Home » » ടി.ഒ സൂരജിന്റെ വസതികളിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവിവരങ്ങള്‍ വിജിലന്‍സ് കേസെടുത്തു.

ടി.ഒ സൂരജിന്റെ വസതികളിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവിവരങ്ങള്‍ വിജിലന്‍സ് കേസെടുത്തു.

Written By Unknown on Tuesday, 18 November 2014 | 21:57

തിരുവനന്തപുരം: കണക്കില്‍പെടാത്ത സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപണം നേരിടുന്ന പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ വസതികളിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്. എറണാകുളം വെണ്ണലയിലെ വീട്ടിലും തൃപ്പൂണിത്തുറയിലുള്ള ഗോഡൗണിലും ഭാര്യാവീട്ടിലും തിരുവനന്തപുരത്തെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ്. വിജിലന്‍സ് എറണാകുളം യൂണിറ്റിലെ അഞ്ച് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് റെയ്ഡ്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവിവരങ്ങള്‍ കണ്ടെടുത്തു. ബിനാമി പേരിലും ബന്ധുക്കളുടെ പേരിലുമുള്ള നിക്ഷേപവും ഇതില്‍പെടും. തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് 15 ലക്ഷം രൂപയും കണ്ടെടുത്തു. തിരുവനന്തപുരത്തും കൊച്ചിയിലും ഫ്ളാറ്റ് വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവ സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. ഇതേതുടര്‍ന്ന് സൂരജിനെതിരെ വിജിലന്‍സ് കേസെടുത്തു.

സൂരജിന്റെ ഭൂമിയിടപാട് കുറച്ചുകാലമായി വിജിലന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. സൂരജിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ എത്തി വിജിലന്‍സ് രേഖകള്‍ പരിശോധിച്ചിരുന്നു. എറണാകുളം ജില്ലയിലെ പലയിടങ്ങളിലും സൂരജ് ഭാര്യയുടെയും മക്കളുടെയും പേരില്‍ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി വാങ്ങിക്കൂട്ടിയതായി വ്യക്തമായിരുന്നു. അടുത്ത കാലത്ത് എറണാകുളം തീരദേശമേഖലയില്‍ വീട് വയ്ക്കുന്നതിന് സൂരജ് തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല.

സൂരജ് വെണ്ണലയില്‍ വാങ്ങിയ വില്ലയ്ക്കു മാത്രം മൂന്നേകാല്‍ കോടി രൂ വിലവരുമെന്നാണ് വിജിലന്‍സിന്റെ നിഗമനം. സര്‍ക്കാര്‍ സര്‍വീസില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്ന തസ്തികയിലാണ് സൂരജ് ആദ്യം സര്‍വീസില്‍ പ്രവേശിച്ചത്. പിന്നീട് 1994ല്‍ ഡെപ്യുട്ടി കലക്ടര്‍ സെലക്ഷന്‍ നേടി. പിന്നീടാണ് ഐ.എ.എസ് ലഭിച്ചത്. 2011 മുതലാണ് സെക്രട്ടറി തലത്തിലുള്ള തസ്തികകളില്‍ നിയമനം ലഭിച്ചത്. സര്‍വീസില്‍ പ്രവേശിക്കുന്ന കാലത്ത് കാര്യമായ സാമ്പത്തിക സ്ഥിതിയില്ലാതിരുന്ന സൂരജ് ഐ.എ.എസ് നേടി സുപ്രധാന പദവികള്‍ വഹിക്കുന്ന വേളയിലാണ് സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതെന്നും വിജിലന്‍സ് സംശയിക്കുന്നു.

ആദ്യകാലത്ത് കൊട്ടാരക്കരയിലെ സ്വന്തം വസ്തുവും ഭാര്യയുടെ പേരിലുള്ള വസ്തുവും വിറ്റവകയില്‍ നാലു ലക്ഷം രൂപ മാത്രമായിരുന്നു സുരജിന്റെ ആസ്തി. ഇപ്പോള്‍ അഞ്ചു കോടിക്കും പത്തുകോടിക്കുമിടയില്‍ സ്വത്തുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. സര്‍വീസിലിരിക്കേ മുന്‍പും അച്ചടക്ക നടപടി നേരിട്ടിട്ടുള്ള ഉദ്യോഗസ്ഥനാണ് സൂരജ്. രണ്ടാം മാറാട് കലാപസമയത്ത് കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന ടി.ഒ സൂരജ് കൃത്യവിലോപം കാട്ടിയെന്ന് അന്വേഷണ കമ്മിഷനായ ജസ്റ്റീസ് തോമസ് പി.ജോസഫ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.