Home » » അഴിമതിക്കട്ടിലിന്റെ കാലുതാങ്ങാന്‍ സി.പി.ഐ. ഉണ്ടാകില്ല.പന്ന്യന്‍ രവീന്ദ്രന്‍

അഴിമതിക്കട്ടിലിന്റെ കാലുതാങ്ങാന്‍ സി.പി.ഐ. ഉണ്ടാകില്ല.പന്ന്യന്‍ രവീന്ദ്രന്‍

Written By Unknown on Wednesday, 12 November 2014 | 17:33

തിരുവനന്തപുരം: ബാര്‍ കോഴവിവാദത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ടു സി.പി.ഐ. നടത്തിയ സെക്രട്ടേറിയറ്റ്‌ മാര്‍ച്ച്‌, ഫലത്തില്‍ സി.പി.എം. നേതൃത്വത്തിനെതിരായ കടന്നാക്രമണമായി.

സര്‍ക്കാരിനെതിരേ എല്‍.ഡി.എഫ്‌. നടത്തിയ പല സമരങ്ങളും വഴിയില്‍ മുടങ്ങിയിട്ടുണ്ടെങ്കിലും ബാര്‍ കോഴയ്‌ക്കെതിരായ സി.പി.ഐ. സമരം അങ്ങനെയാവില്ലെന്നു മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌ത സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്‌തമാക്കി. യു.ഡി.എഫുമായുള്ള അഡ്‌ജസ്‌റ്റ്‌മെന്റ്‌ സമരങ്ങള്‍ക്ക്‌ ഇനി സി.പി.ഐയില്ലെന്ന്‌ അസിസ്‌റ്റന്റ്‌് സെക്രട്ടറി കെ. പ്രകാശ്‌ബാബു തുറന്നടിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണമെന്ന സി.പി.എമ്മിന്റെ ആവശ്യം സി.പി.ഐക്കു സ്വീകാര്യമല്ല. സര്‍ക്കാരിനെതിരേ ഇടതുമുന്നണിയുടെ സമരങ്ങള്‍ പരാജയപ്പെട്ടതിനു കാരണം സി.പി.എം. മാത്രമാണെന്ന നിലപാടിലായിരുന്നു പ്രസംഗത്തിലുടനീളം ഇരുനേതാക്കളും.
മാണി നല്ല ധനമന്ത്രിയാണെന്നും മുഖ്യമന്ത്രിയാകാന്‍ പറ്റിയ ആളാണെന്നും പറഞ്ഞ്‌ ചിലര്‍ നടക്കുന്നുണ്ട്‌. എന്നാല്‍, ആ അഴിമതിക്കട്ടിലിന്റെ കാലുതാങ്ങാന്‍ സി.പി.ഐ. ഉണ്ടാകില്ല. അഴിമതിക്കട്ടിലുപയോഗിച്ച്‌ സര്‍ക്കാരുണ്ടാക്കേണ്ടവര്‍ക്ക്‌ ഉണ്ടാക്കാമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കോഴ വാങ്ങാനുള്ള പദ്ധതി മാത്രമായിരുന്നു മദ്യനിരോധനം. കോഴക്കേസില്‍ കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്‌. ഗൂഢാലോചനയാരോപിച്ചു തടിതപ്പാനുള്ള ശ്രമമാണു കേരളാ കോണ്‍ഗ്രസിന്റേത്‌. സംസ്‌ഥാനത്തെ സാമ്പത്തികപ്രതിസന്ധിയുടെ മുഖ്യശില്‍പി കെ.എം. മാണിയാണ്‌. മാണി നിരപരാധിയാണെങ്കില്‍, ആരോപണമുയര്‍ന്ന്‌ 13 ദിവസം കഴിഞ്ഞിട്ടും പരാതിക്കാരനെതിരേ മാനനഷ്‌ടക്കേസ്‌ കൊടുക്കാന്‍ തയാറാകാത്തതെന്ത്‌? അതിനര്‍ഥം ബിജു രമേശ്‌ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നല്ലേ?- പന്ന്യന്‍ ചോദിച്ചു.

മാണിയെ പുറത്താക്കി ജുഡീഷ്യല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാവണം. സര്‍ക്കാരിനെതിരേ എല്‍.ഡി.എഫ്‌. നടത്തിയ പല സമരങ്ങളും വഴിയില്‍ മുടങ്ങി. വിജയിച്ച സമരങ്ങളൊക്കെ നടത്തിയതു സി.പി.ഐയാണ്‌. അധികനികുതിവിഷയത്തില്‍ എല്‍.ഡി.എഫ്‌. സമരം പാതിവഴി നിലച്ചത്‌ എന്തുകൊണ്ടാണെന്നുവഴിയേ വ്യക്‌തമാക്കും. സമരം നടത്തണമെന്നാവശ്യപ്പെട്ടു സി.പി.എമ്മിനു പലതവണ കത്ത്‌ നല്‍കിയെങ്കിലും അതു പരിഗണിക്കാനോ എല്‍.ഡി.എഫ്‌. യോഗം ചേരാനോ തയാറായില്ലെന്നു പന്ന്യന്‍ കുറ്റപ്പെടുത്തി.

മുന്നണിയെന്ന നിലയില്‍ യോജിച്ച സമരത്തിനു തയാറാവാത്തതില്‍ ദുഃഖമുണ്ടെന്നു കെ. പ്രകാശ്‌ ബാബു പറഞ്ഞു. ഒകേ്‌ടാബര്‍ 31-നാണ്‌ ബാര്‍ കോഴവിവാദമുണ്ടായത്‌. എന്നാല്‍ എല്‍.ഡി.എഫിന്‌ ഇതുവരെ യോജിച്ച പ്രക്ഷോഭത്തിനു കഴിഞ്ഞിട്ടില്ല. എല്‍.ഡി.എഫ്‌-യു.ഡി.എഫ്‌. അഡ്‌ജസ്‌റ്റ്‌മെന്റ്‌ സമരത്തിന്‌ ഇനി സി.പി.ഐയില്ല. സംസ്‌ഥാന നേതാക്കളായ ബിനോയ്‌ വിശ്വം, സി. ദിവാകരന്‍, വി.എസ്‌. സുനില്‍കുമാര്‍, ഇ.എസ്‌. ബിജിമോള്‍, മുല്ലക്കര രത്‌നാകരന്‍, സി.എന്‍. ചന്ദ്രന്‍, സത്യന്‍ മൊകേരി എന്നിവര്‍ മാര്‍ച്ചിനും ധര്‍ണയ്‌ക്കും നേതൃത്വം നല്‍കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.