Home » » സൂരജിനു കോടികളുടെ സ്വത്തുണ്ടെന്നു വിജിലന്‍സിനും മുമ്പേ കണ്ടെത്തിയതു മന്ത്രി അയച്ച ഡിറ്റക്‌ടീവുകൾ.

സൂരജിനു കോടികളുടെ സ്വത്തുണ്ടെന്നു വിജിലന്‍സിനും മുമ്പേ കണ്ടെത്തിയതു മന്ത്രി അയച്ച ഡിറ്റക്‌ടീവുകൾ.

Written By Unknown on Wednesday, 26 November 2014 | 19:16

തിരുവനന്തപുരം: വിജിലന്‍സിന്റെ വലയില്‍ കുടുങ്ങുന്നതിനു മുമ്പുതന്നെ മുന്‍ പൊതുമരാമത്തു സെക്രട്ടറി ടി.ഒ. സൂരജിന്റെ സ്വത്തുവിവരങ്ങള്‍ തിരക്കാന്‍ സംസ്‌ഥാനമന്ത്രിസഭയിലെ ഒരംഗം സ്വകാര്യ ഡിറ്റക്‌ടീവ്‌ സംഘത്തെ നിയോഗിച്ചു.

ഡിറ്റക്‌ടീവുകളുടെ അന്വേഷണത്തില്‍ കണ്ടെത്തിയതാകട്ടെ മന്ത്രിയേയും കുടുക്കുന്ന വിവരങ്ങള്‍! സൂരജുമായി തെറ്റിയതിനേത്തുടര്‍ന്നാണു മന്ത്രി ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ ഡിറ്റക്‌ടീവുകളെ അയച്ചത്‌. എന്നാല്‍, അവര്‍ തന്റെ അതിര്‍ത്തിയും മാന്തിയതോടെ ഭസ്‌മാസുരനു വരംകൊടുത്ത അവസ്‌ഥയിലായെന്നു മാത്രം.

സൂരജിനു കോടികളുടെ സ്വത്തുണ്ടെന്നു വിജിലന്‍സിനും മുമ്പേ കണ്ടെത്തിയതു മന്ത്രി അയച്ച ഡിറ്റക്‌ടീവുകളാണ്‌. അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹം ജോലിചെയ്‌തിട്ടുള്ള സ്‌ഥലങ്ങളിലെല്ലാം സ്വകാര്യ ഏജന്‍സി രഹസ്യാന്വേഷണം നടത്തി. അവിടങ്ങളിലെല്ലാം ബിനാമി സ്വത്തുള്ളതായി കണ്ടെത്തുകയും ചെയ്‌തു. എന്നാല്‍, സൂരജിന്റെ എറണാകുളത്തെ ആഡംബരവസതിക്കു സമീപത്തെ മണിമാളിക തങ്ങളെ നിയോഗിച്ച മന്ത്രിയുടെ ബിനാമിസ്വത്താണെന്നു കണ്ടെത്തിയതോടെ ഡിറ്റക്‌ടീവുകള്‍ പിന്‍വാങ്ങി. ആവശ്യമില്ലാത്ത കാര്യങ്ങള്‍ തിരക്കിയ ഒറ്റക്കാരണത്താല്‍ ഏജന്‍സിക്കു കനത്ത ഫീസും നഷ്‌ടപ്പെട്ടു. കേരളാ പോലീസില്‍നിന്നു വിരമിച്ച ഉദ്യോഗസ്‌ഥര്‍ ചേര്‍ന്നു രൂപീകരിച്ചതായിരുന്നു ഈ ഡിറ്റക്‌ടീവ്‌ ഏജന്‍സി.
അതേസമയം, മന്ത്രിസഭയിലെ ഒരംഗവുമായി സൂരജിനു ബിസിനസ്‌ ബന്ധമുണ്ടായിരുന്നതായി വിജിലന്‍സിനും വിവരം ലഭിച്ചിട്ടുണ്ട്‌. മാന്യന്‍മാരായി നടിക്കുന്ന പലരെയും താന്‍ തുറന്നുകാട്ടുമെന്ന സൂരജിന്റെ ഭീഷണി ഈ പശ്‌ചാത്തലത്തിലാണെന്നു സംശയിക്കപ്പെടുന്നു. വിജിലന്‍സ്‌ അന്വേഷണങ്ങള്‍ക്കു തടയിടാന്‍ മാത്രം സ്വാധീനമുള്ള തരത്തില്‍ മുന്‍സര്‍ക്കാരിന്റെ കാലത്തെ ഒരു മന്ത്രിയുമായും വഴിവിട്ട അടുപ്പമുണ്ടായിരുന്നു. സൂരജിനു വിദേശത്തും നിക്ഷേപമുള്ളതായി വിജിലന്‍സ്‌ പ്രത്യേകസംഘം സ്‌ഥിരീകരിച്ചു. ഇതു സംബന്ധിച്ചു സി.ബി.ഐ. എറണാകുളം യൂണിറ്റ്‌ രഹസ്യാന്വേഷണമാരംഭിച്ചു.

കോടികളുടെ നിക്ഷേപമുള്ള ഒരു കമ്പനിയുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍ ഇദ്ദേഹം അംഗമാണെന്നും അന്വേഷണസംഘം സംശയിക്കുന്നു. സൂരജിന്റെ പാസ്‌പോര്‍ട്ട്‌ പരിശോധിച്ച ശേഷമേ വിദേശയാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാകൂ.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.