Home » » പ്രസംഗത്തിന്റെ പേരില്‍ മണിക്കെതിരെ കേസെടുക്കാന്‍ കഴിയില്ല ; തുടരന്വേഷണം ഹൈക്കോടതി തള്ളി.

പ്രസംഗത്തിന്റെ പേരില്‍ മണിക്കെതിരെ കേസെടുക്കാന്‍ കഴിയില്ല ; തുടരന്വേഷണം ഹൈക്കോടതി തള്ളി.

Written By Unknown on Monday, 24 November 2014 | 07:47

കൊച്ചി: വണ്ടിപ്പെരിയാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബാലു കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 

സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തണമെന്നതായിരുന്നു സര്‍ക്കാരിന്‍െ ആവശ്യം. എന്നാലത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. കേസിന്റെ വാദം കേള്‍ക്കുന്നത് നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.

മണിക്കെതിരെ അന്വേഷണം നടത്താന്‍ വേണ്ടെത്ര തെളിവ് ലഭിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. പ്രസംഗത്തിന്റെ പേരില്‍ മണിക്കെതിരെ കേസെടുക്കാന്‍ കഴിയില്ല. താന്‍ ആരെയും കൊന്നുവെന്ന് മണി പറഞ്ഞിട്ടില്ല. അയ്യപ്പദാസ് എന്നയാളെ കൊന്നത് ഉമ്മന്‍ചാണ്ടിയുടെ ആളുകളാണെന്നും മണി പറഞ്ഞിരുന്നു. എന്തു കൊണ്ടാണ് ഇതിനെക്കുറിച്ച് അന്വേഷണം നടത്താതിരുന്നത്-ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍, ബാബു മാത്യു, പി. ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കിയാല്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്നവര്‍ക്ക് ജാമ്യം അനുവദിക്കേണ്ടിവരുമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ചൂണ്ടിക്കാട്ടിയിരുന്നു.


രണ്ട് വര്‍ഷം മുന്‍പാണ് ഇടുക്കിയിലെ മണക്കാട്ട് നടന്ന പൊതുയോഗത്തില്‍ മണി വിവാദ പ്രസംഗം നടത്തിയത്. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയ ശീലം സി.പി. എമ്മിനുണ്ടെന്നും ഇതിന് ഉദാഹരണമാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ അയ്യപ്പദാസിനെ കൊന്ന ബാലുവിനെ വകവരുത്തിയതെന്നായിരുന്നു മണിയുടെ പ്രസംഗം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.