Home » » പക്ഷിപ്പനി ഭീതിയുടെ ചൂടാറും മുമ്പേ കുരങ്ങു പനി.

പക്ഷിപ്പനി ഭീതിയുടെ ചൂടാറും മുമ്പേ കുരങ്ങു പനി.

Written By Unknown on Monday, 1 December 2014 | 00:01

നിലമ്പൂര്‍: പക്ഷിപ്പനി ഭീതിയുടെ ചൂടാറും മുമ്പേ കുരങ്ങു പനിയും വ്യാപകമാകുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കരളായി, മാഞ്ചീരി ആദിവാസി കോളനികളിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്.  കരുളായി ഉള്‍വനത്തിലെ ചോലനായ്ക്ക ആവാസ കേന്ദ്രമായ നാഗമലയിലാണ് കുരങ്ങുപനി പടരുന്നത്. കടുത്ത പനിയെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താടി മാതന്(65)നു കുരങ്ങു പനി സ്ഥിരീകരിച്ചു. പുനെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് കെ എഫ് ഡി വൈറസ് ബാധ സ്ഥിരീകരിച്ചത്. മാതന്റെ മകന്‍ ഹരിദാസന്‍, ആറും മൂന്നും രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ എന്നിവര്‍ക്കും പനി ബാധിച്ചിട്ടുണ്ട്. ഇവരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.  അതിനിടെ, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അധികൃതരുടെ കണ്ണുവെട്ടിച്ച് മാതന്‍ കരുളായിയിലേക്ക് മുങ്ങി. കരുളായിയില്‍വെച്ച് നാട്ടുകാര്‍ നല്കിയ വിവരമനുസരിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ മാതനെ കണ്ടെത്തിയെങ്കിലും ആശുപത്രിയിലേക്ക് വരാന്‍ കൂട്ടാക്കിയില്ല. പനി കുറഞ്ഞതിനാല്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം കോളനിയിലേക്ക് തന്നെ മടങ്ങാന്‍ അനുവാദം നല്കി. അതേസമയം ഇന്നലെ നാമഗലയ്ക്കു സമീപം ഒരു കുരങ്ങു കൂടി ചത്തതായി വിവരമുണ്ട്. എന്നാല്‍ കരുളായി ജനവാസ മേഖലയില്‍ നിന്നും 36 കിലോ മീറ്ററോളം ഉള്‍വനത്തിലുള്ള നാഗമലയിലെത്തി തുടര്‍ പരിശോധനയും ചികിത്സയും നടത്താന്‍ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല. മൂന്നുദിവസം മുമ്പ് പനിച്ചോലയിലെ സ്വകാര്യ റബര്‍ തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കുരങ്ങിന്‍െറ രക്ത സാമ്പിളും ആന്തരാവയവങ്ങളും കുരങ്ങുപനിയെന്ന സംശയത്തെ തുടര്‍ന്ന് പരിശോധനക്ക് അയച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ പടരുന്ന പനി ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുമെന്ന പരിഭ്രാന്തിയും നാട്ടുകാര്‍ക്കുണ്ട്. മലയോര മേഖലയില്‍ കുരങ്ങുപനിയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.