Home » » തൊഴിലുറപ്പ്‌ പദ്ധതി വെട്ടിച്ചുരുക്കുന്ന നടപടിയില്‍ നിന്ന്‌ പിന്മാറുക, പദ്ധതി കാര്യക്ഷമമായി നടപ്പാക്കുക,

തൊഴിലുറപ്പ്‌ പദ്ധതി വെട്ടിച്ചുരുക്കുന്ന നടപടിയില്‍ നിന്ന്‌ പിന്മാറുക, പദ്ധതി കാര്യക്ഷമമായി നടപ്പാക്കുക,

Written By Unknown on Wednesday, 26 November 2014 | 19:05

തൊഴിലുറപ്പ്‌ പദ്ധതി വെട്ടിച്ചുരുക്കുന്ന നടപടിയില്‍ നിന്ന്‌ പിന്മാറുക, പദ്ധതി കാര്യക്ഷമമായി നടപ്പാക്കുക, തൊഴില്‍ദിനം 200 ആക്കി വര്‍ദ്ധിപ്പിക്കുക, കൂലി 320 രൂപയാക്കുക, കൂലി കുടിശ്ശിക പലിശസഹിതം ഉടനെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട്‌ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന്‌ (26.11.2014) കോഴിക്കോട്‌ ജില്ലയിലെ എല്ലാ പഞ്ചായത്ത്‌ ഓഫീസുകളിലേക്കും നൂറുകണക്കിന്‌ തൊഴിലുറപ്പ്‌ തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. 2005-ല്‍ ആരംഭിച്ച തൊഴിലുറപ്പ്‌ പദ്ധതി ചില പ്രതേ്യക ബ്ലോക്കുകളില്‍ മാത്രമായി പരിമിതപ്പെടുത്താനാണ്‌ കേന്ദ്രഗവര്‍മെന്റിന്റെ നീക്കം. കോഴിക്കോട്‌ ജില്ലയില്‍ കുന്ദമംഗലം, കൊടുവള്ളി ബ്ലോക്കുകളില്‍ മാത്രമാക്കാന്‍ ശ്രമിക്കുകയാണ്‌. ഇതേപോലെ ഈ പദ്ധതിയിലെ തൊഴില്‍, സാധനസാമഗ്രികള്‍ തമ്മലുള്ള അനുപാതം 60:40 എന്നത്‌ 51:49 എന്നാക്കി മാറ്റുന്നതിനും നിര്‍ദ്ദേശിച്ചിരിക്കുന്നു. 100 ദിവസം തൊഴില്‍ദിനങ്ങള്‍ നല്‍കാന്‍ ഏര്‍പ്പെടുത്തിയ പദ്ധതിയില്‍ വര്‍ഷം ശരാശരി 45 ദിവസം മാത്രമാണ്‌ ഇപ്പോള്‍ തൊഴില്‍ നല്‍കിവരുന്നത്‌. അനുപാതം മാറ്റുന്നതിലൂടെ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന തൊഴില്‍ ദിനങ്ങള്‍ തന്നെ ഇല്ലാതാവുകയാണ്‌. ഓരോ സംസ്ഥാനത്തിനും നല്‍കേണ്ട തുകയില്‍ ഭീമമായ വെട്ടിക്കുറവ്‌ വരുത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്‌. ഇതിന്റെ ഭാഗമായി കോഴിക്കോട്‌ ജില്ലയില്‍ പണിയെടുത്തുകഴിഞ്ഞ തൊഴിലാളികള്‍ക്ക്‌ 3 കോടി രൂപയോളം കുടിശ്ശികയായിരിക്കുകയാണ്‌. ഗവര്‍മെന്റിന്റെ ഇത്തരം നടപടികള്‍ പാവപ്പെട്ടവര്‍ക്ക്‌ വേണ്ടി കൊണ്ടുവന്ന ഈ പദ്ധതി ഫലത്തില്‍ ഇല്ലാതാക്കുന്നതിലേക്കാണ്‌ എത്തിച്ചേരുന്നത്‌. ഇതിനെതിരായി നടന്ന ഇന്നത്തെ സൂചനാ സമരത്തില്‍ ഓരോ പഞ്ചായത്ത്‌ ഓഫീസുകള്‍ക്കുമുന്നിലും നൂറുകണക്കിന്‌ തൊഴിലാളികള്‍ പങ്കെടുക്കുകയുണ്ടായി. വിവിധ വര്‍ഗ്ഗബഹുജന സംഘടനകള്‍ എല്ലായിടത്തും അഭിവാദ്യമര്‍പ്പിച്ച്‌ പ്രസംഗിക്കുകയുണ്ടായി. സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ തൊഴിലാളികളെയും NREG വര്‍ക്കേഴ്‌സ്‌ യൂനിയന്‍ ജില്ലാകമ്മറ്റി അഭിവാദ്യം ചെയ്‌തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.