Home » » നാലരവയസ്സുകാരിയെ മതപഠന വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നു.

നാലരവയസ്സുകാരിയെ മതപഠന വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നു.

Written By Unknown on Wednesday, 19 November 2014 | 05:42

കോഴിക്കോട്: നാദാപുരം പാറക്കടവ് ദാറുല്‍ ഹുദ സ്‌കൂളില്‍ നാലരവയസ്സുകാരിയെ മതപഠന വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നു. അറസ്റ്റിലായ കുട്ടികളെ സംരക്ഷിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നടത്തുന്ന നീക്കമാണ് ജനകീയ പ്രതിഷേധത്തിന് ഇടയാക്കുന്നത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ ആരോപണം നടത്തിയതും നാട്ടുകാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച സര്‍വകക്ഷിയോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

മാനേജ്‌മെന്റിന്റെ നിലപാടിനെതിരെ ബാലാവകാശ കമ്മിഷനും രംഗത്തുവന്നു. മാനേജ്‌മെന്റിന്റെ പ്രസ്താവന അപകീര്‍ത്തികരമാണെന്ന് കമ്മിഷന്‍ അംഗം നസീര്‍ ചാലിയം പറഞ്ഞു. സ്‌കുള്‍ പ്രതിനിധി അബുറഹ്മാന്‍ സഖാഫിയുടെ പ്രസ്താവനയില്‍ വിശദീകരണം തേടുമെന്നും സ്ഥലം സന്ദര്‍ശിക്കുമെന്നും നസീര്‍ ചാലിയം പറഞ്ഞു.

അതിനിടെ, സ്‌കൂള്‍ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും തന്നെ വരുതിയിലാക്കാന്‍ ശ്രമിച്ചുവെന്ന് കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. പരാതി പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്തിയ അധികൃതര്‍ പണവും വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, കേസിലേക്ക് തന്നെ വലിച്ചിഴച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുകയായിരുന്നു. ഇത്തരം പ്രതികളെ സംരക്ഷിക്കുന്നയാളല്ല താനെന്നും ആര്യാടന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.