മലപ്പുറം : നിലമ്പൂര്‍ രാധ വധക്കേസിന്റെ വിചാരണയും അനന്തര നടപടികളും അന്തിമഘട്ടത്തിലേക്ക്. ഒന്നാം പ്രതി നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറി നിലമ്പൂര്‍ എല്‍.ഐ.സി.റോഡിലെ ബിജ്‌ന ഹൗസില്‍ വി.കെ.ബിജുനായര്‍ക്ക് രാധയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് സാക്ഷിമൊഴി.
ഐ.പി.സി.302 കൊലപാതകം, 375 ലൈംഗികാതിക്രമം, 122 ഗൂഢാലോചന, 201 തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയതായും അന്വേഷണോദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. പ്രതികളുടെ ഭാര്യമാരും ബന്ധുക്കളുമായ നാലുപേര്‍ മാത്രമാണ് കോടതിയില്‍ കൂറുമാറിയത്. മറ്റെല്ലാ സാക്ഷികളും പോലീസിനു നല്‍കിയ മൊഴി തന്നെയാണ് കോടതിയിലെ വിചാരണക്കിടയിലും ആവര്‍ത്തിച്ചത്. ഇനി പ്രതികളെ ചോദ്യ ചെയ്യും. തുടര്‍ന്ന് ഇരുവിഭാഗം അഭിഭാഷകരുടെയും വാദം കോടതികേള്‍ക്കും. നാലു മാസത്തിനിടയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പ്രസ്‌താവിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ, വൈകാതെ മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി പി.എ.ശശികുമാര്‍ രാധാ വധക്കേസ് വിധി പുറപ്പെടുവിക്കും.
അതേ സമയം, നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസും രാധയുടെ മൃതദേഹവും കാണപ്പെട്ട ചുള്ളിയോട് ഉണ്ണിക്കുളത്തെ കുളവും സന്ദര്‍ശിച്ചുവെന്ന് ക്രൈംബ്രാഞ്ച് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ശശിധരന്‍ സാക്ഷിവിസ്‌താരത്തിനിടയില്‍ കോടതിയില്‍ മൊഴിനല്‍കി. ഇക്കാര്യങ്ങളെല്ലാം അന്വേഷണ മേധാവിയോടും പറഞ്ഞിട്ടുണ്ട്. ജയിലില്‍ പോയി പ്രതികളായ ബിജു, ഷംസുദ്ദീന്‍ എന്നിവരില്‍ നിന്നുമൊഴിയെടുത്തതായി എ.സി.പി.കോടതിയില്‍ ബോധിപ്പിച്ചു.
പ്രതികളുടെ കുറ്റസമ്മത പ്രകാരം ഒന്നാംപ്രതിയുടെ വീട്ടിലും രണ്ടാം പ്രതിയുടെ ഭാര്യ വീട്ടിലും പോയി തൊണ്ടികള്‍ കണ്ടെടുത്തു.
രാധയെ വധിക്കുന്നതിനു മുമ്പ് രണ്ടു തവണ വധശ്രമം നടത്തിയതായി തന്നോടു പ്രതി ബിജു ജയിലില്‍വച്ച് കുറ്റസമ്മത മൊഴി നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ മേധാവിയുടെ വിസ്‌താരം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഇന്നും വിചാകണയുണ്ടാവും. ക്രോസ് വിസ്‌താരം ഇന്നു തീരും.







