തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരേ പുതിയ അഴിമതി ആരോപണം. കേരളത്തില്‍ ആരംഭിക്കാന്‍ പോകുന്ന 1200 പെട്രോള്‍ പമ്പുകള്‍ക്ക് എന്‍.ഒ.സി. നല്‍കാതിരിക്കാന്‍ മാണി കൈക്കൂലി ആവശ്യപ്പെട്ടെന്നും അഡ്വാന്‍സ് തുകയായി മൂന്നു ലക്ഷം രൂപ കൈപ്പറ്റിയെന്നൂം ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംഘടനാ ഭാരവാഹികള്‍ സമ്മതിക്കുന്നഫോണ്‍ സംഭാഷണം കൈരളി- പീപ്പിള്‍ ചാനലാണു പുറത്തുവിട്ടത്. സംഘടനയുടെ ഭാരവാഹികള്‍ മന്ത്രി കെ.എം. മാണിയുടെ ചേംബറിലെത്തി ആദ്യഗഡു നല്‍കിയതായി സംഭാഷണത്തില്‍ പറയുന്നു. ഫെഡറേഷന്റെ ജില്ലാ ഭാരവാഹികളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘടനയുടെ സംസ്‌ഥാന ഭാരവാഹികളോട് ചാനല്‍ റിപ്പോര്‍ട്ടര്‍ സംസാരിച്ചത്.
ഫെഡറേഷന്‍ സംസ്‌ഥാന പ്രസിഡന്റ് എസ്. മുരളീധരനും വൈസ്‌പ്രസിഡന്റ് കെ.പി. ശിവാനന്ദനും പുതിയ പമ്പുകള്‍ ആരംഭിക്കുന്നതിനുള്ള എന്‍.ഒ.സിയുടെ നിബന്ധനങ്ങള്‍ കര്‍ക്കശമാക്കാനാണ് കെ.എം. മാണിയെ സമീപിച്ചതെന്നു പറയുന്നു. കേന്ദ്രപൊതുമേഖലാ സ്‌ഥാപനങ്ങളെ ധനമന്ത്രിയെന്ന നിലയില്‍ സ്വാധീനിച്ച് എന്‍.ഒ.സിയുടെ കാര്യങ്ങള്‍ കര്‍ക്കശമാക്കാമെന്നു മാണി ഉറപ്പുനല്‍കിയതായി അവര്‍ പറയുന്നു.
കോഴപ്പണമായി മൂന്നുകോടി നല്‍കാന്‍ തീരുമാനിച്ചിരുന്നതായാണ് വിവരം. പക്ഷേ രണ്ടാംഗഡു നല്‍കാനായില്ലെന്നും ഭാരവാഹികള്‍ ടെലഫോണ്‍ സംഭാഷണത്തിനിടെ പറയുന്നു. അപ്പോഴേക്കും കെ.എം. മാണി ബാര്‍കോഴ ആരോപണത്തില്‍പ്പെട്ടു. ബാര്‍ കോഴ കേസില്‍ മാണിയെ മാത്രം പെടുത്തിയതാണ്. ബാര്‍കോഴയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നും ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നോര്‍ത്ത് സോണ്‍ വൈസ്‌പ്രസിഡന്റ കെ.പി. ശിവാനന്ദന്‍ സംഭാഷണത്തില്‍ പറയുന്നു. ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ യോഗത്തിന് ശേഷം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ക്ക് അയച്ചുകൊടുത്ത മിനിറ്റ്‌സില്‍ കോഴ നല്‍കിയെന്ന് പരാമര്‍ശിക്കുന്നുണ്ട്. മന്ത്രിയുടെ പേരു പരാമര്‍ശിക്കുന്നില്ലെങ്കിലും മൂന്നുലക്ഷം രൂപ നല്‍കിയെന്നും വളരെ പണിപ്പെട്ടാണ് തുക സംഘടിപ്പിച്ചതെന്നും മിനിട്‌സില്‍ പ്രസിടന്റും ട്രഷററും വ്യക്‌തമാക്കുന്നുണ്ട്.








