എടക്കര: കോടതി ഉത്തരവിനും, ജനങ്ങളുടെ
എതിര്‍പ്പിനും പുല്ലുവില, ചട്ടങ്ങള്‍ ലംഘിച്ച് എടക്കരയില്‍ സ്വകാര്യ
മത്സ്യ, മാംസ മാര്‍ക്കറ്റ്. എടക്കരയിലെ പുതിയ ബസ് സ്റ്റാന്റിനോട്
ചേര്‍ന്ന് സ്വകാര്യ വ്യക്തി നിര്‍മ്മിച്ച മത്സ്യ, മാംസ മാര്‍ക്കറ്റിനാണ്
നിയമവും നീതിയും കാറ്റില്‍പറത്തി ഗ്രാമപഞ്ചായത്ത് ലൈസന്‍സ് നല്‍കിയത്.
നഗര ഹൃദയത്തില്‍ ്രപവര്‍ത്തനമാരംഭിച്ച മാര്‍ക്കറ്റിനെതിരെ നാല്
പരാതികളാണ് ഗ്രാമപഞ്ചായത്തിനും, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും
ലഭിച്ചത്. എടക്കര സ്വദേശികളായ മുടമംഗലത്ത് മാമുട്ടി, ഡോ. ഹംസ എന്നിവരും,
നൂറ്റി ഇരുപത്തിയഞ്ചോളം പൊതുജനങ്ങളും, രോഗികളും, അന്‍പതോളം
കച്ചവടക്കാരുമാണ് ജനവാസ കേന്ദ്രത്തിലെ മത്സ്യ, മാംസ മാര്‍ക്കറ്റിനെതിരെ
പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ആഗസ്റ്റിലാണ്
അധികൃതര്‍ക്ക് പരാതികള്‍ ലഭിച്ചത്. എന്നാല്‍ പരാതികള്‍ പരിഗണിക്കാതെ
കഴിഞ്ഞ മാസം നാലിന് സ്വകാര്യ മാര്‍ക്കറ്റിന് അധികൃതര്‍ ലൈസന്‍സ്
നല്‍കുകയാണുണ്ടായത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും, മലിനീകരണ നിയന്ത്രണ
ബോര്‍ഡിന്റെയും നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനാലാണ് ലൈസന്‍സ്
നല്‍കിയതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. എന്നാല്‍ വന്‍ തുക
കൈക്കൂലി നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കുകയായിരുന്നുവെന്ന്
പരാതിക്കാര്‍ പറയുന്നു. പരാതികള്‍ സംബന്ധിച്ചുള്ള ഗ്രാമപഞ്ചായത്തിന്റെ
മറുപടി നവംബര്‍ പന്ത്രണ്ടിനാണ് പരാതിക്കാര്‍ക്ക് ലഭിച്ചത്. ഒക്‌ടോബര്‍
പത്തിന് അയച്ചതായാണ് രേഖകളില്‍ കാണുന്നത്. എന്നാല്‍ പരാതിക്കാര്‍ക്ക്
ലഭിക്കുന്നത് ഒരു മാസത്തിന് ശേഷം. പരാതികളിന്മേല്‍ തീര്‍പ്പ്
കല്‍പ്പിക്കാതെ മാര്‍ക്കറ്റിന് ലൈസന്‍സ് നല്‍കരുതെന്ന് ഹൈക്കോടതി
ഒക്‌ടോബര്‍ പതിനാലിന് മുടമംഗലത്ത് മാമുട്ടിയുടെ പരാതിയിന്മേല്‍
ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവ് വന്നതിന് ശേഷമാണ് ഇതേ മാസം
നാലാം തീയ്യതി മാര്‍ക്കറ്റിന് ലൈസന്‍സ് അനുവദിച്ചതായി പഞ്ചായത്ത്
അധികൃതര്‍ അറിയിക്കുന്നത്. ഭരണസമിതി യോഗം ചേരാതെ മിനുട്ട്‌സില്‍ കൃത്രിമം
കാണിച്ചാണ് മാര്‍ക്കറ്റിന് ലൈസന്‍സ് നല്‍കിയതെന്ന് പറയപ്പെടുന്നു.
മാര്‍ക്കറ്റിന്റെ പതിനഞ്ച് മീറ്റര്‍ പരിധിയിലെ താമസക്കാരനും,
ഹോസ്‌പിറ്റല്‍ നടത്തിപ്പുകാരനുമായ ഡോ. ഹംസയുടെ പരാതിയില്‍, മാര്‍ക്കറ്റ്
നിലവിലെ സ്ഥിതി തുടരാനും രണ്ട് മാസത്തിനുള്ളില്‍ പ്രശ്‌നപരിഹാരം
കണ്ടെത്താനും ഹൈക്കോടതി നവംബര്‍ 29-ന് നിര്‍ദ്ദേശിച്ചിരുന്നു. ഹൈക്കോടതി
നിര്‍ദ്ദേശം മുപ്പതിന് പരാതിക്കാരന്‍ പഞ്ചായത്ത് സെക്രട്ടറിക്ക്
കൈമാറുകയും ചെയ്‌തു. എന്നാല്‍ ഇത് അവഗണിച്ച് ഒക്‌ടോബര്‍ 31-ന് ഈ
കെട്ടിടത്തില്‍ ചിക്കന്‍ സ്റ്റാള്‍ ആരംഭിക്കുകയും തൊട്ട്‌പിന്നാലെ മത്സ്യ
മാര്‍ക്കറ്റ് തുടങ്ങുകയുമായിരുന്നു. പഞ്ചായത്ത് രാജ് ആക്‌ട് പ്രകാരം
പൊതു റോഡുകള്‍, വീടുകള്‍, കിടത്തിച്ചികിത്സയുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍ നിന്നും കശാപ്പ് ശാലകളും
മാര്‍ക്കറ്റും നൂറ്റിയന്‍പത് മീറ്റര്‍ അകലം പാലിക്കേണ്ടതാണ്. എന്നാല്‍
എടക്കര ഗ്രാമപഞ്ചായത്ത് അധികൃതര്‍ ലൈസന്‍സ് നല്‍കിയ മത്സ്യ, മാംസ
മാര്‍ക്കറ്റിന്റെ പതിനഞ്ച് മീറ്റര്‍ ചുറ്റളവില്‍ മേല്‍ പറഞ്ഞ എല്ലാ
സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യ ഉപഭോഗത്തിനായി പക്ഷികളും,
മൃഗങ്ങളും കശാപ്പ് ചെയ്യപ്പെടുന്ന സ്ഥലമാണ് കശാപ്പുശാല (സ്‌ളോട്ടര്‍
ഹൗസ്). ചിക്കന്‍ സ്റ്റാള്‍ പോലും കശാപ്പ് ശാലയിലാണ് ഉള്‍പ്പെടുക. ഈ
സാഹചര്യത്തിലാണ് ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ മത്സ്യ, മാംസ
മാര്‍ക്കറ്റിന് ലൈസന്‍സ് നല്‍കിയത് എന്തിന് വേണ്ടിയാണെന്ന്
ചോദ്യമുയരുന്നത്.








