തിരുവനന്തപുരം: 44-മത് അഖിലേന്ത്യാ സൈനിക സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ വാര്‍ഷിക സമ്മേളനം കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ.റാവു ഇന്ദ്രജിത് സിങ് കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ എത്തിയ മന്ത്രിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കുകയും രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മയ്ക്കായി സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കുകയും ചെയ്തു. അതിന്‌ശേഷം സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരുടെ കുട്ടികള്‍ക്ക് താങ്ങാവുന്ന തരത്തിലുള്ള ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസം പ്രധാനം ചെയ്യുന്ന രാജ്യത്തെ സൈനിക സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രതിരോധ സേനയിലെ പ്രാദേശിക അസംന്തുലിതാവസ്ഥ മാറ്റണമെന്നുള്ള മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും സൈനിക സ്‌കൂളുകളുടെ സ്ഥാപകനുമായ ശ്രീ. വി.കെ.കൃഷ്ണമേനോന്റെ സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കാന്‍ കഴിഞ്ഞതായി മന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.








