Home » » മരുന്നുകമ്പനിയില്‍ നിന്ന്‌ ആനുകൂല്യം 300 ഡോക്‌ടര്‍മാര്‍ക്ക്‌ മെഡിക്കല്‍ കൗണ്‍സിലിന്റെ നോട്ടീസ്‌.

മരുന്നുകമ്പനിയില്‍ നിന്ന്‌ ആനുകൂല്യം 300 ഡോക്‌ടര്‍മാര്‍ക്ക്‌ മെഡിക്കല്‍ കൗണ്‍സിലിന്റെ നോട്ടീസ്‌.

Written By Unknown on Wednesday, 19 November 2014 | 02:42


  ന്യൂഡല്‍ഹി: മരുന്നുകമ്പനിയില്‍ നിന്ന്‌ ആനുകൂല്യം തേടിയെന്ന ആരോപണമുയര്‍ന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300 ഡോക്‌ടര്‍മാര്‍ക്ക്‌ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ (എം.സി.ഐ) നോട്ടീസ്‌ അയച്ചു. 166 ഡോക്‌ടര്‍മാരുടെ മൊഴിയെടുത്തെന്നും അന്വേഷണം പ്രാരംഭദശയിലാണെന്നും എം.സി.ഐ. സദാചാര സമിതി അംഗമായ ഡോ. കെ കെ അഗര്‍വാള്‍ പറഞ്ഞു.
മൊഴിയെടുത്ത 135 പേരോട്‌ വീണ്ടും ഹാജരാവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. വിലകൂടിയ മരുന്ന്‌ എഴുതുന്നതിന്‌ അഹമ്മദാബാദ്‌ ആസ്ഥാനമായ ഒരു കമ്പനിയില്‍ നിന്ന്‌ ലക്ഷക്കണക്കിന്‌ രൂപ കൈക്കൂലി വാങ്ങിയെന്നാണ്‌ ഡോക്‌ടര്‍മാര്‍ക്കെതിരായ ആരോപണം. കൂടാതെ ഡോക്‌ടര്‍മാര്‍ക്ക്‌ കാറുകള്‍ പാരിതോഷികമായി നല്‍കുകയും വിദേശ ടൂര്‍ പാക്കേജുകള്‍ നല്‍കുകയും ചെയ്‌തു.
ഡോക്‌ടര്‍മാരുടെ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ ആദായനികുതി രേഖകളും ബാങ്ക്‌ സ്റ്റേറ്റ്‌മെന്റുകളും പാസ്‌പോര്‍ട്ടുമാണ്‌ എം.സി.ഐ. പ്രധാനമായും പരിശോധിക്കുന്നത്‌. സദാചാര സമിതിക്കു മുന്നില്‍ സമയത്തു ഹാജരായില്ലെങ്കില്‍ ഡോക്‌ടര്‍മാര്‍ക്കെതിരെ ഏകപക്ഷീയമായി നടപടി സ്വീകരിക്കുമെന്നും എം.സി.ഐ. മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.
ഒരാഴ്‌ച സമയമാണ്‌ നോട്ടീസിന്‌ മറുപടി സമര്‍പ്പിക്കാന്‍ നല്‍കിയിരിക്കുന്നത്‌. ക്ലിനിക്കുകളിലുള്ള ടി.വിയില്‍ പരസ്യം നല്‍കുന്ന തിനാണ്‌ ഡോക്‌ടര്‍മാര്‍ക്ക്‌ കമ്പനി പ്രധാനമായും പണം നല്‍കിയതെന്ന്‌ കഴിഞ്ഞ ഡിസംബറില്‍ എം.സി.ഐക്കു ലഭിച്ച പരാതി പറയുന്നു.
പ്രവര്‍ത്തനം ആരംഭിച്ച്‌ അഞ്ചുവര്‍ഷത്തിനകം കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ്‌ 400 കോടിയായാണ്‌ വര്‍ദ്ധിച്ചത്‌. പ്രമുഖ മരുന്നു കമ്പനികളായ സിപ്‌ള, റാന്‍ബാക്‌സി, സണ്‍, അരിസ്റ്റോ, ആല്‍ക്കം, സൈഡസ്‌, കാഡില്ല എന്നിവരുടെ മരുന്നുകളെക്കാള്‍ 15-30 ശതമാനം വില കൂടുതലാണ്‌ ഈ കമ്പനിയുടെ മരുന്നുകള്‍ക്കെന്നും പരാതി ചൂണ്ടിക്കാട്ടുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.