മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് തട്ടിപ്പുകേസിലെ കുറ്റപത്രത്തിനു ദൃഢതവരുത്താന്‍ സി.ബി.ഐയുടെ അവസാനഘട്ടശ്രമം. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രംസമര്‍പ്പിക്കാനൊരുങ്ങുന്നതിനിടെയാണു വിവാദ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ. അബ്‌ദുല്‍ റഷീദിനെതിരെ ശക്‌തമായ തെളിവുകള്‍ക്കായി സി.ബി.ഐ ശ്രമംനടത്തുന്നത്. ഇതിനായി അബ്‌ദുല്‍ റഷീദ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായിരുന്ന കാലഘട്ടത്തില്‍ പ്രത്യേകാനുമതിയോടെ അനുവദിച്ച പാസ്‌പോര്‍ട്ട് അപേക്ഷകരുമായി ഫോണലൂടെയും നേരിട്ടും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം അപേക്ഷകരുടെ അഡ്രസും ഫോണ്‍നമ്പറും ഉടന്‍ സി.ബി.ഐക്കു കൈമാറാന്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതിന്റെ അടിസ്‌ഥാനത്തില്‍ നിരവധിപേരുടെ അഡ്രസും ഫോണ്‍നമ്പറും കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ സി.ബി.ഐക്കു കൈമാറി. പ്രത്യേകാനുമതിയോടെ പാസ്‌പോര്‍ട്ട് തരപ്പെടുത്തിനല്‍കാന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ എത്രരൂപയാണു വാങ്ങിയതെന്നും ഇതു ആരു മുഖേനയാണു കൈമാറിയതെന്നുമാണു സി.ബി.ഐ അന്വേഷിക്കുന്നത്. ഇത്തരം അപേക്ഷകരെ കേസിലെ സാക്ഷികളാക്കാനാണു ശ്രമം. പാസ്‌പോര്‍ട്ട് ഓഫീസറായിരുന്ന അബ്‌ദുല്‍ റഷീദ് കൈക്കൂലിവാങ്ങിയിട്ടുണ്ടെന്നു വ്യക്‌തമായ സി.ബി.ഐക്കു ഇതുകോടതിയെ കൂടി ബോധ്യപ്പെടുത്താനാണു അപേക്ഷകരെ സമീപിക്കുന്നത്.
2011 ഓഗസ്‌റ്റ് നാലിനു മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി ചുമതലയേറ്റ അബ്‌ദുല്‍ റഷീദ് തന്റെ രണ്ടുവര്‍ഷത്തെ സര്‍വീസിനുള്ളില്‍ പ്രത്യേകാനുമതിയോടെ നല്‍കിയ പാസ്‌പോര്‍ട്ടുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഒരു ദിവസം 150ഓളം പാസ്‌പോര്‍ട്ടുകളാണു അബ്‌ദുല്‍ റഷീദ് പ്രത്യേകാനുമതിയോടെ അനുവദിച്ചിരുന്നത്. എമര്‍ജന്‍സി വിഭാഗത്തിലുള്ളവര്‍ക്കു മാത്രമാണു പ്രത്യേകാനുമതിയോടെ പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ നിയമമുള്ളുവെങ്കിലും ഇതുമറയാക്കി പാസ്‌പോര്‍ട്ട് ഓഫീസര്‍ വന്‍ അഴിമതിനടത്തിയതായാണു സി.ബി.ഐയുടെ കണ്ടെത്തല്‍. എന്നാല്‍ പല അപേക്ഷകരും ഇതിനു സാക്ഷിപറയാന്‍ മടിക്കുന്നതാണു സി.ബി.ഐയെ കുഴക്കുന്നത്. പണത്തിനുപുറമെ രാഷ്‌ട്രീയ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയും അബ്‌ദുല്‍ റഷീദ് പ്രത്യേകാനുമതിയോടെ പാസ്‌പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ ഇടതു-വലതു രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളുടെ ശിപാര്‍ശക്കത്തുകള്‍ അബ്‌ദുല്‍ റഷീദിന്റെ കയ്ിലുള്ളതായും സൂചനയുയണ്ട്.
പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ശിപാര്‍ശക്കത്തുകള്‍ ഉപയോഗിച്ചു തന്നെ കേസില്‍നിന്നും രക്ഷപ്പെടുത്തണമെന്നു ആവശ്യപ്പെട്ടതായും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ടു നിരവധി ഏജന്റുമാരേയും പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരേയും സി.ബി.ഐ ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ടു തുടര്‍ നടപടികളൊന്നുമുണ്ടാകാത്തതിനാലും കൈക്കൂലിവാങ്ങിയ പാസ്‌പോര്‍ട്ട് ഓഫീസര്‍ ഇപ്പോഴും സര്‍ക്കാര്‍ സര്‍വീസില്‍ തുടരുന്നതിനാലും മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് കേന്ദ്രീകരിച്ചുളള തട്ടിപ്പുകള്‍ ഇപ്പോഴും അരങ്ങുതകര്‍ക്കുകയാണ്.








