Home » » ഡി.സി.സി.ഓഫീസിലെ സംഘര്‍ഷം : അന്വേഷണമാരംഭിച്ചു.

ഡി.സി.സി.ഓഫീസിലെ സംഘര്‍ഷം : അന്വേഷണമാരംഭിച്ചു.

Written By Unknown on Tuesday, 11 November 2014 | 01:18


മലപ്പുറം : ഞായറാഴ്‌ച ഡി.സി.സി. ഓഫീസിലുണ്ടായ അനിഷ്‌ട സംഭവങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി ഡി.സി.സി.പ്രസിഡന്റ്‌ ഇ മുഹമ്മദ്‌ കുഞ്ഞി അറിയിച്ചു.
മാതൃഭൂമി ന്യൂസ്‌ കാമറാമാനായ മില്‍ട്ടന്‌ പരിക്കേറ്റ സംഭവത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അന്വേഷണത്തിനായി ജില്ലാ കോണ്‍ഗ്രസ്‌ സെക്രട്ടറിമാരായ പി.രാധാകൃഷ്‌ണന്‍, എ.കെ.അബ്‌ദുറഹ്‌മാന്‍ എന്നിവരെ ചുമതലപ്പെടുത്തിയതായും അവരുടെ റിപ്പോര്‍ട്ട്‌ കിട്ടിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ്‌ പറഞ്ഞു. മലപ്പുറം മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡിലെ ബൂത്ത്‌ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മണ്ഡലം കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സ്വീകരിച്ച നിരുത്തരവാദിത്വരമായ നിലപാടാണ്‌ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നാണ്‌ എ ഗ്രൂപ്പ്‌ പറയുന്നത്‌. കോണ്‍ഗ്രസ്‌ ബൂത്ത്‌ തിരഞ്ഞെടുപ്പില്‍ മൂന്നാം വാര്‍ഡില്‍ രണ്ട്‌ കമ്മിറ്റികളാണ്‌ ഉണ്ടായത്‌.
എ, ഐ ഗ്രൂപ്പുകള്‍ വേറെ വേറെ കമ്മിറ്റികളുണ്ടാക്കി. ഇരു വിഭാഗത്തെയും കോണ്‍ഗ്രസ്‌ അംഗീകരിക്കാതെ ബൂത്ത്‌ കമ്മിറ്റി മരവിപ്പിച്ചു നിര്‍ത്തുകയായിരുന്നു. എന്നാല്‍, കെ.പി.സി.സി.പ്രസിഡന്റിന്റെ ജനപക്ഷ യാത്രയുടെ അവലോകന യോഗത്തില്‍ മലപ്പുറം മണ്ഡലം കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌, മൂന്നാം വാര്‍ഡിലേക്കുള്ള കൂപ്പണുകള്‍ ഐ വിഭാഗത്തെ ഏല്‍പ്പിക്കുകയും വിശദീകരണത്തിനായി ആ വിഭാഗത്തിന്റെ പ്രസിഡന്റിനെ ക്ഷണിക്കുകയും ചെയ്‌തു. ഇതിനെതിരേ ഒരു കൂട്ടം പ്രവര്‍ത്തകര്‍ രംഗത്തുവരികയും, പാര്‍ട്ടി ഇരുകമ്മിറ്റികളെയും മരവിപ്പിച്ചതിനാല്‍ ഒരു വിഭാഗത്തിന്റെ മാത്രം കമ്മിറ്റിയെ പരിഗണിക്കുന്നത്‌ ശരിയല്ലെന്നു പറയുകയും ചെയ്‌തു. ഇതോടെയാണ്‌ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്‌.

മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു.
മലപ്പുറം : ഡി.സി.സി. ഓഫീസിലെ സംഘര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാതൃഭൂമി ന്യൂസ്‌ കാമറാമാനെ മര്‍ദ്ദിച്ചതില്‍ പത്ര പ്രവര്‍ത്തകര്‍ യൂനിയന്‍ പ്രസിഡന്റ്‌ അബ്‌ദുല്‍ ലത്തീഫ്‌ നഹയും സെക്രട്ടറി സിദ്ദിഖ്‌ പെരിന്തല്‍മണ്ണയും പ്രതിഷേധിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.