Home » » സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണo, തരൂരിനെതിരേ ബി.ജെ.പി. നേതാവ്‌ സുബ്രഹ്‌മണ്യം സ്വാമി.

സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണo, തരൂരിനെതിരേ ബി.ജെ.പി. നേതാവ്‌ സുബ്രഹ്‌മണ്യം സ്വാമി.

Written By Unknown on Friday, 14 November 2014 | 17:03

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണത്തില്‍ പാകിസ്‌താന്‍, ദുബായ്‌ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ്‌ തീരുമാനിച്ചതോടെ കേസ്‌ പുതിയ വഴിത്തിരിവില്‍.
സുനന്ദയുടെ ഭര്‍ത്താവ്‌ ശശി തരൂര്‍ എം.പിയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും സൂചന. അതിനിടെ, തരൂരിനെതിരേ ബി.ജെ.പി. നേതാവ്‌ സുബ്രഹ്‌മണ്യം സ്വാമി വീണ്ടും രംഗത്തുവന്നു.
സുനന്ദ മരിച്ച ദിവസം വൈകിട്ട്‌ നാലരയ്‌ക്ക്‌ തരൂര്‍ സ്വന്തം സെക്രട്ടറിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം പോലീസ്‌ പുറത്തുവിടണമെന്നാണ്‌ സ്വാമി ആവശ്യപ്പെട്ടത്‌. സുനന്ദയെ ഒഴിവാക്കിയെന്ന്‌ സെക്രട്ടറി പറഞ്ഞതായാണ്‌ ട്വിറ്ററില്‍ സ്വാമി കുറിച്ചത്‌. നേരത്തെ തന്നെ സുനന്ദയുടെ മരണം ഐ.പി.എല്‍. കോഴ വിവാദവുമായി ബന്ധപ്പെട്ടതാണെന്നും അതിന്‌ ദുബായ്‌ ബന്ധമുണ്ടെന്നും സ്വാമി ആരോപിച്ചിരുന്നു. ഐ.പി.എല്‍. കോഴയുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകള്‍ നടത്താന്‍ സുനന്ദ തീരുമാനിച്ചിരുന്നുവെന്നും തരൂരുമായി ഇതേച്ചൊല്ലി കലഹമുണ്ടായി എന്നും സ്വാമി ആരോപിച്ചിരുന്നു. ഈ ദിശയിലുള്ള അന്വേഷണത്തിനാണ്‌ ഡല്‍ഹി പോലീസ്‌ ഒരുങ്ങുന്നത്‌.
സുനന്ദ മരിച്ച ജനുവരി 18 ന്‌ പാകിസ്‌താന്‍, ദുബായ്‌ എന്നിവിടങ്ങളില്‍നിന്ന്‌ ഡല്‍ഹിയിലെത്തിയവരെക്കുറിച്ചും ഇവിടെ നിന്ന്‌ ഈ സ്‌ഥലങ്ങളിലേക്കു പോയവരെപ്പറ്റിയും ഉള്ള വിവരങ്ങളാണ്‌ ഡല്‍ഹി പോലീസ്‌ തേടുന്നത്‌. സുനന്ദ മരിച്ചത്‌ വിഷം ഉള്ളില്‍ ചെന്നാണെന്ന റിപ്പോര്‍ട്ടാണ്‌ അന്വേഷണം വീണ്ടും ഊര്‍ജിതപ്പെടാനിടയാക്കിയത്‌. സുനന്ദ മരിച്ചുകിടന്ന ലീലാ ഹോട്ടലിലെ ചില ജീവനക്കാരേയും തരൂരുമായി ബന്ധമുള്ളവരേയും ചോദ്യം ചെയ്‌തതായി സൂചനയുണ്ട്‌. സുനന്ദയുടെ മൂന്ന്‌ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ അയച്ചിരുന്നു. ഇതില്‍ നിന്ന്‌ എന്തെങ്കിലും വസ്‌തുക്കള്‍ നീക്കം ചെയ്‌തിട്ടുണ്ടോ എന്നും സുനന്ദ മരണത്തിനു മുമ്പ്‌ ആരെല്ലാമായി ബന്ധപ്പെട്ടിരുന്നു എന്നുമാണു പോലീസ്‌ അന്വേഷിക്കുന്നത്‌.
പോലീസ്‌ അന്വേഷണം വേണ്ട വിധത്തില്‍ അല്ലെന്നും സുനന്ദ മരിച്ചുകിടന്ന മുറിയുടെ ഫോട്ടോ പോലും കൈമാറാന്‍ പോലീസ്‌ തയാറായില്ലെന്നും പോസ്‌റ്റ്‌ മോര്‍ട്ടം ചെയ്‌ത എയിംസ്‌ ഡോക്‌ടര്‍മാര്‍ ആരോപിച്ചിരുന്നു. സുനന്ദയുടേത്‌ സ്വാഭാവിക മരണമാണെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ തരൂര്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന്‌ പോസ്‌റ്റ്‌ മോര്‍ട്ടത്തിന്‌ നേതൃത്വം നല്‍കിയ ഡോക്‌ടറുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദവുമായിരുന്നു. സുനന്ദയുടെ മരണശേഷം അടച്ചിട്ടിരുന്ന ഹോട്ടലിലെ മുറി അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും തുറന്നിരുന്നു. ഒരു ഗ്ലാസ്‌ പൊട്ടിയ നിലയിലും മരിച്ചുകിടന്ന ബെഡിലും കാര്‍പ്പെറ്റിലും ഏതോ ദ്രാവകം പടര്‍ന്നിരുന്നുവെന്നും പോലീസ്‌ കണ്ടെത്തുകയും ഇതു പരിശോധനയ്‌ക്ക്‌ അയയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്‌. അതോടൊപ്പം, ഹോട്ടല്‍ ജീവനക്കാര്‍ ചില സാധനങ്ങള്‍ സരോജിനി നഗര്‍ പോലീസ്‌ സ്‌റ്റേഷനില്‍ കൈമാറിയെങ്കിലും ചിലതു കാണാനില്ലെന്ന ആരോപണവുമുണ്ട്‌.
സുനന്ദയുടെ മരണത്തിനു കാരണമായ വിഷം ഏതെന്ന്‌ നിര്‍ണയിക്കാനുള്ള ശ്രമവും പോലീസ്‌ ആരംഭിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ ലാബുകളില്‍ ഇതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ലണ്ടനിലേക്ക്‌ ആന്തരികാവയവങ്ങള്‍ അയയ്‌ക്കാനാണ്‌ ആലോചന. സുനന്ദയെ റഷ്യന്‍ നിര്‍മിത വിഷം കുത്തിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു സ്വാമി നേരത്തെ ആരോപിച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.