മാനന്തവാടി: ഹോസ്‌റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്ന ആദിവാസി ബാലന്‍ ചികിത്സ കിട്ടാതെ മരിച്ചു. തലപ്പുഴ ട്രൈബല്‍ ഹോസ്‌റ്റലില്‍ താമസിച്ചു പഠിക്കുന്ന പനമരം നീര്‍വാരം മണിക്കോട് കോളനിയിലെ പരേതനായ ബാലന്റെ മകന്‍ എ.വി സുഭാഷാ(15)ണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്‌റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡു ചെയ്‌തു. മുഴുവന്‍ ജീവനക്കാരെയും സ്‌ഥലം മാറ്റി. അന്വേഷണം നടത്താന്‍ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്‌മി നിര്‍ദേശിക്കുകയും ചെയ്‌തു. പനി കൂടുതലായ കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ ഹോസ്‌റ്റല്‍ പരിസരത്ത് ബഹളമുണ്ടാക്കി. തുടര്‍ന്ന് മാനന്തവാടി സബ് കളക്‌ടര്‍ ശീറാം സാംബ ശിവറാവു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു, മാനന്തവാടി ട്രൈബല്‍ ഓഫീസര്‍ വാണീദാസ് എന്നിവര്‍ സ്‌ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്നാണ് ഹോസ്‌റ്റല്‍ വാര്‍ഡന്‍ ലിപിന്‍ എന്നയാളെ സസ്‌പെന്‍ഡ് ചെയ്‌തത്.
തലപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10-ാം തരം വിദ്യാര്‍ഥിയാണ് സുഭാഷ്. ഞായറാഴ്‌ച രാത്രിയോടെ സുഭാഷിന് തലവേദനയും പനിയും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഹോസ്‌റ്റല്‍ വാര്‍ഡന്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്, തിങ്കളാഴ്‌ച രാവിലെ കുട്ടിയുടെ നില ഗുരുതരമായി. രാവിലെ 9.30 ഓടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. സംഭവം അന്വേഷിക്കുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പി. കെ. ജയലക്ഷ്‌മിയുടെ ഓഫീസ് അറിയിച്ചു. ഇതിനായി ട്രൈബല്‍ ഡെപ്യുട്ടി ഡയറക്‌ടര്‍ എസ്. സുദര്‍ശനനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രൈബല്‍ ഓഫീസര്‍ വാണീദാസ് ഹോസ്‌റ്റല്‍ സന്ദര്‍ശിച്ച് മറ്റു കുട്ടികളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. ഹോസ്‌റ്റലില്‍ വയനാട്ടിലെ വിവിധ കോളനികളില്‍ നിന്നുള്ള 64 വിദ്യാര്‍ഥികളാണ് താമസിച്ചു പഠിക്കുന്നത്. സുഭാഷിന്റെ പിതാവ് ബാലന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. മാതാവ് സിന്ധു മക്കളെ ഉപേക്ഷിച്ച് പോയി. സഹോദരങ്ങള്‍ സുനില്‍, സുചിത്ര, ബിന്ദു.







