Home » » കാട്ടുപന്നികളെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പിന്നാമ്പുറം :-

കാട്ടുപന്നികളെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പിന്നാമ്പുറം :-

Written By Unknown on Saturday, 15 November 2014 | 01:32

കാട്ടുപന്നികളെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പിന്നാമ്പുറം :-
മലപ്പുറം : കാട്ടുപന്നികളെ വെടിവെച്ച്‌ കൊല്ലാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്‌ കര്‍ഷക ദ്രോഹം. 2011 ജൂണ്‍ 23ന്‌ ജിഒ (ആര്‍ടി) നമ്പര്‍ 281/2011/വനം പ്രകാരം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്‌ ഒരു കാട്ടുപന്നിയെ പോലും കൊല്ലാന്‍ കഴിയാത്ത വിധത്തിലുള്ളതാണ്‌. കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചാല്‍ ഫോറസ്റ്റ്‌ റെയ്‌ഞ്ചര്‍ക്ക്‌ കൊലപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ കര്‍ഷകന്‍ അപേക്ഷ നല്‍കണം, അപേക്ഷ നല്‍കുമ്പോള്‍ കൃഷിയുടെ സ്ഥാനം, വിളകള്‍ക്കുണ്ടായ നാശനഷ്‌ടം, ആക്രമകാരികളായ കാട്ടുപന്നികളുടെ എണ്ണം എന്നിവ സമര്‍പ്പിക്കണം. ഇപ്രകാരം ലഭിക്കുന്ന അപേക്ഷയില്‍ പന്നി നിരന്തരം ശല്ല്യമുണ്ടാക്കുന്നതാണോയെന്ന്‌ സമിതിക്ക്‌ പരിശോധിച്ച്‌ ബോധ്യപ്പെടണം. തോക്കുമായി വരുമ്പോള്‍ പന്നി വനത്തിലേക്ക്‌ ഓടാന്‍ സാധ്യതയുണ്ടെങ്കില്‍ വെടി വെയ്‌ക്കരുത്‌. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നി ആണാണോ, പെണ്ണാണോ എന്ന്‌ പരിശോധിക്കണം, പെണ്ണാണെങ്കില്‍ ഗര്‍ഭിണിയായ പന്നി കൃഷി നശിപ്പിച്ചാല്‍ കൊല്ലരുത്‌, ബഹളം വെച്ച്‌ കാട്ടിലേക്ക്‌ വേദനിപ്പിക്കാതെ കയറ്റിവിടണം, മുലയൂട്ടുന്ന പന്നികള്‍ കൃഷി നശിപ്പിച്ചാല്‍ യാതൊരു കാരണവശാലും കൊല്ലരുത്‌, അംഗീകൃത പട്ടികവര്‍ഗ്ഗ കോളനിയില്‍ ഒഴികെ മറ്റ്‌ വനപ്രദേശങ്ങളില്‍ യാതൊരു കാരണവശാലും കാട്ടുപന്നികളെ വെടിവെച്ച്‌ കൊല്ലാന്‍ പാടില്ല, സര്‍ക്കാര്‍ നിര്‍മ്മിച്ച സോളാര്‍ ഫെന്‍സിംങ്‌, ട്രഞ്ച്‌ എന്നിവയുള്ള സ്ഥലത്ത്‌ കാട്ടുപന്നി കൃഷി നശിപ്പിച്ചാല്‍ കൊല്ലാന്‍ പാടില്ല എന്നിവയാണ്‌ ഉത്തരവിലെ പ്രധാന നിബന്ധനകള്‍. നിബന്ധന മറികടന്ന്‌ ആരെങ്കിലും വെടിവെച്ചാല്‍ വനംവകുപ്പ്‌ കേസ്സെടുത്ത്‌ ജാമ്യമില്ലാത്ത വകുപ്പില്‍ ജയിലിലടക്കും. കാര്‍ഷിക വിളകളെ സംരക്ഷിക്കാന്‍ കാട്ടുപന്നികളുടെ പെരുപ്പം നിയന്ത്രിക്കുന്നതിന്‌ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ്‌ കര്‍ഷകര്‍ക്ക്‌ കൂടുതല്‍ പൊല്ലാപ്പായ സ്ഥിതിയാണ്‌. സര്‍ക്കാര്‍ ഉത്തരവിട്ട്‌ മൂന്ന്‌ വര്‍ഷം പിന്നിട്ടിട്ടും ഒരു കാട്ടുപന്നിയെ പോലും കൊല്ലാന്‍ ആരും അപേക്ഷ നല്‍കിയിട്ടില്ലെന്ന്‌ നിലമ്പൂര്‍ നോര്‍ത്ത്‌, സൗത്ത്‌ ഡി.എഫ്‌.ഒ.മാര്‍ പറഞ്ഞു. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ കര്‍ഷകര്‍ക്ക്‌ വെടിവെച്ച്‌ കൊല്ലാം എന്നാണ്‌ ഉത്തരവിറക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്‌. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവായി ഫോറസ്റ്റ്‌ ഓഫീസിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ വാക്കുകേട്ട്‌ വെടിവെച്ച കര്‍ഷകര്‍ ജയിലിലാകുന്ന സ്ഥിതിയിലായി. കാട്ടുപന്നിയെ കൃഷിയിടത്തില്‍വച്ച്‌ വെടിവച്ച കുറ്റത്തിന്‌ നിലമ്പൂര്‍ സൗത്ത്‌, നോര്‍ത്ത്‌ ഡിവിഷനുകളിലായി മൂന്നര വര്‍ഷത്തിനിടയില്‍ വിവിധ കേസുകളിലായി പതിനേഴ്‌ പേരാണ്‌ ജയിലില്‍ കിടന്നത്‌. കാട്ടുപന്നികള്‍ ക്രമാതീധമായി വളര്‍ന്നിട്ടുണ്ടെന്നും, നിയന്ത്രിക്കാന്‍ സംവിധാനം വേണമെന്നുമുള്ള സര്‍ക്കാര്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ കൃഷി നശിപ്പിക്കുന്ന പന്നിയെ കൊല്ലാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്‌. എന്നാല്‍ ഉത്തരവ്‌ പ്രകാരം ഒരു കാട്ടുപന്നിയെ പോലും കൊല്ലാന്‍ കഴിയില്ല എന്ന്‌ കര്‍ഷകര്‍ക്ക്‌ ബോധ്യപ്പെട്ടതിനാല്‍ ഒരു അപേക്ഷപോലും ആരും നല്‍കിയിട്ടില്ല. ഡി.എഫ്‌.ഒ., സ്ഥലം എം.എല്‍.എ., പഞ്ചായത്ത്‌ പ്രസിഡന്റ്‌, കര്‍ഷക പ്രതിനിധി, സന്നദ്ധ സംഘടനാ പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തി രൂപീകരിക്കേണ്ട മോണിറ്ററിംഗ്‌ കമ്മറ്റിയും നിലവിലില്ല. കാട്ടുപന്നികളെ വനത്തിനുള്ളില്‍ സംരക്ഷിക്കാന്‍ വനംവകുപ്പിന്‌ ബാധ്യതയുണ്ടെന്നും, കൃഷിയിടത്തിലെത്തിയാല്‍ തടയാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരുമാണ്‌ എന്നതാണ്‌ വസ്‌തുത. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ്‌ ഇത്‌ രണ്ടിനും ഫലപ്രദമല്ല. മലപ്പുറം ജില്ലയിലെ കിഴക്കന്‍ മലയോരമേഖലയില്‍ ഓരോ മാസവും ലക്ഷങ്ങളുടെ കൃഷിയാണ്‌ കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്‌. കര്‍ഷകനെ കൂടുതല്‍ ദ്രോഹിക്കുന്ന ഉത്തരവാണ്‌ സര്‍ക്കാര്‍ ഇറക്കിയത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.