Home » » ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനും എവുപ്രാസ്യമ്മയും അടക്കം ആറു പുണ്യാത്മാക്കള്‍ വിശുദ്ധപദവിയില്‍.

ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനും എവുപ്രാസ്യമ്മയും അടക്കം ആറു പുണ്യാത്മാക്കള്‍ വിശുദ്ധപദവിയില്‍.

Written By Unknown on Sunday, 23 November 2014 | 07:39

വത്തിക്കാന്‍: ഭാരത കത്തോലിക്കാസഭയ്‌ക്ക്‌ ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും പുണ്യം പകര്‍ന്ന്‌ സിഎംഐ, സിഎംസി സഭകളുടെ സ്ഥാപകന്‍ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനും സിഎംസി സഭാംഗം എവുപ്രാസ്യമ്മയും അടക്കം ആറു പുണ്യാത്മാക്കള്‍ വിശുദ്ധപദവിയില്‍.


ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഇവരെ പരിശുദ്ധവും അവിഭക്തവുമായ ത്രിത്വത്തിന്റെ മഹത്വത്തിനുവേണ്‌ടിയും കത്തോലിക്കാ വിശ്വാസത്തിന്റെ പുകഴ്‌ചയ്‌ക്കുവേണ്‌ടിയും ക്രിസ്‌തീയ ജീവിതത്തിന്റെ അഭിവൃദ്ധിക്കുവേണ്‌ടിയും ശ്ലൈഹികാധികാരമുപയോഗിച്ചു വിശുദ്ധരായി പ്രഖ്യാപിച്ചു. ഇറ്റലിക്കാരായ ജൊവാനി അന്തോണിയോ ഫെറീന, അമാത്തോ റങ്കോണി, നിക്കോള ദ ലോംഗോബാര്‍ഡി, ലുദോവികോ ദ കസോറിയ എന്നിവരാണ്‌ ചാവറയച്ചനും എവുപ്രാസ്യമ്മയ്‌ക്കുമൊപ്പം വിശുദ്ധഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ടത്‌.

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു മൂന്നിനു ഫ്രാന്‍സിസ്‌ മാര്‍പാപ്പ തിരുക്കര്‍മവേദിയില്‍ പ്രവേശിച്ചതോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തലവന്‍ കര്‍ദിനാള്‍ ആഞ്ചെലോ അമാത്തോ, ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും പോസ്റ്റുലേറ്റര്‍ റവ. ഡോ. ചെറിയാന്‍ തുണ്‌ടുപറമ്പില്‍ സിഎംഐ, മറ്റു നാലു വാഴ്‌ത്തപ്പെട്ടവരുടെയും പോസ്റ്റുലേറ്റര്‍മാര്‍, കര്‍ദിനാള്‍മാര്‍, ആര്‍ച്ച്‌ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ തുടങ്ങിയവരാല്‍ അനുഗതനായാണു മാര്‍പാപ്പ എത്തിയത്‌. നാമകരണ സംഘത്തലവന്‍ കര്‍ദിനാള്‍ അമാത്തോ, ആറു വാഴ്‌ത്തപ്പെട്ടവരെയും വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കണമേ എന്നു മാര്‍പാപ്പയോട്‌ അഭ്യര്‍ഥിച്ചുകൊണ്‌ട്‌ അവരുടെ ലഘു ജീവിതചരിത്രം വിവരിച്ചു. 

തുടര്‍ന്നു സകല വിശുദ്ധരുടെയും ലുത്തിനിയ. അനന്തരം മാര്‍പാപ്പ ഔദ്യോഗിക നാമകരണ പ്രഖ്യാപനം നടത്തും. അതോടെ സാര്‍വത്രിക സഭയുടെ വണക്കത്തിനായി നവവിശുദ്ധരുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ പ്രതിഷ്‌ഠിച്ചു.

വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുശേഷിപ്പ്‌ വൈസ്‌ പോസ്റ്റുലേറ്റര്‍ ഫാ. ജയിംസ്‌ മഠത്തിക്കണ്‌ടം സിഎംഐയും, വാഴ്‌ത്തപ്പെട്ട എവുപ്രാസ്യമ്മയുടെ തിരുശേഷിപ്പ്‌ സിഎംസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സാങ്‌റ്റയും അള്‍ത്താരയിലേക്കു സംവഹിച്ചു. തുടര്‍ന്നു പരിശുദ്ധ പിതാവ്‌ ഗ്ലോറിയ സ്‌തുതിപ്പ്‌ ആരംഭിക്കുകയും ഗായകസംഘത്തോടൊപ്പം ഏവരും ഏറ്റുപാടി. 

സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ, വരാപ്പുഴ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍, ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, തൃശൂര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, കോട്ടയം ആര്‍ച്ച്‌ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ എന്നിവരും മറ്റു മെത്രാന്മാരും മാര്‍പാപ്പയുടെ സഹകാര്‍മികരായിരുന്നു. 

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.