കൊല്ലം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ യുവാവ് കസ്റ്റഡിയില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പൊലീസുകാര്‍ക്ക് ജീവപര്യന്തം തടവ്. കൊല്ലം തൃക്കടവൂര്‍ കോട്ടയ്ക്കകം മഠത്തില്‍ ജയകുമാര്‍ (47), ഇരവിപുരം ആക്കോലില്‍ താന്നോലില്‍ വീട്ടില്‍ വേണുഗോപാല്‍ (48) എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. സംഭവം നടക്കുമ്പോള്‍ ഇവര്‍ ഈസ്റ്റ് സ്റ്റേഷനിലെ ക്രൈം സ്ക്വാഡ് അംഗങ്ങളായിരുന്നു.
പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. മരിച്ച യുവാവിന്‍െറ അമ്മക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 302, (കൊലപാതകം) 348 (കുറ്റം സമ്മതിപ്പിക്കാന്‍ തടങ്കലില്‍ വെക്കുക) 34, (പൊതുഉദ്ദേശ്യം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരെ ശിക്ഷിച്ചത്.
2005 ഏപ്രില്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര കാടാകുളം രാജ്നിവാസില്‍ രാജേന്ദ്രനാണ് (37) മരിച്ചത്. കൊല്ലം ശങ്കേഴ്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ, കേസിലെ മൂന്നാം സാക്ഷി ഷാജഹാന്‍െറ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. ഇതില്‍ സംശയിച്ച് ആശുപത്രിയിലെ സെക്യൂരിറ്റികളും മറ്റും തടഞ്ഞുവെച്ച രാജേന്ദ്രനെ അന്നേദിവസം ഉച്ചക്ക് കണ്‍ട്രോള്‍ റൂം എ.എസ്.ഐ സദാനന്ദനും സംഘവും കൂട്ടിക്കൊണ്ടുപോയി സ്റ്റേഷനിലെ എസ്.എച്ച്.ഒയും പ്രോസിക്യൂഷന്‍ 10ാം സാക്ഷിയുമായ ബാബുവിനെ ഏല്‍പിച്ചു. ഇദ്ദേഹം രാജേന്ദ്രനെ ചോദ്യംചെയ്യാന്‍ ജയകുമാര്‍, വേണുഗോപാല്‍ എന്നിവര്‍ക്ക് കൈമാറി.
ഇവര്‍ രാജേന്ദ്രനെ കൊല്ലം സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മ്യൂസിയത്തില്‍ കൊണ്ടുപോയി കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിച്ചു. മര്‍ദനത്തില്‍ അവശനായ രാജേന്ദ്രനെ വൈകുന്നേരത്തോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചങ്കെിലും മരിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.








