തിരുവനന്തപുരം: കോഴവിവാദവുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ എം മാണിക്കെതിരേ അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയില്ല എന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ധനമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രിസഭ സ്വീകരിക്കുന്നതെന്നും ധനമന്ത്രിക്കോ നിയമമന്ത്രിക്കോ കൃത്യമായ മറുപടി സഭയ്‌ക്ക് മുന്നില്‍ വെക്കാനാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
മാണിക്കെതിരേ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് കോടിയേരി ബാലകൃഷ്‌ണനായിരുന്നു. ബാര്‍കോഴ വിവാദം പുറത്ത് വിട്ട ബിജു രമേശിന്റെ ഡ്രൈവര്‍ വഴിയാണ് കോഴയിടപാടിലെ 35 ലക്ഷം രൂപ നല്‍കിയതെന്നും കോടിയേരി ആരോപിച്ചു. ആദ്യം 15 ലക്ഷവും രണ്ടാമത് 35 ലക്ഷവും നല്‍കി. ഇക്കാര്യത്തില്‍ അനേകം തെളിവുകള്‍ ഉണ്ടായിട്ടും അതൊന്നും വിജിലന്‍സ് എടുത്തിട്ടില്ല. വിജിലന്‍സിന്റെ കൈകള്‍ കെട്ടി കണ്ണാടിക്കൂട്ടില്‍ ഇട്ടിരിക്കുകയാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ തെളിവായി എടുക്കണമെന്ന് ആവശ്യപ്പെട്ട കോടിയേരി ഒളി ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ സി ഡി സഭയുടെ മേശപ്പുറത്ത് വെയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ സ്പീക്കര്‍ പരിശോധിച്ച് അനുമതി വാങ്ങിയ ശേഷം മാത്രമേ സിഡി മേശപ്പുറത്ത് വെയ്ക്കാവു എന്ന കോടിയേരിയോട് ഡപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
ബിജു രമേശ് മുഖ്യമന്ത്രിയെ കണ്ടതായി നടത്തിയിട്ടുള്ള ആരോപണം മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ട്. അത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഇക്കാര്യത്തിലെ ഫോണ്‍ സന്ദേശങ്ങളുടെ വിശദാംശങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ബിജു രമേശ് പറയുന്നത് തെറ്റാണെന്നുണ്ടെങ്കില്‍ ബാങ്ക് ഡെപ്പോസിറ്റ് പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു. സഭയുടെ മുന്നില്‍ വസ്‌തുതകള്‍ പറയാന്‍ മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ തയ്യാറാകുന്നില്ലെന്നും വി എസ്. കുറ്റപ്പെടുത്തി. മാണിക്ക് മന്ത്രിസ്‌ഥാനം രാജിവെച്ച് അന്വേഷണം നേരിട്ട് കോടതി വഴി കുറ്റവിമുക്‌തനായി എത്തുകയാണ് വേണ്ടത്. എല്ലാ അഴിമതിയും ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലാണെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
അതേസമയം ആരോപണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും ആരേയും കുറ്റവിമുക്തരാക്കിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അന്വേഷണ സംഘത്തിന്റെ മുന്നിലാണ് കോടിയേരി തെളിവു നല്‍കേണ്ടത്. വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്നും തെളിവ് നല്‍കേണ്ടവര്‍ അതിന് തയ്യാറാകാത്തതിനാലാണ് അന്വേഷണം നീളുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം മദ്യലോബിയുമായി പ്രതിപക്ഷം ഗൂഡാലോചന നടത്തുകയാണെന്ന് മാണി ആരോപിച്ചു. സര്‍ക്കാരിനെ അട്ടിമറികയ്‌ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. താന്‍ ഒരു രൂപപോലും മദ്യലോബിയില്‍ നിന്നും വാങ്ങിയിട്ടില്ലെന്നും ദൃശ്യങ്ങള്‍ ഉണ്ടെന്ന് പറയുന്നവര്‍ കാണിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.








