Home » » വി.എസ്‌. അച്യുതാനന്ദന്റെ ജീവചരിത്രപുസ്‌തകം കെ കെ രമ പ്രകാശനം നടത്തി.

വി.എസ്‌. അച്യുതാനന്ദന്റെ ജീവചരിത്രപുസ്‌തകം കെ കെ രമ പ്രകാശനം നടത്തി.

Written By Unknown on Wednesday, 19 November 2014 | 05:30

തിരുവനന്തപുരം:  വി.എസ്‌. അച്യുതാനന്ദന്റെ ജീവചരിത്രപുസ്‌തകം കെ കെ രമ പ്രകാശനം നടത്തി. 'വി.എസ്‌. വേട്ടയാടപ്പെട്ട കമ്യൂണിസ്‌റ്റ്‌' എന്ന പുസ്‌തകത്തില്‍, പല കാലങ്ങളില്‍ അദ്ദേഹമെടുത്ത നിലപാടുകളെയും അദ്ദേഹത്തെ രാഷ്‌ട്രീയമായി നശിപ്പിക്കാന്‍ നോക്കിയതിന്റെയും വിവരണങ്ങളാണുള്ളത്‌. എന്‍.ആര്‍. പ്രദീപന്‍ എഴുതിയ പുസ്‌തകം സമര്‍പ്പിച്ചിരിക്കുന്നത്‌ 'ധീരനും അനശ്വരനുമായ കമ്യൂണിസ്‌റ്റ്‌ സഖാവ്‌ ടി.പി. ചന്ദ്രശേഖരനാ'ണ്‌. മാരാരിക്കുളത്തെ തോല്‍വിയും ലാവ്‌ലിന്‍ കേസില്‍ വി.എസ്‌. എടുത്ത നിലപാടുകളും മൂന്നാര്‍ ഒഴിപ്പിക്കലിനു തുരങ്കംവച്ചതുമെല്ലാം പുസ്‌തകത്തില്‍ പ്രതിപാദിക്കുന്നു. 18 അധ്യായങ്ങളിലായാണു വി.എസിന്റെ രാഷ്‌ട്രീയജീവിതം വരച്ചുകാട്ടുന്നത്‌. 'ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി തേടി സി.ബി.ഐ. ഗവര്‍ണറെ സമീപിച്ചു. ഗവര്‍ണര്‍ സര്‍ക്കാരിനോട്‌ അഭിപ്രായം ആരാഞ്ഞു. കുറേ ദിവസങ്ങളുടെ കൂടിയാലോചനകള്‍ക്കുശേഷം ലാവ്‌ലിന്‍ കരാര്‍ അഴിമതിയില്‍ പിണറായി വിജയനു പങ്കില്ലെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ സി.ബി.ഐക്ക്‌ അനുമതി നല്‍കരുതെന്നുമുള്ള അഡ്വക്കേറ്റ്‌ ജനറലിന്റെ കത്ത്‌ ഗവര്‍ണര്‍ക്കു നല്‍കാന്‍ തീരുമാനിക്കുന്നതിനായി മന്ത്രിസഭായോഗം കൂടി. അത്തരമൊരു കത്ത്‌ ഗവര്‍ണര്‍ക്കു നല്‍കുന്നതിനെ മുഖ്യമന്ത്രി വി.എസ്‌. എതിര്‍ത്തു. ഗവര്‍ണര്‍ സ്വയം തീരുമാനിക്കട്ടെ എന്ന വി.എസിന്റെ നിലപാടിനെ സി.പി.എം. മന്ത്രിമാരെല്ലാം എതിര്‍ത്തു. ഭരണഘടനപ്രകാരമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്നു പറഞ്ഞ വി.എസിനോട്‌, 'താങ്കള്‍ക്ക്‌ എന്നുമുതലാണ്‌ ഭരണഘടനയോട്‌ ഈ പ്രേമം തോന്നിത്തുടങ്ങിയത്‌' എന്നായിരുന്നു തോമസ്‌ ഐസക്കിന്റെ രോഷപ്രകടനം'- പുസ്‌തകത്തില്‍ വിവരിക്കുന്നു. പിണറായി വിഭാഗത്തെ അലോസരപ്പെടുത്തുന്ന പല ഓര്‍മപ്പെടുത്തലുകളും പുസ്‌തകത്തിലുണ്ട്‌.
വി.എസിന്റെ മനസില്‍ സൃഷ്‌ടിച്ച മായാത്ത മുറിവായിരുന്നു മാരാരിക്കുളം. അന്നാ കുരുതിക്കു നേതൃത്വം കൊടുത്ത നേതാവ്‌ പാര്‍ട്ടിയില്‍ പനപോലെ വളര്‍ന്നു.  സമുന്നതനായ നേതാവിനെതിരേ ചെയ്‌ത അരുതായ്‌മയുടെ പേരില്‍'. പുസ്‌തകത്തില്‍ ഇ. ബാലാനന്ദനെക്കുറിച്ചും പരാമര്‍ശമുണ്ട്‌. 'മരണപ്പെടുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ ഇന്ത്യാവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍, ലാവ്‌ലിന്‍ കരാര്‍ ഇടപാടില്‍ പിണറായി വിജയന്റെ നിലപാടു ശരിയല്ലെന്നു ബാലാനന്ദന്‍ പറഞ്ഞിരുന്നു. സി.ബി.ഐ. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ സന്ദര്‍ഭത്തില്‍, ലാവ്‌ലിന്‍ വിഷയത്തില്‍ കേന്ദ്രനേതൃത്വത്തിന്‌ കത്തുകളൊന്നും നല്‍കിയിട്ടില്ലെന്നാണു പിണറായി വിജയനും പ്രകാശ്‌ കാരാട്ടും പറഞ്ഞത്‌. ജീവിതസഖാവിന്റെ വിയോഗത്തില്‍ ദുഃഖിച്ചിരുന്ന സരോജിനി ബാലാനന്ദനെക്കൊണ്ട്‌ ആ കത്തുകളെ തള്ളിപ്പറയിപ്പിക്കുകകൂടി ചെയ്‌തു പാര്‍ട്ടി നേതൃത്വം. മാത്രമല്ല, ദേശാഭിമാനിയില്‍ പിണറായി വിജയന്റെ 'നിഷ്‌കളങ്കത'യെപ്പറ്റി പുകഴ്‌ത്തി എഴുതിപ്പിക്കുകയും ചെയ്‌തു.' വി.എസിന്റെ കുട്ടിക്കാലത്തെക്കുറിച്ചും പുസ്‌തകത്തില്‍ വിശദീകരിക്കുന്നുണ്ട്‌. എസ്‌. ജയചന്ദ്രന്‍നായരുടേതാണ്‌ അവതാരിക. മെലിന്‍ഡ ബുക്‌സാണു പ്രസാധകര്‍
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.