഏറെ മുഖ്യവും.

ഇന്‍ഡോ അറബ്‌ കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍
ജനറല്‍ സെക്രട്ടറിയാണ്‌ ലേഖകന്‍

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.