Home » » ലോക ഹിന്ദു കോണ്‍ഗ്രസില്‍ മേജര്‍ രവി പറഞ്ഞത് വളച്ചൊടിച്ചതായി പരാതി, മേജര്‍ രവിക്കും പ്രിയദര്‍ശനുമെതിരേ സംവിധായകന്‍ കമല്‍ രംഗത്തു

ലോക ഹിന്ദു കോണ്‍ഗ്രസില്‍ മേജര്‍ രവി പറഞ്ഞത് വളച്ചൊടിച്ചതായി പരാതി, മേജര്‍ രവിക്കും പ്രിയദര്‍ശനുമെതിരേ സംവിധായകന്‍ കമല്‍ രംഗത്തു

Written By Unknown on Wednesday, 26 November 2014 | 19:35

എറണാകുളം;ലോക ഹിന്ദു കോണ്‍ഗ്രസില്‍ താന്‍ പറഞ്ഞത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി സംവിധായകന്‍ മേജര്‍ രവി. അവരുടെ റിപ്പോര്‍ട്ടിനെതിരേ പരാതി കൊടുക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തന്റെ കൈയില്‍ തെളിവുകളുണ്ട്. പറയാത്ത കാര്യങ്ങള്‍ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വളച്ചൊടിച്ചാണ് അവര്‍ പ്രചരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയിലെ മുസ്‌ലിംകളെ താന്‍ മോശമായി ചിത്രീകരിച്ചിട്ടില്ല. രാജ്യത്ത് വേണ്ടി പോരാടിയ ഒരു സൈനികനാണ് ഞാന്‍. ജീവിതത്തില്‍ മാത്രമല്ല പിന്നീട് സിനിമയിലൂടെയും ആ ദേശസ്‌നേഹം ഞാന്‍ ജനങ്ങളിലേക്കും പകര്‍ന്ന്‌കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിംകള്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികളാണെന്ന് കാണിച്ചുകൊടുത്ത സിനിമയാണ് 'കുരുക്ഷേത്ര'. ഒരിക്കലും ഒരു മതവിഭാഗത്തിനെതിരെയും ഞാന്‍ മോശമായി സംസാരിച്ചിട്ടില്ല.

പറയുന്ന കാര്യങ്ങള്‍ മറ്റൊരു രീതിയില്‍ വളച്ചൊടിച്ച് 'വിവാദ'മാക്കാനാണ് ഇപ്പോഴുള്ള ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അതില്‍പ്പെട്ട് ബലിയാടാകുന്നത് തന്നെപോലുള്ള സിനിമാപ്രവര്‍ത്തകരുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. താന്‍ സംവിധാനം ചെയ്ത 'കീര്‍ത്തിചക്ര'യ്ക്ക് ഏറ്റവുമധികം കളക്ഷന്‍ ലഭിച്ചത് മലപ്പുറത്തുനിന്നും കോഴിക്കോട്ട് നിന്നുമായിരുന്നു. തന്റെ പ്രസ്താവനയെ ചില മാധ്യമങ്ങള്‍ വര്‍ഗീയമായി ചിത്രീകരിക്കുകയായിരുന്നു. ഒരു മതവിഭാഗത്തെയും മോശമായി കാണുന്ന ഒരാളല്ല താനെന്നും മേജര്‍ രവി പറയുന്നു.
 ഹിന്ദുത്വ ആദര്‍ശം നെഞ്ചേറ്റി സിനിമയെടുക്കുന്ന തനിക്ക് നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി ലഭിച്ചതോടെ ആരെയും ഭയക്കാതെ ഇനി സിനിമയെടുക്കാന്‍ കഴിയുമെന്നാണ് മേജര്‍ രവി സംഘ്പരിവാര്‍ സംഘടിപ്പിച്ച സെമിനാറില്‍ പറഞ്ഞത്. അതിനിടെ സംവിധായകരായ മേജര്‍ രവിക്കും പ്രിയദര്‍ശനുമെതിരേ സംവിധായകന്‍ കമല്‍ രംഗത്തുവന്നു. വിഗ്രഹഭഞ്ജകരായ എഴുത്തുകാരുടെ പാരമ്പര്യം കൈവിട്ട് വര്‍ത്തമാന കാലഘട്ടത്തിലെ കലാകാരന്മാര്‍ വിഗ്രഹാരാധകരാകുന്നത് അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടി.വി. കൊച്ചുബാവ അനുസ്മരണ ചടങ്ങിനിടെയാണ് കമല്‍ സംവിധായകര്‍ക്കെതിരേ രംഗത്തുവന്നത്. ഗാന്ധിയെപ്പോലുള്ളവരെ പ്രത്യേക ജനവിഭാഗത്തിന്റെ ആളാക്കി ഹൈജാക് ചെയ്യുന്നതിനെയും വയലാറിനെപ്പോലുള്ള വിപ്ലവ കവികളെപ്പോലും സനാതന ഹൈന്ദവ വക്താക്കള്‍ ഹൈജാക് ചെയ്യുന്നതിനെയും എതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കലാകാരനെ കമ്യൂണിസ്റ്റുകാര്‍ കൈവിട്ടാല്‍ ഹൈജാക് ചെയ്യുന്നത് പ്രതിലോമ ശക്തികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കന്‍മാര്‍ക്ക് പങ്കുണ്ടെന്നും മേജര്‍ രവി ആരോപിച്ചിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഇന്ദിരാഗാന്ധിയുടെ പ്രതിമയില്‍ രാജീവ് ഗാന്ധി പുഷ്പാര്‍ച്ചന നടത്തുമ്പോള്‍ ചുറ്റിലും പാര്‍ട്ടിനേതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവിടെനിന്ന് വേദിയിലേക്ക് നടക്കുമ്പോള്‍ അവര്‍ പിന്തിരിഞ്ഞു. അന്ന് മാറിനിന്ന കോണ്‍ഗ്രസ് നേതാക്കളെ ചോദ്യംചെയ്താല്‍ തനെ യഥാര്‍ത്ഥപ്രതികളെ പിടികൂടാനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭാരതീയ തത്ത്വങ്ങളെക്കുറിച്ച് നവ സംവിധായകര്‍ക്ക് ധാരണയില്ലെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.