പാലക്കാട്: അട്ടപ്പാടി ഫോറസ്റ്റ് ഓഫീസില് പുലര്ച്ചെ നടന്നത് മാവോയിസ്റ്റ് ആക്രമണമാണെന്ന് സ്ഥിരീകരണമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില് വിദഗ്ദ്ധമായ പോലീസ് അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടി മുക്കാലിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് നേരെ പുലര്ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം.
അക്രമികള് ഓഫീസിന് മുന്നില് കിടന്നിരുന്ന ജീപ്പിന് തീയിട്ടു. വാതിലും ജനലും തകര്ത്ത് അകത്തു കടന്ന് കമ്പ്യൂട്ടറുകളും ഫയലുകളും നശിപ്പിച്ചു. പതിനാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. ആക്രമണത്തില് ആര്ക്കും പരിക്കേറ്റതായി റിപ്പോര്ട്ടില്ല.
വയനാടിന് പിന്നാലെയാണ് പാലക്കാട്ടും ആക്രമണം നടന്നിട്ടുള്ളത്. ഓഫീസിന്റെ മതിലില് വ്യാപകമായി പതിച്ചിട്ടുള്ള പോസ്റ്ററുകള് മാവോയിസ്റ്റ് ആക്രമണമാണ് നടന്നതെന്ന സൂചനകള് നല്കുന്നു. അട്ടപ്പാടി ആദിവാസി മേഖലയിലും വനഭൂമിയിലും സര്ക്കാര് സഹായത്തോടെയുള്ള വനംവകുപ്പിന്റെ അക്രമം ചെറുത്തു തോല്പ്പിക്കണമെന്നും മാധവ് ഗാഡ്ഗില് കസ്തൂരിരംഗന് കമ്മീഷന് റിപ്പോര്ട്ടുകള് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്നും പോസ്റ്ററില് പറയുന്നു.
അട്ടപ്പാടി പാക്കേജിന്റെ പേരില് സര്ക്കാര് നടത്തുന്ന ആദിവാസി പീഡനം അവസാനിപ്പിക്കണമെന്നും ഇതിനായി സായുധപോരാട്ടം നടത്തുമെന്നും പോസ്റ്ററില് പറഞ്ഞിട്ടുണ്ട്. മതില് നിറയെ പോസ്റ്ററുകളാണ്. ആഴ്ചകള്ക്ക് മുമ്പ് വയനാട്ടിയിലും സമാനമായ രീതിയില് ആക്രമണം നടന്നിരുന്നു. സംഭവത്തില് പോലീസ്അന്വേഷണം തുടങ്ങി.








