പാലക്കാട്; അട്ടപ്പാടിയിലും പാലക്കാടും വയനാടും മാവോയിസ്‌റ്റ് ആക്രമണം. അട്ടപ്പാടിയില്‍ വനംവകുപ്പ് റേഞ്ച് ഓഫീസിനുനേര്‍ക്കും പാലക്കാടു നഗരത്തിനടുത്തു ചന്ദ്രനഗറിലെ ബഹുരാഷ്‌ട്ര കുത്തകകളുടെ റെസ്‌റ്റോറന്റ് ശൃംഖലയ്‌ക്കു നേര്‍ക്കും വയനാടു കുഞ്ഞോത്തെ ഫോറസ്‌റ്റ് ഔട്ട്‌പോസ്‌റ്റുമാണ് ആക്രമിച്ചത്. പാലക്കാട് ആക്രമണം നടത്തിയ സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശികളായ അരുണ്‍ ബാലന്‍(22), ശ്രീകാന്ത് പ്രഭാകരന്‍ (24) എന്നിവരാണ് അറസ്‌റ്റിലായത്.
സൈലന്റ് വാലി റേഞ്ച് ഓഫീസിനു നേര്‍ക്കായിരുന്നു ആദ്യ ആക്രമണം. ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിന്റെ ഡീസല്‍ ടാങ്ക് കുത്തിപ്പൊളിച്ചു തീയിട്ടു. വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം നാലു കമ്പ്യൂട്ടറുകളും ഓഫീസ് സാമഗ്രികളും തകര്‍ത്തു. ജനാലച്ചില്ലുകള്‍ തകര്‍ത്തശേഷം ഫയലുകള്‍ക്കു തീയിട്ടു. കാമറകളും ലെന്‍സുകളും അടക്കം മറ്റുപകരണങ്ങളും നശിപ്പിച്ചു.പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. സായുധ വിപ്ലവത്തിനു തയാറാകുക, ആദിവാസികള്‍ പോരാട്ടത്തില്‍ അണിചേരുക, അട്ടപ്പാടി പാക്കേജിനെയും കസ്‌തൂരി രംഗന്‍, ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടുകളെയും തള്ളിപ്പറയുക തുടങ്ങിയ പോസ്‌റ്ററുകള്‍ ആക്രമണസ്‌ഥലത്തു പതിച്ചിട്ടുണ്ട്.
പാലക്കാട് ചന്ദ്രനഗറില്‍ മക്‌ഡൊണാള്‍ഡ്, കെ.എഫ്.സി ഫാസ്‌റ്റ്‌ഫുഡ് റസ്‌റ്റോറന്റുകള്‍ക്കു നേര്‍ക്കു രാവിലെ 7.45നാണ് മുഖംമറച്ചെത്തിയ എട്ടംഗ സംഘം ആക്രമണം നടത്തിയത്. മുന്‍വശത്തെ ചില്ലുകള്‍ തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇരുമ്പു പൈപ്പുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സ്‌ഥാപനങ്ങളാണ് ഇവയെന്നു വ്യക്‌തമാക്കുന്ന ലഘുലേഖകളും വിതറിയിരുന്നു.
വയനാടു കുഞ്ഞോത്ത് ഫോറസ്‌റ്റ് ഔട്ട് പോസ്‌റ്റിനു നേര്‍ക്ക് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഔട്ട്‌പോസ്‌റ്റിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു മുറികളിലെ ഫര്‍ണിച്ചറുകള്‍ക്കു തീവെച്ചു. കട്ടിലും കമ്പ്യൂട്ടറും മറ്റുപകരണങ്ങളും കത്തി നശിച്ചു. ഔട്ട്‌പോസ്‌റ്റ് കെട്ടിടത്തിലും കുഞ്ഞോം ടൗണിലും മാവോയിസ്‌റ്റുകളുടെ നോട്ടീസുകള്‍ വിതറുകയും ഫ്‌ളക്‌സ് ബാനറുകള്‍ പതിക്കുകയും ചെയ്‌തു. സി.പി.ഐ- മാവോയിസ്‌റ്റിന്റെ മുഖപത്രമായ കാട്ടുതീയുടെ ഏറ്റവും പുതിയ ലക്കത്തിന്റെ നൂറുകണക്കിനു കോപ്പികളാണ് വിതറിയിരിക്കുന്നത്.
ഔട്ട് പോസ്‌റ്റിലെത്തിയ പോലീസ് നായ മണം പിടിച്ച് 300 മീറ്ററോളം കാട്ടിലേക്കാണ് പോയത്. ഡിസംബര്‍ ഏഴിന് മാവോയിസ്‌റ്റുകളും തണ്ടര്‍ബോള്‍ട്ടും കുഞ്ഞോം കാട്ടില്‍ പരസ്‌പരം വെടിയുതിര്‍ത്ത സംഭവത്തിനുശേഷം, ഫോറസ്‌റ്റ്, വില്ലേജ് ഓഫീസുകള്‍ക്കു നേരെ മാവോയിസ്‌റ്റ് ആക്രമണമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി ഏതാനും ആഴ്‌ചകള്‍ക്കുള്ളിലാണ് ഔട്ട്‌പോസ്‌റ്റിനു നേരെയുള്ള ആക്രമണം. പിടിയിലായവരെ ചോദ്യംചെയ്‌തതില്‍നിന്ന് എറണാകുളത്തെ നിറ്റ ജലാറ്റിന്‍ കമ്പനിക്കുനേരേ ഉണ്ടായ ആക്രമണം, നീലേശ്വരം, ഹോസ്‌ദുര്‍ഗ് എന്നിവിടങ്ങളിലെ മാവോയിസ്‌റ്റ് പോസ്‌റ്റര്‍ പ്രചാരണം തുടങ്ങിയ സംഭവങ്ങളിലും ഇവര്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ചന്ദ്രനഗറിലെ ആക്രമണത്തിനുശേഷം ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു നൂറണിയിലെത്തിയ ഇവര്‍ പാലക്കാട്-ഗുരുവായൂര്‍ ബസില്‍ പട്ടാമ്പിയിലേക്കു യാത്ര ചെയ്യുന്നതിനിടെ മങ്കരയില്‍വച്ചാണു പിടിയിലായത്. ആക്രമിക്കപ്പെട്ട റസ്‌റ്റോറന്റുകളിലെ സി.സി.ടിവി ദൃശ്യങ്ങളില്‍നിന്ന് ഇവര്‍ സംഘത്തിനൊപ്പം ഉണ്ടായിരുന്നതായി തെളിഞ്ഞു. പിടിയിലായ ശ്രീകാന്ത് ബിരുദാനന്തരബിരുദവും ബി.എഡും ഉള്ളയാളും അരുണ്‍ ജേര്‍ണലിസം പൂര്‍ത്തിയാക്കിയ ആളുമാണ്.








