കൊച്ചി: സ്ത്രീകളെ വസ്ത്രമഴിച്ച് പരിശോധിച്ചുവെന്ന പരാതി ഉയര്‍ന്ന സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്. വിവാദത്തെ തുടര്‍ന്ന് കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലുള്ള സ്ഥാപനം താല്‍ക്കാലികമായി അടച്ചു.
കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ അസ്മ റബ്ബര്‍ പ്രൊഡക്ട്സ് എന്ന കമ്പനിയിലെ സൂപ്പര്‍വൈസര്‍ ഉള്‍പ്പടെ മൂന്ന് പേരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ശുചിമുറിയില്‍ ഉപയോഗിച്ച നാപ്കിന്‍ കണ്ടതിന് ജീവനക്കാരുടെ വസ്ത്രമഴിച്ച് പരിശോധിച്ചുവെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹര്യത്തിലാണ് നടപടി.
സെസ് ഡെവലപ്മെന്റ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് ആരോപണവിധേയരായ സൂപ്പര്‍വൈസര്‍ ബീന, ജീവനക്കാരായ ബിജിമോള്‍, പ്രമീള എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. പരാതിയില്‍ പറയുന്ന തരത്തിലുള്ള സംഭവമുണ്ടായിട്ടില്ലെന്നും ചില ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനിടെ, സ്ഥാപനം താല്‍ക്കാലികമായി അടച്ചിടുകയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.







