Home » » മലപ്പുറത്ത്‌ യു.ഡി.എഫ്‌. സംവിധാനം തകരുന്നു. 50 ഓളം പഞ്ചായത്തുകളില്‍ ലീഗ്‌ കോണ്‍ഗ്രസ്‌ പരസ്യ ഏറ്റുമുട്ടല്‍.

മലപ്പുറത്ത്‌ യു.ഡി.എഫ്‌. സംവിധാനം തകരുന്നു. 50 ഓളം പഞ്ചായത്തുകളില്‍ ലീഗ്‌ കോണ്‍ഗ്രസ്‌ പരസ്യ ഏറ്റുമുട്ടല്‍.

Written By Unknown on Tuesday, 11 November 2014 | 01:14



മലപ്പുറം : ചോക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ മുസ്‌ലിംലീഗ്‌ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്‌ സി.പി.എം.വോട്ട്‌ ചെയ്‌തു. ഇതിനെതുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആനിക്കോട്ടില്‍ ഉണ്ണികൃഷ്‌ണന്‍ പുറത്തായി. സി.പി.എമ്മിന്റെ രണ്ട്‌ വോട്ട്‌ ലഭിച്ചതോടെ പത്ത്‌ വോട്ടിന്‌ പ്രമേയം പാസ്സായി. കോണ്‍ഗ്രസ്സിനും ലീഗിനും എട്ടുവീതം അംഗങ്ങളാണുള്ളത്‌.
രാവിലെ പത്തിനു പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ചര്‍ച്ചയും വോട്ടെടുപ്പും കനത്ത പോലീസ്‌ കാവലിലാണ്‌ നടന്നത്‌. കോണ്‍ഗ്രസ്‌ അംഗങ്ങള്‍ യോഗത്തിനെത്തിയില്ല. 11 മണിയോടെ വോട്ടെടുപ്പ്‌ നടന്നു. സി.പി.എം. അംഗങ്ങള്‍ യോഗത്തിനെത്തില്ല എന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്‌. ലീഗിനെ പിന്തുണയ്‌ക്കുന്നതിനോടു സി.പി.എം.പ്രവര്‍ത്തകര്‍ കടുത്ത എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു.
ഇതിനെ മറികടന്ന്‌ ഏരിയാകമ്മറ്റിയുടെ അനുവാദത്തിലാണ്‌ അംഗങ്ങള്‍ ലീഗ്‌ അനുകൂലമായി വോട്ട്‌ ചെയ്‌തത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എട്ടു സീറ്റുവീതം നേടിയിരുന്നു യു.ഡി.എഫ്‌. ആദ്യ രണ്ടരവര്‍ഷം ലീഗാണ്‌ പഞ്ചായത്ത്‌ ഭരിച്ചത്‌. ഇപ്പോള്‍ പുറത്തായ പ്രസിഡന്റ്‌ അന്ന്‌ ലീഗ്‌ പ്രസിഡന്റിനു വിശ്വാസവോട്ട്‌ നല്‍കിയിരുന്നില്ല. അന്നുതൊട്ടെ അകല്‍ച്ചയിലായിരുന്ന ലീഗും കോണ്‍ഗ്രസും ഉന്നത നേതൃത്വങ്ങള്‍ക്കു വഴങ്ങിയിരുന്നില്ല. അതേസമയം പുതിയ പ്രസിഡന്റായി ആരു വരുമെന്നു ഇതുവരെ തീരുമാനമായിട്ടില്ല. അഞ്ചാം വാര്‍ഡില്‍ നിന്നു ലീഗ്‌ സ്വതന്ത്രനായി വിജയിച്ച പൈനാട്ടില്‍ അശ്‌റഫിനാണു കൂടുതല്‍ സാധ്യത. എന്നാല്‍, പുതിയ പ്രസിഡന്റിന്റെ വിശ്വാസ വോട്ടെടുപ്പിനു സി.പി.എം.പിന്തുണ ലഭിക്കുമെന്നുറപ്പുമില്ല. അതിനാല്‍, ചോക്കാട്‌ പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണു വിലയിരുത്തല്‍.

പ്രദേശത്ത്‌ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ
പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ മുസ്‌ലിംലീഗ്‌ കൊണ്ടുവന്ന അവിശ്വാസത്തിന്മേലുള്ള വോട്ടെടുപ്പിനുശേഷം മണിക്കൂറുകളോളം ചോക്കാട്‌ സംഘര്‍ഷാവസ്ഥ.
അവിശ്വാസം വിജയിച്ചതിന്റെ ആഹ്ലാദപ്രകടനത്തില്‍ മെമ്പര്‍മാരെ മുന്നില്‍ നിര്‍ത്തി ലീഗ്‌ പ്രകടനം നടത്തി. അതിനിടെ പുറകത്താക്കപ്പെട്ട പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രകടനവും ചോക്കാട്ടങ്ങാടിയില്‍ നടന്നു. ഇരു പ്രകടനങ്ങളും അങ്ങാടിയില്‍ മുഖാമുഖം പോര്‍വിളിമുഴക്കി. കോണ്‍ഗ്രസ്‌ പ്രകടനത്തെ നൂറുമീറ്റര്‍ അകലെ തടയാന്‍ പോലീസ്‌ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ്‌ ഇരുകൂട്ടരും വിളിച്ചത്‌. വണ്ടൂര്‍ സി.ഐ.യുടെ നേതൃത്വത്തില്‍ ദ്രുതകര്‍മ സേനയടക്കം വന്‍ പോലീസ്‌ സംഘം സ്ഥലത്തുണ്ടായിരുന്നു. വളരെ പാടുപെട്ടാണ്‌ പോലീസ്‌ രംഗം ശാന്തമാക്കിയത്‌.
വൈസ്‌ പ്രസിഡന്റിനെതിരേയും അവിശ്വാസ പ്രമേയം

അവിശ്വാസ പ്രമേയത്തിലൂടെ പഞ്ചായത്ത്‌ പ്രസിഡന്റിനെ പുറത്താക്കിയതിന്റെ പിറകെ വൈസ്‌ പ്രസിഡന്റിനെതിരെയും മുസ്‌ലിംലീഗ്‌ അവിശ്വാസത്തിന്‌ നോട്ടീസ്‌ നല്‍കി. കാളികാവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡവലപ്പ്‌മെന്റ്‌ ഓഫീസര്‍ ജോസ്‌ ജോസഫ്‌ മുമ്പാകെയാണ്‌ നോട്ടീസ്‌ നല്‍കിയത്‌. 15 ദിവസത്തിനുള്ളില്‍ ഇതു നടക്കും.
എട്ടാം വാര്‍ഡ്‌ അംഗമായ അന്നമ്മ മാത്യുവാണ്‌ വൈസ്‌ പ്രസിഡന്റ്‌. മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി അബ്‌ദുല്‍ഹമീദാണ്‌ നോട്ടീസ്‌ നല്‍കിയത്‌. അംഗങ്ങളായ എം.ടി ഹംസ ടി.എ.ഷമീര്‍ ജംഷിര്‍ പുന്നക്കാടന്‍, സല്‍മാന്‍ മാഞ്ചേരി പങ്കെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.