Home » » നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസ് അടിച്ചു തകര്‍ത്തു.

നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസ് അടിച്ചു തകര്‍ത്തു.

Written By Unknown on Monday, 10 November 2014 | 04:41

കൊച്ചി: ചാലക്കുടി പുഴ മലിനമാക്കുന്നുവെന്ന് ആരോപണമുയര്‍ന്ന നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫീസ് ഒരുസംഘം ആളുകള്‍ അടിച്ചു തകര്‍ത്തു. പനമ്പിള്ളി നഗറിലെ ഓഫീസിനു മുമ്പിലുണ്ടായിരുന്ന വാഹനങ്ങളും തകര്‍ത്തു. മുദ്രാവാക്യം മുഴക്കിയെത്തിയ പത്തോളം പേര്‍ ചേര്‍ന്നാണ് ഓഫീസ് തകര്‍ത്തതെന്ന് സമീപവാസികള്‍ പറഞ്ഞു. ഇവര്‍ മുഖം മറച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാരനെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു അക്രമം നടത്തിയത്.
സംഭവസ്ഥലത്തുനിന്നും മാവോയിസറ്റുകളുടേതെന്ന് കരുതുന്ന ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്. സംഘത്തില്‍ ഒമ്പതുപേരുണ്ടായിരുന്നുവെന്ന് ഐ.ജി അജിത്കുമാര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി സിറ്റിപോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ഓഫീസിനകത്തെ ചില്ലുകളും കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. ചില്ലിനു മുകളില്‍ ചുവന്ന നിറത്തിലുള്ള ദ്രാവകം ഒഴിച്ചിട്ടുണ്ട്. മുഖംമൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയതെന്ന് കമ്പനിയുടെ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ ലക്ഷക്കണക്കിന് ലിറ്റര്‍ ജലമാണ് കാതിക്കുടത്തുള്ള കമ്പനി ഉപയോഗിക്കുന്നത്. തദ്ദേശീയര്‍ക്ക് തൊഴില്‍ കൊടുക്കാത്ത കമ്പനിക്കെതിരെ സായുധ ശക്തികൊണ്ട് മറുപടി നല്‍കും തുടങ്ങിയവയാണ് ലഘുലേഖയിലെ ഉള്ളടക്കം.
കാതിക്കുടത്തെ നിറ്റാ ജെലാറ്റിന്‍ കമ്പനിയില്‍ നിന്നൊഴുക്കുന്ന ജലം ചാലക്കുടിപ്പുഴയെ മലിനമാക്കുന്നുവെന്നാണ് ആരോപണം. പുഴയിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. മലിനീകരണത്തിനെതിരെ ശക്തമായ ജനകീയ സമരങ്ങള്‍ തുടരുകയാണ്. നാശനഷ്ടം കണക്കാക്കി വരുന്നതേയുള്ളുവെന്ന് നിറ്റാ ജലാറ്റിന്‍ പിആര്‍ഒ സെറിന്‍ വ്യക്തമാക്കി. വിവരമറിഞ്ഞയുടനെ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷകരെന്ന് അവകാശപ്പെടുന്ന ചിലരാണ് സംഭവത്തിനു പിന്നിലെന്ന് കരുതുന്നതായി സൌത്ത് പോലീസ് അറിയിച്ചു. കേസെടുത്ത് അന്വേഷിച്ചു വരുന്നു. ചാലക്കുടി കാതിക്കുടത്ത് പ്രവര്‍ത്തിക്കുന്ന നിറ്റ ജലാറ്റിന്‍ കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഏറെ കാലമായി സമരങ്ങള്‍ നടന്നുവരികയാണ്. കമ്പനി മലിനീകരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് സമരം നടത്തുന്നത്. കമ്പനി പുറത്തു വിടുന്ന മാലിന്യം മൂലം നിരവധി പേര്‍ കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് ഇരകളായെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന ആക്ഷന്‍ കൌണ്‍സിലിന്റെ ആരോപണം. ചാലക്കുടി പുഴയുടെ തീരത്ത് കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടം ഗ്രാമത്തില്‍ 1979ലാണ് കേരള കെമിക്കല്‍സ് ആന്‍ഡ് പ്രോട്ടീന്‍സ് ലിമിറ്റഡ് (കെ.സി.പി.എല്‍) ആരംഭിച്ചത്.
ജലാറ്റിന്‍ ഉല്‍പാദനത്തിനുള്ള അസംസ്‌കൃത വസ്തുവായ ‘ഓസീന്‍’ മൃഗങ്ങളുടെ എല്ലില്‍നിന്ന് രാസപ്രവര്‍ത്തനം വഴി ഉണ്ടാക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. പ്രതിദിനം 120 ടണ്‍ എല്ലും ഒരു ലക്ഷത്തിഇരുപതിനായിരം ലിറ്റര്‍ ഹൈഡ്രോക്‌ളോറിക് ആസിഡുമാണ് ഇതിനുപയോഗിക്കുന്നതെന്ന് സമരക്കാര്‍ ആരോപിക്കുന്നു. 2009ലും 2010ലും കാടുകുറ്റി പഞ്ചായത്ത് കമ്പനി പ്രവര്‍ത്തനം നിര്‍ത്തിച്ചിരുന്നു. പിന്നീട് ഹൈക്കോടതിയില്‍ നിന്നും ഉപാധികളോടെ കമ്പനി പ്രവര്‍ത്തനാനുമതി സമ്പാദിച്ചു. അതേസമയം നിറ്റ ജലാറ്റിന്‍ കമ്പനി മലിനീകരണ നിയന്ത്രണം പാലിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യം പഠന റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്െടന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഹൈക്കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പഠനം നടത്തിയ നാഷണല്‍ എന്‍വയോണ്‍മെന്റ് എന്‍ജിനിയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(നീറി) റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ പ്രവര്‍ത്തനം മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ക്ക് അനുസൃതമാണെന്നും കമ്പനി അവകാശപ്പെടുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.