തിരുവനന്തപുരം: സോളാര്‍ കേസിന്റെ വിചാരണയ്‌ക്കെത്തിയ സരിത എസ്. നായരെ മറ്റൊരു കേസിലെ കസ്‌റ്റഡിപ്രതി സതീഷ് കോടതി മുറിയില്‍വച്ചു കടന്നുപിടിച്ചു. ഉടന്‍തന്നെ സരിത പ്രതിയുടെ കോളറില്‍ പിടിച്ചുവലിച്ചു കോടതിയുടെ മുമ്പില്‍ ഹാജരാക്കി. കോടതിയുടെ നിര്‍ദേശപ്രകാരം പരാതിയും നല്‍കി. പരാതി അന്വേഷിക്കാന്‍ കോടതി വഞ്ചിയൂര്‍ പോലീസിനു നിര്‍ദേശം നല്‍കി.
വ്യാഴാഴ്‌ച രാവിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. മൂന്നു സോളാര്‍ കേസുകളുടെ വിചാരണയ്‌ക്കാണു സരിതയെത്തിയത്.വിചാരണ കഴിഞ്ഞു മടങ്ങുമ്പോഴാണ് ജയിലില്‍ നടന്ന അടിപിടി കേസില്‍ വിചാരണയ്‌ക്കെത്തിയ സതീഷ് സരിതയെ കടന്നുപിടിച്ചത്. ക്ഷുഭിതയായ സരിത പോലീസ് കസ്‌റ്റഡിയിലായിരുന്ന സതീഷിന്റെ കോളറില്‍ പിടിച്ചുവലിച്ചു കോടതിമുമ്പാകെ നിര്‍ത്തി തന്നെ അപമാനിച്ചുവെന്നറിയിച്ചു.
പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് അഭിഭാഷകനെ സമീപിച്ചു സരിത പരാതി നല്‍കി.








