Home » » ഏകപക്ഷീയമായ മൂന്നു ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‌ തകര്‍പ്പന്‍ ജയം.

ഏകപക്ഷീയമായ മൂന്നു ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‌ തകര്‍പ്പന്‍ ജയം.

Written By Unknown on Saturday, 13 December 2014 | 08:38

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സെമിഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‌ തകര്‍പ്പന്‍ ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളിനാണ്‌ ചെന്നൈയിന്‍ എഫ്‌സിയെ കേരളം കീഴടക്കിയത്‌. കളിയുടെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റമായിരുന്നു കാണാന്‍ സാധിച്ചത്‌. ടീം ഉടമ സച്ചിന്‍ തെണ്‌ടുല്‍ക്കറുടെ സാന്നിധ്യം പകര്‍ന്ന ആത്മവിശ്വാസവും ഗാലറികളില്‍ തിങ്ങി നിറഞ്ഞ ആരാധകരുടെ ആവേശവും ആവാഹിച്ചെടുത്ത്‌ കൊമ്പന്‍മാര്‍ നടത്തിയ ആക്രമണത്തില്‍ ചെന്നൈ എഫ്‌സി നിഷ്‌പ്രഭരാകുന്ന കാഴ്‌ചയാണ്‌ കൊച്ചിയില്‍ കണ്‌ടത്‌.

ഐഎസ്‌എല്‍ നിയമപ്രകാരം ഹോംമാച്ചുകളില്‍ വഴങ്ങുന്ന ഓരോ ഗോളിനും മൂല്യം ഇരട്ടിയാണ്‌. അതിനാല്‍ തന്നെ ബ്ലാസ്റ്റേഴ്‌സ്‌ കളിയുടെ തുടക്കം മുതല്‍ ചെന്നൈ ഗോള്‍ മുഖത്തേക്ക്‌ ആക്രമിച്ച്‌ കളിച്ചു. കളിയുടെ 27-ാം മിനിറ്റിലാണ്‌ ബ്ലാസ്റ്റേഴ്‌സ്‌ ചെന്നൈയിനെതിരേ ആദ്യ ഗോള്‍ നേടിയത്‌. ഇഷ്‌ഫാഖ്‌ അഹമ്മദാണ്‌ ചെന്നൈയിന്റെ വല ചലിപ്പിച്ചത്‌. രണ്‌ടു മിനിറ്റിനു ശേഷം സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമും ഗോള്‍ നേടി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കേരള ആരാധകരെ ഇളക്കി മറിച്ചു. കളിയുടെ അവസാന മിനിറ്റില്‍ മലയാളിയായ സുഷാന്ദ്‌ മാത്യുവാണ്‌ മൂന്നാം ഗോള്‍ നേടിയത്‌.

ചെന്നൈയിന്‍ എഫ്‌സിക്കെതിരേ ചെന്നൈയില്‍ നടക്കുന്ന രണ്‌ടാം പാദ സെമിയും കൂടി ജയിച്ചാല്‍ കേരളത്തിന്‌ ഐഎസ്‌എല്ലിന്റെ ഫൈനലില്‍ കടക്കാം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.