Home » » വിശ്വ ഹിന്ദു പരിഷത്ത്‌ നേതാവ്‌ പ്രവീണ്‍ തൊഗാഡിയയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

വിശ്വ ഹിന്ദു പരിഷത്ത്‌ നേതാവ്‌ പ്രവീണ്‍ തൊഗാഡിയയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

Written By Unknown on Saturday, 13 December 2014 | 08:30

കാഞ്ഞങ്ങാട്‌: വിശ്വ ഹിന്ദു പരിഷത്ത്‌ നേതാവ്‌ പ്രവീണ്‍ തൊഗാഡിയയെ ഹൊസ്‌ദുര്‍ഗ്‌ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ പ്രസംഗിച്ച സംഭവത്തില്‍ പ്രവീണ്‍ തൊഗാഡിയ എവിടെയുണ്ടെന്ന്‌ വിവരമില്ലെന്ന പോലീസ്‌ റിപ്പോര്‍ട്ട്‌ ജുഡീഷ്യല്‍ ഒന്നാം മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്‌.
2011 ഏപ്രില്‍ 30ന്‌ ഹിന്ദു ഐക്യവേദി സംസ്‌ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യവെയായിരുന്നു തൊഗാഡിയയുടെ വിദ്വേഷ പ്രസംഗം. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട തൊഗാഡിയ, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനെ അനുവദിക്കൂ എന്നും പ്രസംഗിച്ചിരുന്നു. ഇത്‌ വിവാദമായതോടെ തൊഗാഡിയയുടെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച്‌ പോലീസ്‌ സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 23 പേര്‍ സാക്ഷികളാണ്‌.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും കുറ്റപത്രം അപൂര്‍ണ്ണമെന്ന്‌ ചൂണ്ടിക്കാട്ടി കോടതി മടക്കിയിരുന്നു. തുടര്‍ന്ന്‌ തിരുത്തലുകളോടെ കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം തൊഗാഡിയയെ അറസ്‌റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും എവിടെയുണ്ടെന്ന്‌ വിവരമില്ലെന്നും പോലീസ്‌ കോടതിയെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ്‌ കോടതി തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.