Home » » മദ്യനയo കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പൂര്‍ണ പിന്തുണ.

മദ്യനയo കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പൂര്‍ണ പിന്തുണ.

Written By Unknown on Monday, 22 December 2014 | 18:30

തിരുവനന്തപുരം; മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മദ്യനയം മാറ്റുന്നതുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനുമായുള്ള ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും യോഗം ചുമതലപ്പെടുത്തി. മദ്യനയത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്ന് എം.എല്‍.എമാര്‍ അഭിപ്രായപ്പെട്ടതായി ബെന്നി ബഹനാന്‍ എം.എല്‍.എ യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരും പാര്‍ട്ടിയും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
 
അതേസമയം യോഗത്തില്‍ എം.എല്‍.എമാര്‍ വി.എം.സുധീരനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം  പ്രായോഗികത കൂടി കണക്കിലെടുത്താണ് കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ഭരണകാര്യങ്ങളാവുമ്പോള്‍ തീരുമാനങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവേണ്ടി വരും. എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കുക ബുദ്ധിമുട്ടാണെന്നും ഉമ്മന്‍ചാണ്ടി യോഗത്തില്‍ വ്യക്തമാക്കി. സുധീരന്റെ പല പ്രസ്താവനകളും സര്‍ക്കാരിനെ ദോഷകരമായി ബാധിച്ചു. മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് സമവായത്തിലെത്തുന്നതിന് ശ്രമിച്ചെങ്കിലും സുധീരന്‍ വഴങ്ങിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ നല്ല തീരുമാനങ്ങള്‍ക്കു പോലും പാര്‍ട്ടിയില്‍ നിന്ന് പിന്തുണ കിട്ടുന്നില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സുധീരന്റെ പല നിലപാടുകളും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് എക്‌സൈസ് മന്ത്രി കെ.ബാബു അടക്കമുള്ളവരും യോജിച്ചു. സുധീരന്റെ പല നിലപാടുകളും പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കുന്നതായി ബാബു പറഞ്ഞു. താന്‍ മാത്രമാണ് ശരിയെന്ന നിലയിലാണ് സുധീരന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.മുരളീധരന്‍ എം.എല്‍.എ സുധീരനെ രൂക്ഷമായി വിമര്‍ശിച്ചു. സുധീരന്‍ പാര്‍ട്ടിയെ ബാധിച്ച കാന്‍സറാണെന്നായിരുന്നു മുരളിയുടെ അഭിപ്രായം. കാന്‍സര്‍ വന്ന ഭാഗങ്ങള്‍ മുറിച്ച് നീക്കണമെന്നു വരെ മുരളീധരന്‍ പറഞ്ഞു. മദ്യനയത്തിലെ മാറ്റം ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ് വിളിക്കണമെന്നും മുരളി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പല തീരുമാനങ്ങളും ജനങ്ങളിലെത്തിക്കേണ്ട പാര്‍ട്ടി ആ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് പി.സി.വിഷ്ണുനാഥ് കുറ്റപ്പെടുത്തി. മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം ബൂമറാങായതായി പാലോട് രവി എം.എല്‍.എ പറഞ്ഞു. എന്നാല്‍ മദ്യനയത്തിലെ മാറ്റങ്ങള്‍ പലതും അറിഞ്ഞില്ലെന്നായിരുന്നു മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിപ്രായം. 418 ബാറുകള്‍ക്ക് ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് വി.ടി.ബല്‍റാം ആവശ്യപ്പെട്ടു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.