ന്യൂഡല്‍ഹി: രാജ്യത്തെ ക്രൈസ്‌തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്ന കേന്ദ്രമന്ത്രി സാധ്വി നിരഞ്‌ജന്‍ ജ്യോതിയുടെ പ്രസംഗം അപലപനീയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിലെ ഇരു സഭകളേയും അഭിമുഖീകരിച്ച് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നല്‍കിയ വിശദീകരണം തൃപ്‌ത്തി വരാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ രാജ്യസഭ ഉച്ചവരെ നിര്‍ത്തിവച്ചു.
അനുചിതമായ പ്രസംഗമെന്ന് വിശേഷിപ്പിച്ച മോദി ഇത്തരം ഭാഷാപ്രയോഗത്തെ ഞാന്‍ ശക്‌തമായി നേരത്തേയും വിമര്‍ശിച്ചിരുന്നതായും പ്രസംഗിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം എന്നതിന്റെ ഏറ്റവും വലിയ പാഠമാണ് ഇതെന്നും പറഞ്ഞു. വിവാദ പ്രസംഗത്തിന് മന്ത്രി ലോക്‌സഭയില്‍ മാപ്പു പറഞ്ഞതാണ്. ഇത് അംഗീകരിച്ച് പ്രതിപക്ഷം സഭാനടപടികള്‍ തുടരാന്‍ അനുവദിക്കണം. ഇതിന് സഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ മുന്‍കൈയെടുക്കണംപ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ രാജ്യത്തെ െ്രെകസ്‌തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നും ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്‌ഥാനമില്ലെന്നുമായിരുന്നു സാധ്വി നിരഞ്‌ജന്‍ ജ്യോതിയുടെ പ്രസംഗം. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വരികയും ചെയ്‌തു. പ്രധാനമന്ത്രിയുടെ വിശദീകരണം തെറ്റിനെ ശരി വെയ്‌ക്കുകയാണെന്നും മന്ത്രി സ്‌ഥാനം സാധ്വി രാജി വെയ്‌ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
മാപ്പര്‍ഹിക്കാത്ത കുറ്റമാണ് കേന്ദ്രമന്ത്രി ചെയ്‌തതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. സത്യപ്രതിജ്‌ഞാലംഘനം നടത്തിയ സാധ്വിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്ന് സി.പി.എം. അംഗം സീതാറാം യെച്ചൂരി രാജ്യസഭയില്‍ പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ലോക്‌സഭയിലും പ്രതിപക്ഷം ബഹളം വച്ചു.









