Home » » രാധ വധം: സാക്ഷി വിസ്‌താരം പൂര്‍ത്തിയായത്‌ 39 ദിവസംകൊണ്ട്‌.

രാധ വധം: സാക്ഷി വിസ്‌താരം പൂര്‍ത്തിയായത്‌ 39 ദിവസംകൊണ്ട്‌.

Written By Unknown on Wednesday, 19 November 2014 | 02:27

മലപ്പുറം: നിലമ്പൂര്‍ രാധ വധക്കേസിന്റെ പ്രൊസിക്യൂഷന്‍ സാക്ഷി വിസ്‌താരം ജില്ലാ സെഷന്‍സ്‌ കോടതിയില്‍ 39 ദിവസംകൊണ്ട്‌ പൂര്‍ത്തിയായി. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ ഒന്നും രണ്ടും പ്രതികളായ ബിജുവിനെയും ഷംസുദ്ദീനെയും കോടതിയില്‍ ചോദ്യം ചെയ്യാന്‍ കേസ്‌ 29 ന്‌ വച്ചു.

ആകെയുള്ള 172 സാക്ഷികളില്‍ 108 പേരെ വിസ്‌തരിച്ചു. ആഗസ്റ്റ്‌ 25 ന്‌ ആണ്‌ സാക്ഷി വിസ്‌താരം തുടങ്ങേണ്ടിയിരുന്നത്‌. പ്രതികളിലൊരാള്‍ അഭിഭാഷകനെ മാറ്റിയതിനാല്‍ 29ന്‌ ആണ്‌ തുടങ്ങിയത്‌. 264 രേഖകള്‍, 165 തൊണ്ടിമുതലുകള്‍ എന്നിവ ഹാജരാക്കി. ജഡ്‌ജി പി.എസ്‌. ശശികുമാര്‍ കേസില്‍ രണ്ടായിരത്തോളം പേജില്‍ സ്വന്തം കൈപ്പടയില്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി. നാല്‌ സാക്ഷികള്‍ കൂറുമാറി. രണ്ടാം പ്രതി ഷംസുദ്ദീന്റെ ഭാര്യ, ഭാര്യാമാതാവ്‌, പിതാവ്‌, ബിജുവിന്റെ ഭാര്യാസഹോദരി എന്നിവരാണ്‌ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്‌. ശിവശങ്കരന്‍ എന്ന സാക്ഷി, വിസ്‌താരത്തിനു മുമ്പ്‌ മരിച്ചു.

കേസ്‌ വേഗം തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. അതനുസരിച്ച്‌ വൈകിട്ട്‌ അഞ്ചിനുശേഷവും ചില സാക്ഷികളെ വിസ്‌തരിക്കേണ്ടിവന്നു. ഒടുവില്‍ വിസ്‌തരിച്ച അന്വേഷണോദ്യോഗസ്ഥനായ തൃശൂര്‍ അസിസ്റ്റന്റ്‌ പോലീസ്‌ കമ്മീഷണര്‍ ശശിധരന്റെ വിസ്‌താരം പൂര്‍ത്തിയായത്‌ അഞ്ചുദിവസംകൊണ്ടാണ്‌.

മൂന്ന്‌ ഡിവൈഎസ്‌പിമാര്‍, രണ്ട്‌ സിഐമാര്‍, രണ്ട്‌ എസ്‌ഐമാര്‍, മൂന്ന്‌ അഡീഷനല്‍ എസ്‌ഐമാര്‍, സിപിഒമാര്‍ എന്നിവരെയും വിസ്‌തരിച്ചവരില്‍ ഉള്‍പ്പെടും. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സനല്‍ സ്റ്റാഫ്‌, നിലമ്പൂര്‍ നഗരസഭാ അധ്യക്ഷന്‍, കോണ്‍ഗ്രസിന്റെ നേതാക്കള്‍ എന്നവരെയും വിസ്‌തരിച്ചു.

രാധയുടെ മൃതദേഹം കണ്ട പരപ്പന്‍കുഴിചാല്‍ കുളത്തിലെ വെള്ളം ആന്തരികാവയവങ്ങളില്‍ കടന്നിട്ടുണ്ടോ എന്നറിയാന്‍ നടത്തിയ ടെസ്റ്റ്‌, ഡിഎന്‍എ പരിശോധന, സൈബര്‍ സെല്ലിന്റെ സേവനം, ഫോണ്‍ സേവന ദാതാക്കള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ തുടങ്ങി ഇത്രയധികം തെളിവുകള്‍ ഉപയോഗിച്ച്‌ സാക്ഷിവിസ്‌താരം നടത്തുന്നത്‌ മഞ്ചേരി കോടതിയില്‍ അപൂര്‍വമായാണ്‌. വനിതാ എഡിജിപി ബി. സന്ധ്യയുടെ മേല്‍നോട്ടത്തിലാണ്‌ കേസന്വേഷണം. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകന്‍ പി.ജി. മാത്യവും പ്രതിഭാഗത്തിനുവേണ്ടി വര്‍ഗീസ്‌, കെ.ആര്‍. ഷൈന്‍ എന്നിവരും ഹാജരായി.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.